2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മരണ രംഗം വീട്ടുകാര്‍ക്ക് ലൈവായി കാണിച്ച് ബഹ്‌റൈനില്‍ പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

ഉബൈദുല്ല റഹ്മാനി

മനാമ: സ്വന്തം മരണ രംഗം വീട്ടുകാര്‍ക്ക് ലൈവ് വീഡിയോ വഴി കാണിച്ച് ബഹ്‌റൈനില്‍ യുവാവ് ആത്മഹത്യ ചെയ്തു. തെലുങ്കാന സ്വദേശി ചെന്നമേനി സതീഷ് (26) ആണ് മൊബൈലില്‍ ഐ.എം.ഒ വഴി വീഡിയോ കാള്‍ ചെയ്തു കൊണ്ടിരിക്കെ റൂമിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചത്.

ബഹ്‌റൈനിലെ താമസ സ്ഥലത്ത് വെച്ച് നാട്ടിലുള്ള ഭാര്യ, അമ്മ, മക്കള്‍ എന്നിവരുമായി ഓണ്‍ലൈനില്‍ വീഡിയോ ചാറ്റിംഗ് നടത്തിക്കൊണ്ടിരിക്കെയാണ് സതീഷ് ആത്മഹത്യ ചെയ്തതെന്ന് സതീഷിന്റെ സുഹൃത്തും തെലുങ്കാന സ്വദേശിയുമായ കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.

വീട്ടുകാര്‍ ഉടന്‍ തന്നെ ബഹ്‌റൈനിലെ സുഹൃത്തുക്കളെയും അവര്‍ മുഖേനെ പൊലിസിനേയും വിവരം അറിയിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

26 കാരനായ യുവാവ് തങ്ങളുടെ കണ്‍മുന്നില്‍ പിടഞ്ഞു തീരുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനെ വീട്ടുകാര്‍ക്ക് കഴിഞ്ഞുള്ളുവെന്നും സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയുടെ കാരണമായി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സതീഷിന് 10 വയസ്സിനു താഴെയുള്ള രണ്ട് ആണ്‍മക്കളാണുള്ളത്.

സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി അറിയിച്ചു.

ബഹ്‌റൈനില്‍ ഈ മാസം ഇത് ആറാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 27 ഇന്ത്യക്കാരാണ് ബഹ്‌റൈനില്‍ മാത്രം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് എരുമേലി ചുങ്കത്തറ സ്വദേശിയായ 29കാരി നിസമോള്‍ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്തത്.

ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ ബോധവത്കരണങ്ങള്‍ ആവശ്യമാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ക്കിടയില്‍ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് പ്രവാസികളെ ഞെട്ടിച്ച് ഒരു യുവാവ് വീട്ടുകാര്‍ക്കു മുമ്പില്‍ ലൈവായി ആത്മഹത്യ ചെയ്തിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.