2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മനം കവര്‍ന്ന് ബെള്ളച്ചാല്‍ വെള്ളച്ചാട്ടം

ബദിയഡുക്ക: ബെള്ളച്ചാല്‍ മലനിരകള്‍ തഴുകി വരുന്ന വെള്ളച്ചാട്ടം മഴയാത്രികരുടെ മനം കവരുന്നു. സ്വര്‍ഗ-വാണിനഗര്‍ -കിന്നിംഗാര്‍ കുന്നിന്‍ ചെരിവുകളില്‍നിന്നു പലയിടങ്ങളില്‍ നിന്നായി വരുന്ന മഴവെള്ളമാണ് വലിയ വെള്ളച്ചാട്ടമായി മാറിയിരിക്കുന്നത്. വീശിയടിക്കുന്ന തണുത്ത കാറ്റിനൊപ്പം താഴ്‌വരയിലേക്ക് പെയ്തിറങ്ങുന്ന മഴ കാണുമ്പോള്‍ സഞ്ചാരികള്‍ക്കത് മനം കുളിര്‍ക്കും കാഴ്ചയാകുന്നു. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സ്വയം ഭൂഗുഹ പ്രവേശനം നടത്തുന്ന ജാംബ്രി ഗുഹ സ്ഥിതി ചെയ്യുന്ന ചെണ്ടത്തടുക്കയില്‍ നിന്നാണ് വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം.
അന്‍പതു മീറ്റര്‍ ഉയരത്തില്‍നിന്ന് കരിങ്കല്‍ പാറകളില്‍ തട്ടി പാല്‍പതകളായി പതിക്കുകയാണ് വെള്ളച്ചാട്ടം. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഇവിടെ എത്തുന്നത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും ഇവിടെ എത്തുന്നത്.
സ്‌കൂള്‍ കുട്ടികളുടെ പ്രകൃതിയാത്രക്കും പ്രസിദ്ധമാണ് ഈ പ്രദേശം. കുന്നിന്‍ മുകളിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കല്‍ക്ക പ്രദേശത്തുള്ള കശുമാവിന്‍ തോട്ടത്തിലുള്ള തോട്ടില്‍നിന്നാണ് ജലം അന്‍പതു മീറ്ററോളം താഴേക്കു പതിക്കുന്നത്. മുകളില്‍ വള്ളികള്‍ നിറഞ്ഞ കാട് ആയതിനാല്‍ ചെടികളില്‍നിന്നു വെള്ളം താഴേക്കു പതിക്കുന്നതായും തോന്നും. കവുങ്ങ്, തെങ്ങ് തോപ്പുകള്‍ക്കു നടുവില്‍ നിന്നുള്ള വെള്ളച്ചാട്ട കാഴ്ചകളും അതിമനോഹരമാണ്.
മുള്ളേരിയ വഴി ബെള്ളൂര്‍ പഞ്ചായത്തിലെ നെട്ടണിഗെ വഴിയും എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ, വാണിനഗര്‍ വഴിയും ബെള്ളച്ചാല്‍ വെള്ളച്ചാട്ടത്തിലെത്താം. മുള്ളേരിയ, എന്‍മകജെ, കുംബഡാജെ വരെയുള്ള വശ്യതയാര്‍ന്ന ദൃശ്യങ്ങള്‍ ഇവിടെ നിന്നു കാണാം. എല്ലായിടത്തേക്കും റോഡ് സൗകര്യം ഉണ്ടെങ്കിലും വാഹന സൗകര്യം കുറവാണ്. ഇവിടെ ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്.
പ്രകൃതിയെ നോവിക്കാതെ ചെറിയ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ തന്നെ സഞ്ചാരികള്‍ക്ക് പ്രിയ ഇടമായി തീരും. മഴക്കാലത്തും വൈകുന്നേരങ്ങളിലുമാണ് ഏറ്റവും ആസ്വാദകരമായ ദൃശ്യങ്ങള്‍ ഇവിടെ കാണാനാകുക.

 

 

 

 

 

 

 

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.