2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

മന്ത്രിസഭാ യോഗം ചേരാതെ സംസ്ഥാന ഭരണം മൂന്നാം ആഴ്ചയിലേക്ക്

വി.എസ്.പ്രമോദ്

തിരുവനന്തപുരം: മന്ത്രിസഭാ യോഗം ചേരാതെ സംസ്ഥാന ഭരണം ഇന്ന് മൂന്നാമത്തെ ആഴ്ചയിലെത്തും. യോഗം ചേരാതെ പോകുന്ന മൂന്നാമത്തെ ബുധനാഴ്ചയായ ഇന്ന് മന്ത്രിസഭ ചേരുമെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്. ഭരണ സ്തംഭനമെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാന്‍ കൂടിയാണ് ഇന്ന് മന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇ.പി.ജയരാജന്റെ അധ്യക്ഷതയിലാവും യോഗം ചേരുക. ഈ മാസം രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ ചുമതല പിണറായി മറ്റൊരു മന്ത്രിക്കും കൈമാറിയിരുന്നില്ല. മാത്രമല്ല ഭരണ സ്തംഭനം ഒഴിവാക്കാന്‍ അമേരിക്കയില്‍ ഇരുന്ന് ഇ-ഫയലിങ്ങിലൂടെ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി ഉണ്ടായിരിക്കുകയും വിദേശത്തേക്ക് പോകുകയും ചെയ്യുമ്പോള്‍ മറ്റൊരാള്‍ക്ക് ചുമതല നല്‍കാതെ മൂന്നാഴ്ചയോളം മന്ത്രിസഭാ യോഗം കൂടാതിരിക്കുന്നത്.

മന്ത്രിസഭാ യോഗംനടക്കാതിരിക്കുന്നതില്‍ ഭരണഘടനാപരമായി തെറ്റൊന്നുമില്ലെങ്കിലും സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനും കൂട്ടുത്തരവാദിത്തത്തോടെ ഭരണം മുന്നോട്ടുകൊണ്ട് പോകാനും മന്ത്രിസഭ ചേരേണ്ടതുണ്ട്. നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ദുരിതാശ്വാസ നിധി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇ.പി.ജയരാജനെയും പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിക്കുകയും ചെയ്തിരുന്നു.

ഈ മന്ത്രിസഭാ ഉപസമിതിയാണ് കഴിഞ്ഞ രണ്ട് ബുധനാഴ്ചകളില്‍ ചേര്‍ന്നത്. ഈ സമിതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനെ ഉള്‍പ്പെടുത്താതിരുന്നത് ചര്‍ച്ചയായിരുന്നു.
മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും തമ്മിലുണ്ടായ തര്‍ക്കങ്ങളും സര്‍ക്കാര്‍ ആഘോഷങ്ങളുടെ നടത്തിപ്പിനെ കുറിച്ച് മന്ത്രിമാര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതും മുഖ്യമന്ത്രി പോയ ഉടന്‍ സര്‍ക്കാരില്‍ ഭിന്നത ഉടലെടുത്തെന്ന തോന്നല്‍ ഉളവാക്കിയിരുന്നു. ജയരാജന്റെ സ്ഥാനം സംബന്ധിച്ച മൂപ്പിളമതര്‍ക്കവുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് ജയരാജന്റെ അധ്യക്ഷതയില്‍ മന്ത്രിസഭ യോഗം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.