2018 April 14 Saturday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

മയക്കും മരുന്ന്

ടി.പി.

ലോകം നേരിടുന്ന മുഖ്യ ഭീഷണികളിലൊന്നാണ് മയക്കുമരുന്ന്. മയക്കുമരുന്നുകളുടെ ഉപയോഗം ശാരീരിക -മാനസിക സാമൂഹിക ബോധത്തെ തകര്‍ക്കുകയും കുറ്റകൃത്യങ്ങള്‍ക്കു വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരു തലമുറയുടെ ഇച്ഛാശക്തിയും ദിശാബോധവും നഷ്ടമാക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം, നിര്‍മാണം, വിപണനം എന്നിവ ലോകരാജ്യങ്ങളിലെ നിയമവ്യവസ്ഥകളില്‍ വന്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മയക്കുമരുന്നുകളെക്കുറിച്ച് കൂടുതല്‍ വായിക്കാം

അഴിയാക്കുരുക്ക്

മയക്കുമരുന്നിന്റെ ചുഴിയില്‍ അകപ്പെടുന്ന ഒരാള്‍ക്ക് മരുന്നിന്റെ ആകര്‍ഷണന വലയം ഭേദിച്ച് പുറത്തു കടക്കല്‍ പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ മയക്കു മരുന്നിന്റെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് ബോധവാന്മാരായി ഈ കുരുക്കിലകപ്പെടാതെ സൂക്ഷിക്കലാണ് ഏറെ എളുപ്പം.

പൈഡ് പെപ്പര്‍
ഓഫ് ഹാംലിന്‍

ഈ കഥ പല കൂട്ടുകാരും വായിച്ചു കാണും. ലോക പ്രശസ്തമായ ഈ നാടോടിക്കഥ നടക്കുന്നത് ജര്‍മ്മനിയിലെ ഹാംലിന്‍ എന്ന പട്ടണത്തിലാണ്. എലികളെക്കൊണ്ട് പ്രയാസമനുഭവിച്ചിരുന്ന ഹാംലിന്‍ പട്ടണത്തിലെ മേയര്‍ എലികളെ കൊന്നൊടുക്കുന്നവര്‍ക്ക് ആയിരം ഗില്‍ഡര്‍ വാഗ് ദാനം ചെയ്യുന്നു. ഈ സമയത്താണ് വര്‍ണവസ്ത്രങ്ങള്‍ ധരിച്ച ഒരു കുഴലൂത്തുകാരന്‍ പട്ടണത്തിലെത്തിയത്. അയാള്‍ തന്റെ കുഴലില്‍ ഊതുന്നതിനനുസരിച്ച് എലികള്‍ പിന്നാലെ കൂടാന്‍ തുടങ്ങി. ഒടുവില്‍ മുഴുവന്‍ എലികളേയും വീസര്‍ നദിയില്‍ മുക്കി കൊന്നു. ജോലി നിര്‍വ്വഹിച്ച ശേഷം പ്രതിഫലത്തിനായി മേയറുടെ അടുത്തെത്തിയ കുഴലൂത്തുകാരന് വാഗ്ദാനം ചെയ്ത പ്രതിഫലം ലഭിച്ചില്ല. അമര്‍ഷം പൂണ്ട അയാള്‍ തന്റെ കുഴലിന്റെ മാസ്മരിക ശക്തിയാല്‍ നഗരത്തിലെ കുട്ടികളെ മുഴുവന്‍ പിന്നാലെ കൂട്ടി എങ്ങോട്ടോ കൊണ്ടു പോകുന്നു. മയക്കുമരുന്നും ഒരര്‍ഥത്തിലെ ഹാംലിനിലെ കുഴലൂത്തുകാരനെ പോലെയാണ്. ആകര്‍ഷണ വലയത്തില്‍ കുരുങ്ങുന്ന ഓരോരുത്തരും സ്വന്തം ജീവിതം ഹോമിക്കപ്പെടും
ലഹരി പകരും മരുന്ന്

ശരീര വേദനകളെ തിരിച്ചറിയാതിരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളാണ് വേദനസംഹാരികള്‍. ചികിത്സാ രംഗത്ത് ഇത്തരം മരുന്നുകളുടെ പ്രസക്തി വളരെ വലുതാണ്. മുറിവേറ്റ് ചികിത്സ തേടിയെത്തുന്നവര്‍തൊട്ടു കാന്‍സര്‍ രോഗികള്‍ വരെ വേദന അറിയാതിരിക്കാന്‍ സഹായിക്കുന്നത് ഇത്തരം മരുന്നുകളാണ്. എന്നാല്‍ ചികിത്സയ്ക്കു വേണ്ടിയല്ലാതെ ദുരുപയോഗം ചെയ്യുന്ന ധാരാളം വേദനാസംഹാരികളുണ്ട്. ഇവ രോഗികളല്ലാത്തവരില്‍ ലഹരി സൃഷ്ടിക്കുന്നു. ഇത്തരം മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം അടിമത്തമുണ്ടാക്കുകയും
മരുന്നുകളുടെ ലഭ്യതയ്ക്കു വേണ്ടി ക്രൂരകൃത്യങ്ങളിലേര്‍പ്പെടാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഉത്തേജകം ലഭിക്കുന്ന മരുന്നുകളാണ് ലഹരി പദാര്‍ഥങ്ങളുടെ മറ്റൊരു വിഭാഗം. ബുദ്ധി ഭ്രമമുണ്ടാക്കുന്നവയും മയക്കമുണ്ടാക്കുന്നവയും മയക്കു മരുന്നുകളിലെ മറ്റ് വിഭാഗക്കാരാണ്.

അഡിക്ഷന്‍

ഏതെങ്കിലും ഒരു പദാര്‍ഥത്തോട് മാനസികമായ വിധേയത്വമാണ് അഡിക്ഷന്‍ എന്ന് പറയാം. പദാര്‍ത്ഥത്തിന്റെ ഉപയോഗത്തിന് വേണ്ടിയുള്ള ഉള്‍പ്രേരണ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് ഒരാള്‍ പദാര്‍ത്ഥത്തോട് അഡിക്റ്റായി മാറുന്നത്. മയക്കു മരുന്നുകള്‍ക്ക് അഡിക്റ്റായ ഒരു വ്യക്തിക്ക് പദാര്‍ഥത്തോട് എത്ര തന്നെ വിട്ടുനിന്നാലും പഴയ വ്യക്തിത്വവും ഊര്‍ജ്ജസ്വലതയും വീണ്ടെടുക്കാന്‍ സാധിക്കാത്തതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു.

ഭാംഗും മജൂനും

കഞ്ചാവിനു ഹിന്ദിയില്‍ ഭാംഗ് എന്നു പേരുണ്ട്. പാലാഴി മഥനം നടന്നപ്പോള്‍ പരമശിവന്‍ കഞ്ചാവ് ചെടിയുടെ സത്തില്‍ നിന്നാണെന്നും ആ അമൃത് കലശത്തില്‍നിന്നു താഴെ വീണ തുള്ളികളാണ് ഭാംഗ് സസ്യമായി മാറിയതെന്നുമുള്ള ഐതിഹ്യം വടക്കെ ഇന്ത്യയില്‍ നില നില്‍ക്കുന്നതിനാല്‍ തന്നെ അവരുടെ പല ആഘോഷങ്ങള്‍ക്കും കഞ്ചാവ് ഒഴിച്ചു കൂടാവാനാത്ത പദാര്‍ഥമാണ്. നമ്മുടെ പുരാണത്തിലെ സോമ, സുര- രസ പാനീയങ്ങള്‍ നല്ല ഒന്നാന്തരം മയക്കു മരുന്നുകളാണ്. വടക്കെ ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ളത് പാനീയ രൂപത്തിലുള്ള ഭാംഗ് ആണ്. കഞ്ചാവു ചെടിയുടെ ഉണങ്ങിയ ഇല, പൂവ്, തേന്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ ചേര്‍ത്താണ് ഭാംഗ് നിര്‍മ്മിക്കുന്നത്.രജപുത്രര്‍ യുദ്ധത്തിന് മുന്നോടിയായി ഭാംഗ് കുടിക്കാറുണ്ടായിരുന്നു.ഭാംഗ് പാനീയ രൂപത്തിലല്ലാതെ ഉണങ്ങിയ ഇല,പുഷ്പിതാഗ്രം,കണ്ഡ ഭാഗങ്ങള്‍ എന്ന എടുത്ത് പുകവലി രൂപത്തിലും ഉപയോഗിച്ച് വരുന്നു.ഭാംഗില്‍ കഞ്ചാവ് ചെടിയുടെ വിത്ത് കൂടി ചേര്‍ത്താണ് മരിജുവാന എന്ന അസംസ്‌കൃത രൂപം ലഭിക്കുന്നത്. ഭാംഗില്‍ മാവ്, പഞ്ചസാര, പാല്‍, വെണ്ണ, ബദാം തുടങ്ങിയ വസ്തുക്കള്‍ അരച്ച് നിര്‍മിക്കുന്ന മധുരപലഹാരമാണ് മജൂന്‍.

രാജസ്ഥാന്റെ സ്വന്തം ഭാംഗ് ഷോപ്പ്

നമ്മുടെ സംസ്ഥാനത്തെ മദ്യ വില്‍പ്പന കേന്ദ്രം പോലെയാണ് രാജസ്ഥാനില്‍ ഭാംഗ് ഷോപ്പുകള്‍. രാജസ്ഥാന്‍ സര്‍ക്കാര്‍ നേരിട്ട് വില്‍പ്പന നടത്തുന്ന ഭാംഗ് ഷോപ്പുകളില്‍ ചെന്ന് ഭാംഗ് കുടിക്കാനുള്ള മാനദണ്ഡം പതിനെട്ട് വയസ് പൂര്‍ത്തിയാകണം എന്നു മാത്രമാണ്.

കറുപ്പ്

മനുഷ്യന്റെ കണ്ടെത്തലില്‍ ഏറ്റവും ശക്തമായ മയക്കുമരുന്നാണ് കറുപ്പ്. മയക്കു മരുന്നുകളുടെ രാജാവ് എന്ന പേരിലാണ് കറുപ്പ് അറിയപ്പെടുന്നത്. ഓപ്പിയം പോപ്പി എന്ന കാബേജ് വര്‍ഗത്തില്‍പെട്ട വിഷച്ചെടിയില്‍ നിന്നാണ് കറുപ്പ് നിര്‍മിക്കുന്നത്. വൈറ്റ് പോപ്പി എന്നും ഇവയ്ക്ക് പേരുണ്ട്. ഔഷധമായും മയക്കു മരുന്നായും ലോകത്തിന്റെ പലഭാഗങ്ങളിലും ഓപ്പിയം പോപ്പി കൃഷി ചെയ്തു വരുന്നു. ഓപ്പിയം പോപ്പിയുടെ മൂത്ത കായ്കളുടെ തൊലിയില്‍ മുറിവുണ്ടാക്കിയെടുക്കുന്ന കറയാണ് കറുപ്പ്. ഓപ്പിയം എന്നും കറുപ്പിനു പേരുണ്ട്. ഗ്രീക്ക് വാക്കിന്റെ അര്‍ഥമെന്താണെന്നോ പഴച്ചാറ്. മയക്കു മരുന്നായാണ് അറിയപ്പെടുന്നതെങ്കിലും പല ഔഷധങ്ങളിലും കറുപ്പ് ഒരു ഘടകമാണ്.

ആളെക്കൊല്ലും കറുപ്പ്

ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള സുമേറിയന്‍ ലിഖിതങ്ങളില്‍ ഓപ്പിയം കൃഷിയെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ചരിത്രത്തിലെ കറുപ്പ് യുദ്ധങ്ങളെക്കുറിച്ച് പല കൂട്ടുകാര്‍ക്കും പഠിക്കാനുണ്ട്. ബ്രിട്ടനും ചൈനയും തമ്മില്‍ 1839 മുതല്‍ 1842 വരെയും 1856 മുതല്‍ 58 വരെയും ഒന്നും രണ്ടും കറുപ്പ് യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. എന്താണ് കറുപ്പ് യുദ്ധമെന്ന് കൂട്ടുകാര്‍ക്കറിയാം എന്നാല്‍ ആ പരസ്യത്തിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. കറുപ്പിന്റെ വ്യാപക ഉപയോഗം മൂലം ചൈനയില്‍ കുറ്റകൃത്യങ്ങള്‍ ഏറി വന്നപ്പോള്‍ ചൈനീസ് ഭരണകൂടം കറുപ്പിന്റെ വിപണനം നിരോധിച്ചു. എന്നാല്‍ ബ്രിട്ടന്‍ ചൈനയില്‍ കച്ചവടാവകാശമുണ്ടെന്ന പേരില്‍ ഈ നിരോധനം വകവച്ചില്ല.
ബ്രിട്ടണ്‍ ധാരാളമായി ചൈനയില്‍ കറുപ്പ് ഇറക്കുമതി ചെയ്തു. ചൈനയുടെ എതിര്‍പ്പ് ശക്തമായതോടെ ബ്രിട്ടണ്‍ ഹോങ്കോങിലേക്ക് പിന്മാറ്റം നടത്തി ചൈനയോട് യുദ്ധം ചെയ്യാന്‍ തുടങ്ങി. ചൈനീസ് ഗവണ്‍മെന്റിന്റെ ഇറക്കുമതി നിയമത്തിനെതിരേയും നികുതി വര്‍ധനവിനെതിരേയുമാണ് തങ്ങളുടെ യുദ്ധമെന്നാണ് ബ്രിട്ടണ്‍ ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്തിയത്. എന്നാല്‍ കറുപ്പിന്റെ വിപണിക്ക് വേണ്ടിയായിരുന്നു യുദ്ധമെന്നതായിരുന്നു സത്യം.

കഞ്ചാവ്

മാധ്യമങ്ങളിലെ നിത്യവാര്‍ത്തകളിലൊന്നായി മാറിയിരിക്കുകയാണ് കഞ്ചാവു വേട്ട. കഞ്ചാവ് ചെടിയുടെ സസ്യശാസ്ത്ര നാമം കന്നാബിസ് സാറ്റൈവ എന്നാണ്. കഞ്ചാവ് ചെടിയുടെ പൂവുള്ള കറുപ്പു കലര്‍ന്ന പച്ചനിറമുള്ള ഭാഗത്തെയാണ് കഞ്ചാവ് എന്നു വിളിക്കുന്നത്. ഇവ ഉണക്കിയെടുത്താണ് കഞ്ചാവുണ്ടാക്കുന്നത്. പുകയില രൂപത്തില്‍ വലിച്ചാണ് കഞ്ചാവിന്റെ വ്യാപക ഉപയോഗം നടക്കുന്നത്. കഞ്ചാവ് ചെടിയിലെ ആണ്‍ ചെടിയിലും പെണ്‍ ചെടിയിലും കാണുന്ന ഡെല്‍റ്റ 9 ടെട്ര ഹൈഡ്രോകന്നാബിനോള്‍ ആണ് ലഹരിക്ക് കാരണം. കഞ്ചാവില്‍ നിന്നുണ്ടാക്കുന്ന മയക്കുമരുന്നുകളാണ് ഹഷീഷ്, മജൂന്‍, ഭാംഗ് തുടങ്ങിയവ. ഹഷീഷ് എന്നാല്‍ കഞ്ചാവ് ചെടിയുടെ പൂവുള്ള ഭാഗത്തുനിന്നു ലഭിക്കുന്ന കറയാണ്. ചരസ്, റാപ്, തൂഫ് ,ഡോപ് എന്നീ പേരുകളും ഇവയ്ക്കുണ്ട്. ഇവ ചൂടുപിടിപ്പിച്ച് പൊടിയാക്കി പുകയിലയ്‌ക്കൊപ്പം ചേര്‍ത്ത് ഉപയോഗിക്കുകയാണ് പതിവ്. ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് പേരുകേട്ട സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. കഞ്ചാവ് ചെടികള്‍ വെട്ടി നശിപ്പിക്കാനും വിപണനം തടസപ്പെടുത്താനും നിയമ പാലകര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും കഞ്ചാവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന കേസുകള്‍ വര്‍ധിച്ച് വരികയാണ്.

ഓപ്പിയം ഫുഡ്

പൗരാണിക റോം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ തങ്ങളുടെ പട്ടാളക്കാരെക്കൊണ്ട് ധാരാളമായി കറുപ്പ് അകത്താക്കിച്ചിരുന്നു. എന്തിനാണെന്നോ? മരണ ഭയമില്ലാതെ രാജാവിനു വേണ്ടി യുദ്ധം ചെയ്യാന്‍. പല രാജ്യങ്ങളിലും ഒരു കാലത്ത് ഓപ്പിയം ഡെന്നുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്നത്തെ മദ്യശാല പോലെ ഇരുന്നും കിടന്നും കറുപ്പ് ഭക്ഷിക്കാനും വലിക്കാനും ഡെന്നുകളില്‍ സൗകര്യമുണ്ടായിരുന്നു. കറുപ്പ് സദ്യക്ക് സംഘം ചേര്‍ന്ന് പോകുന്ന പതിവും ആ കാലത്തുണ്ടായിരുന്നത്രേ.

മോര്‍ഫിന്‍

ഗ്രീക്ക് ദേവതയായ മോര്‍ഫിയൂസിന്റെ പേരില്‍നിന്നാണ് മോര്‍ഫിന്‍ എന്ന വാക്കിന്റെ വരവ്. സ്വപ്നങ്ങളുടെയും നിദ്രയുടേയും ദേവതയായ മോര്‍ഫിയൂസിനെ സ്മരിപ്പിക്കും വിധം മോര്‍ഫിന്‍ ഉപയോഗിക്കുന്നവര്‍ സദാസമയവും നിദ്രയിലും സ്വപ്ന ലോകത്തിലുമായിരിക്കും. എന്താണ് മോര്‍ഫിന്‍ എന്ന് പറയാം. കറുപ്പില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന വീര്യം കൂടിയ മയക്കു മരുന്നാണിത്.

സ്രഷ്ടാവും സൃഷ്ടിയുടെ ലഹരിയും

ജര്‍മന്‍ ഗവേഷകനായ വില്‍ഹിം സെറ്റിനര്‍ ആണ് കറുപ്പില്‍ നിന്നും മോര്‍ഫിന്‍ വേര്‍തിരിച്ചെടുത്തത്. ആദ്യ കാലത്ത് തന്റെ പരീക്ഷണത്തിലൂടെ ലഭിച്ച മോര്‍ഫിന്‍ കൂടിയ അളവില്‍ നല്‍കി എലികളെ കൊല്ലാന്‍ വേണ്ടിയായിരുന്നു അദ്ദേഹം ഉപയോഗപ്പെടുത്തിയത്. എന്നാല്‍ കാലക്രമേണ സെറ്റിനര്‍ മോര്‍ഫിന് അടിമയായി മാറുകയാണുണ്ടായത്.

ഹെറോയിന്‍ എന്ന ഹീറോ

മോര്‍ഫിന്‍ വരുത്തിവച്ച അടിമത്തത്തില്‍നിന്നു മോചനം എന്ന ലേബലിലാണ് ഹെറോയിന്‍ ലഹരി ലോകത്തെത്തിയത്. എന്നാല്‍ പിന്നീടാണ് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കു പിണഞ്ഞ അബദ്ധം മനസിലായത്. മോര്‍ഫിനേക്കാള്‍ വലിയ അടിമത്തമാണ് ഹെറോയിന്‍ ഉണ്ടാക്കുന്നത്.

എല്‍.എസ്.ഡി

ലൈസര്‍ജിക് ആസിഡ് ഡൈ ഈഥൈല്‍ അമൈഡ് എന്നാണ് എല്‍.എസ്.ഡിയുടെ പൂര്‍ണരൂപം. മായാദൃശ്യത്തെ പ്രദാനം ചെയ്യുന്നു എന്ന പേരിലാണ് എല്‍.എസ്.ഡി വ്യാപകമായത്. സ്‌കോട്ട്‌ലന്റുകാരനായ ഹോഫ്മാനാണ് എല്‍.എസ്.ഡി ആദ്യമായി വേര്‍തിരിച്ചെടുത്തത്. മയക്കു മരുന്നുകളുടെ കൂട്ടത്തിലെ ഭീകരനായി അറിയപ്പെടുന്ന ഇവയുടെ ഒരു തരി അകത്തു ചെല്ലുന്നത് മണിക്കൂറുകളോളം അബോധാവസ്ഥ സൃഷ്ടിക്കും. മറ്റു മയക്കു മരുന്നുകളേക്കാള്‍ നാലായിരം ഇരട്ടിയാണ് എല്‍.എസ്.ഡിയുടെ തീവ്രത. സമാന സ്വഭാവമുള്ള മറ്റുമയക്കു മരുന്നുകളാണ് മെസ്‌ക്കാലിന്‍, സൈഖാ സെബിന്‍ എന്നിവ. മെക്‌സിക്കോ തെക്കേ അമേരിക്ക തുടങ്ങിയവയില്‍ വളരുന്ന മുള്ളില്ലാത്ത കാക്റ്റസ് ചെടിയില്‍നിന്നാണ് മെസ്‌ക്കാലിന്‍ ആദ്യമായി നിര്‍മിച്ചത്. ഇന്ന് മെസ്‌കാലിന്‍ ഗുളിക രൂപത്തിലും ഇഞ്ചക്ഷന്‍ രൂപത്തിലും വിതരണം ചെയ്യപ്പെടുന്നുണ്ട്. കൂണുകളില്‍ നിന്നു നിര്‍മിച്ചെടുക്കുന്ന മയക്കു മരുന്നാണ് സൈഖാ സെബിന്‍.

മയക്കു മരുന്നുകള്‍
ചെയ്യുന്നതെന്ത്

കൂട്ടുകാരെ ദിനം പ്രതി നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ലേ. എത്ര പേരാണ് മയക്കു മരുന്നിന് അടിമയായി കുറ്റകൃത്യങ്ങള്‍ നടത്തുന്നതും ജീവിതം ഹോമിക്കുന്നതും. തലച്ചോറിനെ നിയന്ത്രണ വിധേയമല്ലാതാക്കി താല്‍ക്കാലിക സുഖവും സന്തോഷവും പ്രദാനം ചെയ്യുകയാണ് മയക്കുമരുന്നുകള്‍ ചെയ്യുന്നത്. എന്നാല്‍ രോഗവും ശാരീരിക വൈകല്യവുമാണ് മയക്കു മരുന്നുപയോഗത്തിന്റെ അനന്തരഫലം. മയക്കു മരുന്നുകളുടെ ഉപയോഗം മരണത്തിലേക്കാണ് നയിക്കുന്നതെന്ന് പലരും ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാറില്ല. ബോധോദയം സംഭവിക്കുമ്പോഴേക്കും മയക്കുമരുന്നിന്റെ കരാളഹസ്തത്തില്‍ പിടഞ്ഞ് മരിക്കാനാണ് ഓരോ മയക്കു മരുന്ന് ഉപഭോക്താവിന്റേയും വിധി. നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാകേണ്ടവരില്‍ പലരേയും മയക്കു മരുന്നുകള്‍ വഴി തെറ്റിച്ചു കൊണ്ടിരിക്കുകയാണ്. മയക്കു മരുന്നുകളുടെ വലയില്‍ അകപ്പെടില്ലെന്ന ദൃഢനിശ്ചയം കൈക്കൊള്ളാത്ത കാലം വരെ നമ്മുടെ രാജ്യവും സമൂഹവും സുരക്ഷിതരല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.