2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മധുരമൂറും കൗതുകവുമായി കുട്ടി മനസുകളിലെ കഥമുത്തശ്ശി

 

വടക്കാഞ്ചേരി: മധുരമൂറും നന്മ നിറഞ്ഞ കഥകളുടെ വിശാല ലോകം കുരുന്നുകള്‍ക്കു പകര്‍ന്നു നല്‍കിയ വിശ്വ പ്രസിദ്ധ ബാലസാഹിത്യകാരി സുമംഗല ശതാഭിഷേക നിറവില്‍. ആയിരം പൂര്‍ണചന്ദ്രനെ ദര്‍ശിച്ച സുമംഗലക്കു നാട് ഇന്നു മംഗളകൗതുകമൊരുക്കും. കാലത്തു 11 നു ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നാടിന്റെ സ്‌നേഹാദരത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ കണ്ണികളാകും. ഇതിഹാസതുല്യമായിരുന്നു 84 വയസ് വരെയുള്ള സുമംഗലയുടെ ജീവിതം. യാഥാസ്ഥിതിക നമ്പൂതിരി കുടുംബമായ വെള്ളിനേഴി ഒളപ്പമണ്ണ ഇല്ലത്ത് ഒ.എം.സി നമ്പൂതിരിയുടെ മകളായി ജനനം. മെട്രികുലേഷന്‍ വരെ പഠനം. ഉപരിപഠനത്തിനു നിരവധി പ്രതിസന്ധികള്‍ രൂപം കൊണ്ടപ്പോള്‍ ദാമ്പത്യ ജീവിതത്തിലേക്കു പ്രവേശനം.
കുമരനെല്ലര്‍ ദേശമംഗലം മനയില്‍ അഷ്ടമൂര്‍ത്തിയുടെ സഹധര്‍മ്മിണിയായി വടക്കാഞ്ചേരിയുടെ മരുമകളായി എത്തിയ സുമംഗല ഭര്‍ത്താവിന്റെ പരിപൂര്‍ണ പിന്തുണയോടെയാണു എഴുത്തിന്റെ വിശാലതയിലേക്കു വലതുകാല്‍ വെക്കുന്നത്. മൂത്ത മകള്‍ ഉഷക്കു കഥകള്‍ പറഞ്ഞു നല്‍കി കഥയുടെ വിശാലതയിലേക്കു ചുവടു വെച്ചു. ‘കുറിഞ്ഞിയും കൂട്ടുകാരും’ എന്ന ആദ്യ കഥ പൂമ്പാറ്റയിലൂടെ പ്രസിദ്ധീകരിച്ചപ്പോള്‍ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. കുട്ടികള്‍ തങ്ങളുടെ മുത്തശ്ശിയെ ഏറ്റെടുത്തപ്പോള്‍ തിരക്കിന്റെ വിസ്തൃതിയില്‍ സുമംഗല അകപ്പെട്ടു. ദേശമംഗലം മനയിലെ ചാരുകസേരയില്‍ ഇരുന്നു തൂലിക നിരന്തരം ചലിച്ചപ്പോള്‍ ആ കഥാമികവിനു വേണ്ടി കാത്തിരുന്നു കുട്ടി കേരളം. മിഠായിപ്പൊതിയും പഞ്ചതന്ത്രവുമൊക്കെ കേരളം കടന്നും വളര്‍ന്നു പന്തലിച്ചു. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ പത്മ ബിലാനി പുരസ്‌കാരം, വി.ടി നാരായണ ഭട്ടതിരി ട്രസ്റ്റ് പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ മുത്തശ്ശിയെ തേടിയെത്തി.
രണ്ടു പതിറ്റാണ്ടിലേറെ കേരള കലാമണ്ഡലത്തില്‍ ജീവനക്കാരിയായി സേവനമനുഷ്ഠിച്ചതു സുമംഗലയുടെ ജീവിതവഴിയില്‍ സുപ്രധാന വഴി തിരിവായി. കലാമണ്ഡലത്തിന്റെ ചരിത്രരചന കഥാ മുത്തശ്ശിയെ വിശ്വ പ്രസിദ്ധയാക്കി. കൂടിയാട്ടത്തെക്കുറിച്ചുള്ള ഗ്രന്ഥം ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയതു ഏറെ ശ്രദ്ധേയയാക്കി. എണ്‍പത്തിനാലാം വയസിലും സജീവമായ മുത്തശ്ശിയുടെ ദേശമംഗലം മനയില്‍ ഇന്നും സന്ദര്‍ശകരൊഴിഞ്ഞ നേരമില്ല. വരുന്നവരിലേറെയും കുട്ടികളാണെന്നതു സവിശേഷത. ഇവര്‍ക്കെല്ലാം മുന്നില്‍ കുട്ടിക്കഥകളുടെ മിഠായി പൊതിയഴിക്കും ഇന്നും പ്രിയ മുത്തശ്ശി. അതിന്റെ തേനൂറും മധുരം ആവോളം നുണഞ്ഞാണു എല്ലാവരും മടങ്ങുക. നാളെ നടക്കുന്ന ചടങ്ങുകളിലും കുട്ടികളെത്തും തങ്ങളുടെ മുത്തശ്ശിക്കു ചക്കരയുമ്മ നല്‍കാന്‍. വരുന്നവര്‍ക്കെല്ലാം സുമംഗലയെ ആദരിയ്ക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് സംഘാടകര്‍. ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ: ഉഷ, സംഗീതഞ്ജന്‍ നാരായണന്‍ , ബാങ്ക് ഓഫീസര്‍ അഷ്ടമൂര്‍ത്തി എന്നിവരാണു മക്കള്‍. ഭര്‍ത്താവ് അഷ്ടമൂര്‍ത്തിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഇന്നും നമ്രശിക്കയാണു സുമംഗല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.