2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

‘മനു രത്‌ന’ ചതിച്ചു: രണ്ടര ഏക്കറില്‍ നിന്ന് കര്‍ഷകന് ലഭിച്ചത് 720 കിലോ നെല്ല് മാത്രം

അന്തിക്കാട്: മനു രത്‌ന നെല്‍ വിത്ത് ചതിച്ചു. രണ്ടര ഏക്കര്‍ നിലത്തില്‍ കൊയ്ത കര്‍ഷകന് വെറും 720 കിലോ നെല്ല് മാത്രമാണ് കിട്ടിയത്. കഴിഞ്ഞവര്‍ഷം ഇതേ നിലത്തില്‍ ജ്യോതി വിത്തിറക്കിയ ഈ കര്‍ഷകന് ലഭിച്ചതാകട്ടെ 4500 കിലോ നെല്ല്. അന്തിക്കാട് പാടശേഖരത്തിലെ കാഞ്ഞാംകോള്‍, പഴങ്ങാ പറമ്പ് പടവുകളിലായി 203 ഏക്കറിലാണ് ഇക്കുറി മനു രത്‌ന കൃഷിയിറക്കിയത്. മനു രത്‌ന വിത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വിളവ് ഗണ്യമായി കുറഞ്ഞതോടെ പണ്ടം പണയം വെച്ചും അമിത പലിശയ്ക്ക് ബാങ്ക് ലോണെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ എന്തു ചെയ്യണമെന്നറിയാതെ ഏറെ ആശങ്കയിലാണ്. നെല്ല് കൊണ്ടുപോകാന്‍ 70 ചാക്കുമായി വന്ന കര്‍ഷകന് ആകെ കിട്ടിയത് 13 ചാക്ക് നെല്ല്. ഗുണമേന്മ കുറഞ്ഞ മനു രത്‌ന നെല്‍വിത്ത് കൃഷിയിറക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ച അന്തിക്കാട് പാടശേഖര സമിതി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. കൃഷി വകുപ്പധികൃതര്‍ പുതിയ നെല്‍വിത്ത് പരീക്ഷിക്കാന്‍ തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നും കര്‍ഷകര്‍ ആരോപിച്ചു. കൃഷി വകുപ്പിന്റെയും പാടശേഖര സമിതിയുടെയും അനാസ്ഥക്കെതിരെ കര്‍ഷകരില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. 25 പറ നിലം കൊയാന്‍ 6000 രൂപ കൊയ്ത്ത് യന്ത്രത്തിന്റെ കൂലി മാത്രം കൊടുത്ത കര്‍ഷകന് കിട്ടിയത് വെറും 13 ചാക്ക് നെല്ല്. പ്രളയത്തില്‍ വ്യാപകമായി ഒഴുകിയെത്തിയ ചണ്ടിയും കുളവാഴയും മറ്റും നീക്കം ചെയ്ത് നിലം കൃഷിക്ക് ഒരുക്കുന്നതിനായി നല്ലൊരു സംഖ്യ കര്‍ഷകന് ചെലവ് വന്നിട്ടുണ്ട്. കൃഷിയിറക്കിയതു മുതല്‍ കൊയ്ത്ത് വരെ ചെലവായ സംഖ്യ ഇതിനു പുറമെയാണ്. പതിനായിരങ്ങള്‍ ചെലവഴിച്ച കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. വിത കഴിഞ്ഞ് 90 ദിവസമായാല്‍ മനു രത്‌ന കൊയാമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 115 ദിവസമായിട്ടാണ് മനു രത്‌ന വിളവെടുപ്പു നടത്താന്‍ കഴിഞ്ഞതെന്ന് കര്‍ഷകര്‍ പറഞ്ഞു. അധികൃതരുടെ അനാസ്ഥ മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കൃഷിമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.