2018 July 12 Thursday
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം
- എ.പി.ജെ അബ്ദുല്‍ കലാം

മരണക്കിടക്കയിലും ലിനി ആരോഗ്യജാഗ്രത പുലര്‍ത്തി: മന്ത്രി ടി.പി രാമകൃഷ്ണന്‍

 

കോഴിക്കോട്: നിപാ ബാധിച്ച് ചികിത്സയിലായിരുന്നപ്പോഴും ആരോഗ്യ പ്രവര്‍ത്തകരുടെ ജാഗ്രത ഉയര്‍ത്തിപ്പിടിച്ച ലിനി നഴ്‌സിങ് സമൂഹത്തിന് അഭിമാനമാണെന്നു മന്ത്രി ടി.പി രാമകൃഷ്ണന്‍. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ (കെ.ജി.എന്‍.എ) സംഘടിപ്പിച്ച ലിനി അനുസ്മരണവും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കു നിപായാണെന്നു സംശയിക്കുന്നതായും ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റണമെന്നും ലിനി സ്വയം ആവശ്യപ്പെടുകയായിരുന്നു. മരണത്തിലേക്കു നീങ്ങുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും നഴ്‌സിന്റെ നിതാന്തജാഗ്രത അവര്‍ പുലര്‍ത്തിയെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ മേന്മയുടെ പ്രതീകമാണു നിപയെ അതിജയിച്ച അജന്യയെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തു രണ്ടാമത്തെ മരണത്തോടെ നിപായെ തിരിച്ചറിഞ്ഞ ആദ്യസംഭവം കേരളത്തിലേതാണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ നഴ്‌സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ 3,000 പുതിയ തസ്‌കിത സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനിച്ച വിവരം മന്ത്രി അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി. സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. നിപാകാലത്തു ജോലി ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നഴ്‌സുമാരെയും നിപായെ അതിജയിച്ച കൊയിലാണ്ടി സ്വദേശി അജന്യയെയും ആദരിച്ചു.
ലിനിയുടെ മാതാവ്, മക്കള്‍, സഹോദരി എന്നിവര്‍ക്കു സംഘടനയുടെ ധനസഹായം മന്ത്രി കൈമാറി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ലിനിയുടെ ഭര്‍ത്താവ് സജീഷ്, മക്കളായ ഋതുല്‍, സിദ്ധാര്‍ഥ്, സഹോദരി ലിജി, കെ.ജി.എന്‍.എ ജനറല്‍ സെക്രട്ടറി പി. ഉഷാദേവി, ട്രഷറര്‍ എന്‍.ബി സുധീഷ് കുമാര്‍ സംബന്ധിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.