2018 November 13 Tuesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: പുതിയ കഥയുമായി മഹാരാഷ്ട്ര പൊലിസ്

രാജിവ് ഗാന്ധിക്കെതിരായ ആക്രമണരീതിയില്‍ മോദിക്കെതിരേയും ആക്രമണം ആസൂത്രണം ചെയ്തു

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയില്‍ അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് മഹാരാഷ്ട്ര പൊലിസ്. ഇവര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഇന്നലെ മഹാരാഷ്ട്ര എ.ഡി.ജി.പി പരംഭീര്‍ സിങ് പറഞ്ഞു.
അറസ്റ്റിലായവര്‍ക്കെല്ലാം മാവോവാദി ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട കത്തുകളും സംഭാഷണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ ശ്രമിച്ചതായും പൊലിസ് പറയുന്നു.
സുപ്രിം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുതടങ്കലിലാക്കിയ ഇവരെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രമുഖ തെലുഗു കവി പി. വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുണ്‍ ഫരേര, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ട്. ഇവരുമായി ബന്ധമുള്ള റോണ വില്‍സണ്‍, മാവോവാദി നേതാവായ പ്രകാശിന് എഴുതിയ കത്ത് പൊലിസിന് കണ്ടെടുക്കാനായിട്ടുണ്ട്. ഗ്രനേഡ് ലോഞ്ചര്‍ വാങ്ങിക്കുന്നതിനായി എട്ടുകോടി രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നതെന്നും പൊലിസ് പറയുന്നു.
രാജ്യത്ത് മോദി രാജ് അവസാനിപ്പിക്കുക എന്നായിരുന്നു ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിക്കെതിരായ ആക്രമണം പോലെയുള്ള ആക്രമണമാണ് മോദിക്കെതിരേയും ഇവര്‍ ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി ഇവര്‍ പരസ്പരം കൈമാറിയ കത്ത് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് അക്രമം നടത്താന്‍ മാവോവാദികള്‍ പരസ്യമായും രഹസ്യമായും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. അറസ്റ്റിലായ സുധ ഭരദ്വാജ് മാവോവാദി നേതാവ് പ്രകാശിന് കത്തെഴുതിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതും സുധ ഭരദ്വാജാണെന്നും പൊലിസ് അവകാശപ്പെടുന്നു.
സര്‍ക്കാരിനെതിരേ ഗൂഢാലോചനയാണ് ഇവര്‍ നടത്തിയത്. രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിക്കാനാണ് ഇവര്‍ ശ്രമിച്ചത്. രാജ്യത്തെ രഹസ്യമുന്നേറ്റങ്ങളില്‍ ഇവര്‍ക്ക് നല്ല പങ്കുണ്ട്. ജെ.എന്‍.യു വിദ്യാര്‍ഥികളെ സര്‍ക്കാരിനെതിരേ തിരിക്കുന്നതിലും ഇവര്‍ക്ക് പങ്കുണ്ട്. മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് അനുസ്മരണത്തിനു ശേഷം കലാപം നടത്തുന്നതിനായി മാവോവാദി സംഘടനയുടെ കേന്ദ്ര കമ്മിറ്റി 15 ലക്ഷം രൂപയാണ് അറസ്റ്റിലായവരുള്‍പ്പെടെയുള്ളവര്‍ക്കായി നല്‍കിയതെന്നും പരംഭീര്‍ സിങ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇവരുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ അഞ്ചുപേരെയും വീട്ട് തടങ്കലില്‍ വക്കാനായി സുപ്രിം കോടതി ഉത്തരവിടുകയായിരുന്നു.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.