2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മന്ത്രി ബാലനെതിരേ അനധികൃത നിയമന ആരോപണം

 

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനം പുറത്തുവിട്ടതിനുപിന്നാലെ മന്ത്രി എ.കെ ബാലന്റെ അറിവോടെ കിര്‍ത്താഡ്‌സില്‍ അനധികൃത നിയമനം നടത്തിയതിന്റെ തെളിവുമായി യൂത്ത് ലീഗ്.
എ.കെ ബാലന്‍ തന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കിര്‍ത്താഡ്‌സില്‍ സ്ഥിര നിയമനം നല്‍കിയത് നിയമവിരുദ്ധമായിട്ടാണെന്നും ഇതിനെ സാധൂകരിക്കാന്‍ മൂന്നു പേര്‍ക്കുകൂടി ചട്ടംലംഘിച്ച് നിയമനം നല്‍കിയെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മന്ത്രി കെ.ടി ജലീല്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ തന്റെ ബന്ധുവിനെ ജനറല്‍ മാനേജരായി നിയമിച്ചത് ചട്ടംലംഘിച്ചാണെന്ന് തെളിവുകള്‍ സഹിതം യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇതിനുപിന്നാലെ സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയരക്ടറായി നിയമിച്ചതും ചട്ടംലംഘിച്ചാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഈ ആരോപണം ശരിവച്ചുകൊണ്ട് സി.പി.എം എം.എല്‍.എ ജെയിംസ് മാത്യു മന്ത്രിക്കയച്ച കത്തും പുറത്തുവിട്ടു. ഈ കത്ത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് ആരോപിച്ച് പി.കെ ഫിറോസിനെതിരേ സര്‍ക്കാര്‍ അന്വേഷണം നടത്തുമ്പോഴാണ് പുതിയ ആരോപണവും തെളിവും പുറത്തുവിട്ടിരിക്കുന്നത്.
പ്രൈവറ്റ് സെക്രട്ടറി എ.എന്‍ മണിഭൂഷനാണ് കിര്‍ത്താഡ്‌സില്‍ നിയമനം നല്‍കിയത്. മണിഭൂഷന്റെ നിയമനം സ്ഥിരപ്പെടുത്താനായി മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത മൂന്നുപേരെക്കൂടി സ്ഥിരപ്പെടുത്തുകയായിരുന്നു. നിയമനം റദ്ദാക്കണമെന്നും നിയമലംഘനം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിര്‍ത്താഡ്‌സിലെ താല്‍ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു വി.മേനോന്‍, പി.വി മിനി, എസ്.വി സജിത് കുമാര്‍ എന്നിവരെയാണ് ചട്ടങ്ങള്‍ മറികടന്ന് സ്ഥിരപ്പെടുത്തിയത്. വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്നാണ് ചട്ടം 39 പ്രകാരം ഇവരെ നിയമിച്ചത്.
എം.ഫിലും പി.എച്ച്ഡിയും യോഗ്യത വേണ്ട തസ്തികയിലേക്കാണ് എം.എ മാത്രമുള്ളവരെ നിയമിച്ചത്. പട്ടികജാതി-വര്‍ഗ വികസന മന്ത്രിയായ എ.കെ ബാലന്റെ നേരിട്ടുള്ള ഇടപെടല്‍ വഴിയാണ് വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ നിയമിച്ചത്. നിപാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്, വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില, കോഴിക്കോട് മാന്‍ഹോളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നല്‍കിയ ചട്ടം ഉപയോഗിച്ചാണ് ഇവരെയും സ്ഥിരപ്പെടുത്തിയത്. ധനവകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണ് നിയമനങ്ങള്‍.
ചട്ടവിരുദ്ധമായി നടത്തിയിട്ടുള്ള ഈ നിയമനങ്ങള്‍ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.