2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

മനോഹര്‍ പരീക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍; സര്‍ക്കാരിന് അവകാശവാദവുമായി കോണ്‍ഗ്രസ്

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നില അതീവ ഗുരുതരം. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം അടുത്ത ദിവസങ്ങളില്‍ ഓഫിസില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാന ഭരണം നിശ്ചലമായതായി ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് കത്തു നല്‍കിയിട്ടുണ്ട്.
തങ്ങളെ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രകാന്ത് കാവല്‍കര്‍ നല്‍കിയ കത്തില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമായിരിക്കുകയാണെന്നും ആരോപിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടയില്‍ ഇന്നലെ ബി.ജെ.പി മന്ത്രിമാരും എം.എല്‍.എമാരും പ്രത്യേക യോഗം ചേര്‍ന്നു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 അംഗങ്ങളുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ പാര്‍ട്ടിയായത്. എന്നാല്‍ പിന്നീട് മൂന്ന് എം.എല്‍.എമാര്‍ രാജിവച്ചു. തുടര്‍ന്ന് പ്രതിരോധ മന്ത്രിയായിരിക്കെ ആ സ്ഥാനം രാജിവച്ചാണ് മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ വിശ്വജിത്ത് റാണെയാണ് ആദ്യം രാജിവച്ചത്. തുടര്‍ന്ന് ദയാനന്ദ് സോപ്‌തെ, സുഭാഷ് ശിരോദ്കര്‍ എന്നിവരും രാജിവച്ച് ബി.ജെ.പിക്ക് അധികാരത്തിലേറാനുള്ള വഴിയൊരുക്കി കൊടുക്കുകയായിരുന്നു.
നിലവില്‍ കോണ്‍ഗ്രസിന് 14ഉം ബി.ജെ.പിക്കും 13ഉം എം.എല്‍.എമാരാണ് ഉള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബി.ജെ.പി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പിക്ക് ഒരംഗത്തിന്റെ കുറവുണ്ടായത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.