2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

‘മര്‍ദനമേറ്റവര്‍ അറസ്റ്റിലായി; മര്‍ദിച്ചവരോ..’

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം തുടരുന്നു. ആക്രമിക്കപ്പെട്ടവര്‍ അറസ്റ്റിലാവുകയും അക്രമികളെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന വിചിത്ര നിയമപാലനമാണ് നടക്കുന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധിക്കുന്നവര്‍ പറയുന്നത്.

തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധ പ്രവര്‍ത്തകന്‍ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയാണ് മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നത്. വാറന്‍ഡില്ലാതെ ഇവരുടെ വീടുകളിലെത്തിയ പൂനെ പൊലിസ് വീടുകള്‍ റെയ്ഡ് ചെയ്ത ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍, പൊലിസ് നടപടിയെ വിമര്‍ശിച്ച സുപ്രിംകോടതി, അഞ്ചു പേരുടെയും അറസ്റ്റ് തടയുകയും സെപ്റ്റംബര്‍ ആറുവരെ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
ഇവര്‍ക്കെതിരേ തീവ്രവാദികളെ സഹായിച്ചെന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തുകയും മാവോവാദി ബന്ധം ആരോപിക്കുകയും ചെയ്ത പൊലിസ്, കോടതിയിലും അത് ആവര്‍ത്തിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് ഹിന്ദു ഏകതാ മഞ്ചിനെയും മറ്റൊരു തീവ്ര സംഘടനയുടെ നേതാവിനെയുമാണ്. ഇതില്‍ ഹിന്ദു ഏകതാ മഞ്ച് നേതാവിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചു. മറ്റേയാള്‍ ഇതുവരെ അറസ്റ്റിലായിട്ടുമില്ല.
ദലിതരും ഉയര്‍ന്ന ജാതിക്കാരും തമ്മില്‍ ഭീമ കൊറേഗാവില്‍ നടന്ന പ്രശ്‌നത്തില്‍ എഫ്.ഐ.ആറില്‍ പേരില്ലാത്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് ഈ കേസിന്റെ പേരില്‍ കഴിഞ്ഞ ദിവസം വീടുവളഞ്ഞ് പൊലിസ് അറസ്റ്റ് ചെയ്തത്. അതുകൊണ്ടാണ് ആക്രമിക്കപ്പെട്ടവന്‍ പിടിക്കപ്പെടുകയും അക്രമി രക്ഷപ്പെടുകയും ചെയ്യുന്നെന്നു പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
മാവോവാദികള്‍ക്കു സാമ്പത്തിക സഹായവും ആയുധ സഹായവും നല്‍കിയെന്ന വിശ്വാസയോഗ്യമല്ലാത്ത ആരോപണങ്ങളാണ് ഇവര്‍ക്കെതിരേ പൊലിസ് ഉന്നയിക്കുന്നത്. എന്നാല്‍, അഭിപ്രായ ഭിന്നത ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണെന്ന സുപ്രധാന നിരീക്ഷണം നടത്തിയാണ് സുപ്രിംകോടതി ഇവരുടെ അറസ്റ്റ് തടഞ്ഞത്.

വരവര റാവുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്

ഹൈദരാബാദ്: വാറന്‍ഡില്ലാതെ വീട്ടിലെത്തി പരിശോധന നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പൊലിസിനെതിരേ വരവര റാവുവിന്റെ കുടുംബം സുപ്രിംകോടതിയെ സമീപിക്കുന്നു. അദ്ദേഹത്തിന്റെ മരുമകന്‍ പ്രൊഫ. കെ. സത്യനാരായണയാണ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഇഫ്‌ലു യൂനിവേഴ്‌സിറ്റിയുടെ ഇന്റര്‍ ഡിസിപ്ലിനറി ഡീനും കള്‍ച്ചറല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ സത്യനാരായണ, പൊലിസ് തീവ്രവാദിയോടെന്നപോലെയാണ് തന്നോടു പെരുമാറിയതെന്നും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും സമ്മതിച്ചില്ലെന്നും ആരോപിച്ച് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.