2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

Editorial

മന്ത്രിമാര്‍ക്കൊക്കെ എന്താണ് പണി?


കഴിഞ്ഞദിവസം വിവിധ ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യുന്നതിനായി നിശ്ചയിച്ച അടിയന്തര മന്ത്രിസഭാ യോഗം ഭൂരിപക്ഷം മന്ത്രിമാരും എത്തിച്ചേരാത്തതിനാല്‍ ചേരാനാവാതെ പോയത് വാര്‍ത്തയായിരുന്നു. ക്വാറം തികയാത്തതുകൊണ്ട് യോഗം മാറ്റിവയ്ക്കുകയായിരുന്നു. 19 മന്ത്രിമാരില്‍ മുഖ്യമന്ത്രിയടക്കം ഏഴു പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. സി.പി.ഐയുടെ നാലു മന്ത്രിമാരില്‍ ആരും തന്നെ യോഗത്തിന് എത്തിയിരുന്നില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇതു സംഭവിക്കുന്നത്. ഇതു വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാറ്റിവച്ച മന്ത്രിസഭായോഗം ഇന്നലെ ചേരുകയുണ്ടായി. ഈ യോഗത്തിനും മൂന്നു മന്ത്രിമാര്‍ എത്തിയില്ല. ഈ സാഹചര്യത്തില്‍ ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ക്ക് ഒരു നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ബന്ധിതനായി. മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ സ്വാഭാവികമായി ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്. ഈ മന്ത്രിമാര്‍ക്കൊക്കെ എന്താണു പണി?
മന്ത്രിപ്പദവി ആരും ആരുടെയും തലയില്‍ അടിച്ചേല്‍പ്പിക്കുന്നതല്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് താണുകേണപേക്ഷിച്ച് വോട്ടു ചോദിച്ച് ജയിച്ചു നിയമസഭാംഗമായ ശേഷമാണ് ഓരോരുത്തരും മന്ത്രിയാകുന്നത്. നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന 140 പേരില്‍ പത്തൊമ്പതോ ഇരുപതോ പേരൊക്കെയാണ് കേരളത്തില്‍ മന്ത്രിമാരാകുന്നത്. അത് ജനങ്ങള്‍ അവരെ ഏല്‍പ്പിക്കുന്ന പ്രത്യേക ചുമതലയാണ്. വെറുമൊരു സേവനം മാത്രമല്ല അത്. വലിയ തുക ശമ്പളമായും യാത്രാബത്തയായും അവര്‍ക്കു പൊതുഖജനാവില്‍ നിന്ന് ലഭിക്കുന്നുണ്ട്. മാത്രമല്ല വാഹനവും മറ്റെല്ലാവിധ സുഖസൗകര്യങ്ങളും വേറെയും. ആ സൗകര്യങ്ങള്‍ തന്നെ ചിലര്‍ ദുരുപയോഗം ചെയ്തതിന്റെ വാര്‍ത്തകള്‍ അടുത്തകാലത്ത് പുറത്തുവന്നിട്ടുമുണ്ട്. ഇത്രയേറെ പണം ചെലവഴിച്ച് സമൂഹം സംരക്ഷിക്കുന്ന മന്ത്രിമാര്‍ അവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാതിരിക്കുന്നത് സമൂഹത്തോടു ചെയ്യുന്ന മഹാപാതകം തന്നെയാണ്.
മന്ത്രിമാര്‍ പാര്‍ട്ടി സമ്മേളനവും മറ്റുമായി നടക്കുന്നതാണ് കൃത്യമായി ഓഫീസില്‍ വന്ന് ചുമതലകള്‍ നിര്‍വഹിക്കാനാവാതെ പോകുന്നതിന് ഒരു കാരണം. മറ്റൊരു കാരണം ഉദ്ഘാടന മാമാങ്കങ്ങളടക്കമുള്ള ആഘോഷപരിപാടികള്‍. ഇങ്ങനെയൊക്കെ സമയം കളയാനല്ല ജനങ്ങള്‍ അവരെ മന്ത്രിയുടെ ചുമതല ഏല്‍പ്പിച്ചത്. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ മന്ത്രിമാര്‍ ഏതെങ്കിലും പാര്‍ട്ടികളുടെ ഉയര്‍ന്ന ഘടകങ്ങളില്‍ അംഗങ്ങളാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, മന്ത്രിയായിരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനമല്ല അവരുടെ പ്രധാന ചുമതല. പാര്‍ട്ടി കാര്യങ്ങള്‍ നോക്കിനടത്താന്‍ വേറെ നേതാക്കളെ ചുമതലപ്പെടുത്തുകയാണു വേണ്ടത്.
അതുപോലെ ഗ്രാമപഞ്ചായത്തുകള്‍ നിര്‍മിക്കുന്ന ശുചിമുറികള്‍ മുതല്‍ വകുപ്പുകളുടെ ആസ്ഥാന മന്ദിരങ്ങള്‍ വരെയുള്ള എല്ലാം മുഖ്യമന്ത്രിയോ മന്ത്രിമാരോ തന്നെ ഉദ്ഘാടനം ചെയ്തുകൊള്ളണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും എം.എല്‍.എമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമൊക്കെയുള്ള നാടാണിത്. അവരൊക്കെ നിര്‍വഹിച്ചാലും ഉദ്ഘാടനം നടക്കും. നാട്ടുകാരുടെ ചെലവില്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളുടെയൊക്കെ ശിലകളില്‍ ചില മന്ത്രിമാരുടെ പേരു തന്നെ കൊത്തിവയ്ക്കണമെന്ന് ശാഠ്യം പിടിക്കേണ്ടതില്ല.
ചുമതല നിര്‍വഹിക്കാന്‍ സന്നദ്ധതയുള്ളവരെ മാത്രം മന്ത്രിമാരാക്കിയാല്‍ മതിയെന്ന് രാഷ്ട്രീയകക്ഷികള്‍ തീരുമാനിക്കണം. മന്ത്രിപ്പദവിയിലിരുന്ന് ചുമതലയില്‍ വീഴ്ച വരുത്തുന്നവരെ പിന്നീടൊരിക്കലും നിയമസഭയിലേക്കു തെരഞ്ഞെടുത്തയക്കുകയില്ലെന്ന് ജനതയും തീരുമാനിക്കണം. ഇത്തരക്കാരെ മന്ത്രിക്കസേരയില്‍ ഇരുത്തുന്നത് വലിയ തോതിലുള്ള പൊതുമുതല്‍ ദുര്‍വ്യയമാണ്. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആരും അത് അനുവദിച്ചുകൊടുത്തുകൂടാ.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.