2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതിയെ റിമാന്റ് ചെയ്തു

നേമം: മധ്യവയസ്‌കനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. കല്ലിയൂര്‍ വില്ലേജില്‍ കാക്കാമൂല കടവിന്‍മൂല മണമുക്ക് വീട്ടില്‍ പൊന്നുനാടാരുടെ മകന്‍ ശശിധരനെ (62) ആണ് റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ 31 നായിരുന്നു കേസിനിടയായ സംഭവം നടന്നത്. കാക്കാമൂല കനാല്‍ ഭവനില്‍ ഉണ്ണി എന്ന് വിളിക്കുന്ന ഉദയകുമാറിനെ (43) ആണ് ശശിധരന്‍ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്. കോണ്‍ട്രാക്ടറായ ശശിധരന്റെ കീഴില്‍ കുറേക്കാലം ഉദയകുമാര്‍ മരപണി ചെയ്തിരുന്നു. ഗള്‍ഫില്‍ പോയി മടങ്ങിയെത്തിയ ഉദയകുമാറിനോട് സംഭവ ദിവസം ശശിധരന്‍ സ്വര്‍ണ മോതിരം പണയം വയ്ക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. മോതിരം പണയം വയ്ക്കാന്‍ നല്‍കാത്തതിലുളള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്.
പളളിച്ചല്‍ തേരിയ്ക്കാവിള റെയില്‍വേ ട്രാക്കിന് സമീപം വിളിച്ചു കൊണ്ടു പോയി കത്തി കൊണ്ട് ഉദയകുമാറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഉദയകുമാറിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞദിവസം നരുവാമൂട് എസ്.ഐ.പ്രസാദിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം പിടികൂടുകയായിരുന്നു

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.