2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മധ്യപ്രദേശില്‍ പോരാട്ടം കടുക്കും

ഗിരീഷ് കെ. നായര്‍

സാക്ഷരതയില്‍ രാജ്യത്ത് എട്ടാംസ്ഥാനത്തുള്ള മധ്യപ്രദേശില്‍ ഇത്തവണ കടുത്തപോരാട്ടമാണു നടക്കുക. നവംബര്‍ 28നാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ്. മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബര്‍ 11 നാണു ഫലപ്രഖ്യാപനം. കേരളത്തിലെന്നപോലെ രണ്ടു പ്രമുഖപാര്‍ട്ടികളുടെ പോരാട്ടമാണിവിടെ. വിരലിലെണ്ണാവുന്ന സീറ്റുകളില്‍ ബി.എസ്.പി ജയിക്കാറുണ്ട്. സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിലാണു സി.പി.ഐയും സമാജ്‌വാദി പാര്‍ട്ടിയും.
കഴിഞ്ഞ മൂന്നുവട്ടവും ഭരണത്തിലേറിയതു ബി.ജെ.പിയാണെങ്കിലും കോണ്‍ഗ്രസിന്റെ തട്ടകമായ മധ്യപ്രദേശ് എപ്പോള്‍ വേണമെങ്കിലും മാറിമറിഞ്ഞേക്കാമെന്ന് അടുത്തിടെ നടന്ന തദ്ദേശ-ഉപ തെരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടു ശതമാനം വോട്ടിന്റെ ആധിപത്യത്തിലാണു ബി.ജെ.പി അധികാരത്തിലെത്തിയത്. അപ്പോഴും മൂന്നില്‍രണ്ടു ഭൂരിപക്ഷം അവര്‍ക്കു നേടാനായി.

ഭരണവിരുദ്ധ വികാരം
തൊഴിലില്ലായ്മയും കര്‍ഷകപ്രശ്‌നങ്ങളും കത്തിനില്‍ക്കുന്നതിനിടെയാണു മധ്യപ്രദേശ് തെരഞ്ഞെടുപ്പിലേയ്ക്കു പോകുന്നത്. 15 വര്‍ഷം ഭരണത്തിലുണ്ടായിട്ടും ഇതിനൊക്കെ പരിഹാരം കാണാനാവാത്തതു ഹാട്രിക് മുഖ്യമന്ത്രിയായ ശിവരാജ്‌സിങ് ചൗഹാനെ പ്രതിക്കൂട്ടിലാക്കുന്നു.
വിദ്യാഭ്യാസം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, പട്ടിണി, ലിംഗവിവേചനം, പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തുടങ്ങി ഒരുപിടി പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കും. കമ്പനിവല്‍കൃത സംസ്ഥാനമായ ഇവിടെ കുത്തകകളുടെ പിന്നാലെയാണു ചൗഹാനെന്ന ആരോപണം നേരത്തേതന്നെയുണ്ട്. അഴിമതിയും ഭരണവീഴ്ചയും സാമ്പത്തികവളര്‍ച്ചയുമൊക്കെ ഇത്തവണ പ്രചാരണായുധമാകും.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയുണ്ടായ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി അമ്പേ പരാജയപ്പെടുകയും കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ സൂചന കാട്ടുകയും ചെയ്തിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യസാധ്യത വിദൂരമാകുന്നതു ബി.ജെ.പിക്ക് ഇത്തവണയും പ്രതീക്ഷ നല്‍കുന്നുണ്ട്, പ്രത്യേകിച്ച്, ബി.എസ്.പി മത്സരിക്കുന്ന മണ്ഡലങ്ങളിലൊക്കെ പാര്‍ട്ടി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു.

കോണ്‍ഗ്രസിലെ പടലപ്പിണക്കം
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടി പ്രചാരണത്തിനിറങ്ങാന്‍ കോണ്‍ഗ്രസിനു ബുദ്ധിമുട്ടുണ്ട്. 2003 ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടി. രാഹുല്‍ഗാന്ധിയുടെ പിന്തുണയോടെ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പദത്തില്‍ കണ്ണുവയ്ക്കുമ്പോള്‍ മുതിര്‍ന്നനേതാക്കളായ ദിഗ്‌വിജയ് സിങും പി.സി.സി അധ്യക്ഷന്‍ കമല്‍നാഥും വെറുതെയിരിക്കുമെന്നു കരുതാന്‍ വയ്യ. രാഷ്ട്രീയവനവാസത്തിലായിരുന്ന ദിഗ്‌വിജയ് സിങ് തിരിച്ചുവരവിനൊരുങ്ങിയിരിക്കുകയാണ്. 2014ല്‍ ലോക്‌സഭയിലേക്കു മത്സരിക്കാതിരുന്ന സിങ് നിയമസഭയാണോ ലക്ഷ്യമിടുന്നതെന്നു പ്രവചിക്കുക വയ്യ.
ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സംസ്ഥാനഘടകം താല്‍പര്യപ്പെട്ടില്ലെന്നാണു മനസ്സിലാകുന്നത്. നിയമസഭയില്‍ സഖ്യമുണ്ടാക്കിയാല്‍ ലോക്‌സഭയിലേയ്ക്കു ഗുണം ചെയ്യുമെന്ന കാഴ്ചപ്പാടാണു രാഹുലിനുള്ളതെങ്കിലും സംസ്ഥാനനേതാക്കള്‍ അതിനു സമ്മതിക്കുന്നില്ല.
ബി.ജെ.പിയുടെ പാതയില്‍ കമല്‍നാഥും സഞ്ചരിക്കുന്നതു ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നു. അധികാരത്തിലെത്തിയാല്‍ പശുക്കള്‍ക്കു സംരക്ഷണം നല്‍കുമെന്നു രാമ പഥ് ഗമന്‍ യാത്ര നടത്തി കമല്‍നാഥ് പ്രഖ്യാപിച്ചിരുന്നു. പത്തുശതമാനത്തില്‍ താഴെ മാത്രമേ മുസ്‌ലിം വോട്ടുള്ളൂവെന്ന വിശ്വാസത്തിലാണ് ഈ പ്രഖ്യാപനം. എന്നാല്‍, പശുസംരക്ഷണത്തിനു പ്രത്യേക വകുപ്പുണ്ടാക്കുമെന്നു പ്രഖ്യാപിച്ചു ചൗഹാന്‍ തീവ്രഹിന്ദുവികാരം പ്രകടമാക്കി.

ബി.എസ്.പിയും എസ്.പിയും
മഹാസഖ്യസ്വപ്നത്തിലായിരുന്നു കോണ്‍ഗ്രസ്സെങ്കിലും മായാവതിയുടെ ബി.എസ്.പിയും അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയും അത് ഏറക്കുറേ തള്ളിക്കളഞ്ഞു. നിയമസഭയില്‍ സഖ്യത്തിനില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും പ്രഖ്യാപനം. ലോക്‌സഭയിലേക്കു നോക്കാമെന്നതാണു കോണ്‍ഗ്രസിനുള്ള പ്രതീക്ഷ.
പ്രതിപക്ഷം ഭിന്നിക്കുന്നതു ബി.ജെ.പിക്കു ഗുണകരമാണ്. 22 സീറ്റുകളിലേക്കു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച മായാവതിയും അഖിലേഷും കൈകോര്‍ക്കുന്നതു ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ ദോഷകരമാകും. വിജയത്തേക്കാള്‍ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യമാണു ബി.എസ്.പിക്ക്.
തന്റെ പാര്‍ട്ടിയെ വകവരുത്താനാണു കോണ്‍ഗ്രസ്സിന്റെ ശ്രമമെന്നു മായാവതി ആരോപിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ വാതില്‍ക്കല്‍ കാത്തുനില്‍ക്കാന്‍ കഴിയില്ലെന്നാണ് അഖിലേഷിന്റെ വാദം. ചെറുപാര്‍ട്ടിയായ ജി.ജി.പിയുമായി യു.പിയില്‍ സഖ്യമുള്ള അഖിലേഷ് അവരുമായി സഖ്യമുണ്ടാക്കുമെന്നാണു കരുതുന്നത്. ബി.എസ്.പിയും എസ്.പിയും നേടുന്ന വോട്ടുകള്‍ ഇത്തവണ സീറ്റുകളുടെ ഗതി നിര്‍ണയിക്കും.

കോണ്‍ഗ്രസ്സേതര ഐക്യം
കോണ്‍ഗ്രസ്സേതര ചെറുകക്ഷികള്‍ മഹാസഖ്യസാധ്യത ഇപ്പോഴും ആരായുന്നുണ്ട്. മഹാസഖ്യത്തിനു കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതിനെ ഏഴുകക്ഷികളില്‍ ഇടതുപാര്‍ട്ടികള്‍ എതിര്‍ക്കുന്നു. മൃദുഹിന്ദുത്വ സമീപനമാരോപിച്ചാണിത്. എല്‍.ഐ.ഡി, സി.പി.ഐ, സി.പി.എം, ബി.എസ്.ഡി, ആര്‍.എസ്.ഡി, പി.എസ്.പി എന്നീ കക്ഷികളാണ് മുന്നണിയായി മത്സരരംഗത്തുണ്ടാവുക. മഹാസഖ്യധാരണയ്ക്ക് ഇവര്‍ ശ്രമം തുടരുന്നുമുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ ചിത്രം വ്യക്തമാകുമെന്നാണു കരുതുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.