2018 April 14 Saturday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

മധ്യ, തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

കോഴിക്കോട്: കന്യാകുമാരിക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴി കാരണം മധ്യ, തെക്കന്‍ കേരളത്തില്‍ 10 സെ.മി വരെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരളം, തമിഴ്‌നാട് ഉള്‍പ്പെടുന്ന മേഖലയിലാണ് കനത്തമഴയ്ക്ക് സാധ്യതയെന്ന് പ്രത്യേക ബുള്ളറ്റിനില്‍ പറയുന്നു. മധ്യ മധ്യപ്രദേശിനു മുകളിലും മറ്റൊരു ചക്രവാത ചുഴി രൂപപ്പെടുകയും കന്യാകുമാരിയിലെ ചക്രവാത ചുഴിയും ഇതിനെയും ബന്ധപ്പെടുത്തി 0.9 കി.മി ഉയരത്തില്‍ ന്യൂനമര്‍ദപാത്തി (ട്രഫ്) പടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ നീളുകയും ചെയ്തു. കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലൂടെയാണ് ട്രഫ് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് നീളുന്നത്.
കന്യാകുമാരിക്കു സമീപത്തെ ചക്രവാത ചുഴി സമുദ്രനിരപ്പില്‍ നിന്ന് 1.5 കി.മീ ഉയരത്തിലാണുള്ളത്.
തെക്കന്‍ തമിഴ്‌നാട്ടിനും (61 ഡിഗ്രി) മധ്യ കേരളത്തിനും (51 ഡിഗ്രി) മുകളില്‍ കനത്തമഴയ്ക്ക് കാരണമാകുന്ന മേഘങ്ങളുണ്ട്.
അതിനിടെ കൊല്ലം, തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് സ്വകാര്യ കാലാവസ്ഥ സ്ഥാപനം അറിയിച്ചു.
ഇന്നലെ കൊച്ചിയിലാണ് (65 മി.മീ) ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. വൈക്കത്ത് 60, കോട്ടയം 26.6, കായംകുളം 28, തൊടുപുഴ 15.4, നെടുമങ്ങാട് 19 എം.എം മഴ ലഭിച്ചു.
പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴലഭിച്ചില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.