2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

മന്ത്രിസഭാ വികസനം; കുമാരസ്വാമി രാഹുല്‍ഗാന്ധിയെ കണ്ടു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നതിന് അനുമതിതേടി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കണ്ടു. വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കണമെന്ന് അദ്ദേഹം രാഹുലിനോട് ആവശ്യപ്പെട്ടു.

മുതിര്‍ന്ന പാര്‍ലമെന്റേറിയനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ നേതൃത്വത്തിനു കീഴില്‍ കര്‍ണാകയിലെ സഖ്യസര്‍ക്കാര്‍ സുരക്ഷിതമാണെന്നു വ്യക്തമാക്കിയ കുമാരസ്വാമി, സര്‍ക്കാരിന്റെ നൂറു ദിവസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് രാഹുല്‍ഗാന്ധിക്കു കൈമാറുകയും ചെയ്തു. മന്ത്രിസഭാ വികസനത്തിനു പുറമേ ബോര്‍ഡ്, കോര്‍പറേഷനുകളിലേക്കു സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്ന കാര്യവും ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്-ജെ.ഡി.എസ് കോഡിനേഷന്‍ കമ്മിറ്റി ചേരാനിരിക്കേയാണ് കുമാരസ്വാമി രാഹുലിനെ സന്ദര്‍ശിച്ചതെന്നതു പ്രധാനമാണ്.
കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മന്ത്രിസഭയിലെത്തുമോയെന്നതും കണ്ടറിയേണ്ടതാണ്. നേരത്തെ, ജനങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും കര്‍ണാകയുടെ മുഖ്യമന്ത്രിയാകുമെന്നു സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വലിയ നേതാവാണ്, അദ്ദേഹത്തിനു താല്‍പര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിയാകുന്നതിന് എന്താണ് തടസമെന്നായിരുന്നു കുമാരസ്വാമിയുടെ മറുചോദ്യം. സര്‍ക്കാരിന്റെ സുഗമമായ നിലനില്‍പ്പിന് അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമാകണമെന്നും കുമാരസ്വാമി പറഞ്ഞു.
നിലവില്‍ കര്‍ണാടക റവന്യൂ മന്ത്രിയായ ആര്‍.വി ദേശ്പാണ്ഡേയും മുഖ്യമന്ത്രി സ്ഥാനത്തിനായി ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹവും അതിന് അര്‍ഹനാണെന്നും അതുപക്ഷേ നിങ്ങള്‍ മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നുമായിരുന്നു കുമാരസ്വാമിയുടെ മറുപടി. തന്റെ സര്‍ക്കാര്‍ ഹണിമൂണ്‍ പൂര്‍ത്തിയാക്കിയെന്നും ഇനി പദ്ധതികളുടെ നടത്തിപ്പിലേക്കു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.