
ഫൈസല്‍ കോങ്ങാട്
പാലക്കാട്: ഏറെ കൊട്ടിഘോഷിച്ച് മുന്നണിയുടെ ഭാഗമായ ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മില്‍ ഉള്‍പ്പോര് ശക്തം. വി.എസിനെ തോല്‍പ്പിക്കാന്‍ മലമ്പുഴയില്‍ നേരിട്ടെത്തിയ വെള്ളാപ്പള്ളി നടേശന് എന്‍.ഡി.എ സ്ഥാനാര്‍ഥി കൃഷ്ണകുമാറിനു വോട്ടുപിടിക്കാതെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ് ജോയിക്കുവേണ്ടി പ്രവര്‍ത്തിച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ വിജയ സാധ്യത ഒട്ടുമില്ലാത്ത കൃഷ്ണകുമാറിനുവേണ്ടി വോട്ടുപിടിച്ചാല്‍ അനന്തരഫലമായി വി.എസ് ഭൂരിപക്ഷം കുറഞ്ഞിട്ടാണെങ്കിലും ജയിക്കുമെന്നതുകൊണ്ടാണ് ജോയിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നാണ് വെള്ളാപ്പള്ളിയുമായി അടുത്ത് ബന്ധമുള്ളവര്‍ വ്യക്തമാക്കുന്നത്.
വി.എസ് ജോയിക്കുവേണ്ടി പരസ്യമായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടില്‍ ബി.ജെ.പി ജില്ലാ നേതൃത്വം ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതേ സമയം ഇക്കാര്യത്തില്‍ അച്ഛനെ തിരുത്തുന്നതില്‍ തനിക്ക് പരിമിതികളുണ്ടെന്നാണ് തുഷാര്‍വെള്ളാപ്പള്ളി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മൈക്രോഫിനാന്‍സ് കേസിനു കാരണക്കാരനായ വി.എസിനെ എങ്ങിനെയും തോല്‍പ്പിക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ തടയാന്‍ തുഷാറിനു കഴിയില്ലെന്ന് ബി.ജെ.പിക്കും അറിയാം.
എന്നാല്‍ ബി.ഡി.ജെ.എസ് ബി.ജെ.പി സഖ്യത്തിനു മുഖ്യകാര്‍മികത്വം വഹിച്ച വെള്ളാപ്പള്ളി തന്നെ വ്യക്തിതാല്‍പ്പര്യം സംരക്ഷിക്കാന്‍ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട്. സി.പി.എമ്മിലെ വി.എസ് അനുകൂല സ്ഥാനാര്‍ഥികളെ പ്രത്യേകം തെരഞ്ഞെടുത്ത് തോല്‍പ്പിക്കുമെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടങ്ങളിലും എന്‍.ഡി.എ സഖ്യത്തിനല്ല വെള്ളാപ്പള്ളി നേടശന് വോട്ടുപിടിക്കുക. പകരം ജയ സാധ്യതയുള്ള എല്‍.ഡി.എഫ് ഇതര സ്ഥാനാര്‍ഥികള്‍ക്കായിരിക്കും പരിഗണന. ഫലത്തില്‍ ഈ മണ്ഡലങ്ങളിലെല്ലാം വെള്ളാപ്പള്ളിയുടെ സഹായം ലഭിക്കുക യു.ഡി.എഫിനായിരിക്കും. അതേസമയം ബി.ജെ.പി പ്രതീക്ഷ വെക്കുന്ന നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ വെള്ളാപ്പള്ളിയെ പിന്തുണക്കുന്ന ഈഴവ സമുദായം താരതമ്യേന വോട്ടുബാങ്കുമല്ല. ഈ രണ്ട് മണ്ഡലങ്ങളിലും നായര്‍ വോട്ടുകളാണ് ഏറിയകൂറും. ശേഷിക്കുന്നതാകട്ടെ മുസ്ലിം, കൃസ്ത്യന്‍ വോട്ടുകളുമാണ്.
അതുകൊണ്ടുതന്നെ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന പ്രഖ്യാപനത്തോടെ എന്‍.ഡി.എ യിലേക്ക് കടന്നുവന്ന ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യം തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ പോകുന്നില്ലെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു.
എന്‍.എസ്.എസിന്റെ ശത്രുത ഉണ്ടാക്കി എന്നല്ലാതെ മറ്റൊരു ഗുണവും ബി.ഡി.ജെ.എസ് ബി.ജെ.പി കൂട്ടുകെട്ടില്‍ നിന്നും ലഭിക്കാനില്ലെന്നും അവര്‍ വിലയിരുത്തുന്നു. ഫലത്തില്‍ ഇക്കാര്യത്തില്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ബി.ജെ.പി.