
എടവണ്ണപ്പാറ: ചാലിയാര്‍ കരകവിഞ്ഞ് കരയിടിഞ്ഞതോടെ മദ്റസാധ്യാപകന്റെ വീട് അപകട ഭീഷണിയില്‍. വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂര്‍ സ്വദേശിയായ അബ്ദുല്‍ ഹക്കീം യമാനിയുടെ വീടാണ് അപകട ഭീഷണിയിലായത്. കഴിഞ്ഞ മാസം പുഴയില്‍ വെള്ളം കയറിയതോടെ വീടിന്റെ സമീപത്തെ വലിയ മതില് ഇടിഞ്ഞു പുഴയിലേക്ക് പതിക്കുകയായിരുന്നു. പുഴയില്‍ നിന്നും വളരെ ഉയരത്തിലുള്ള വീട്ടില്‍ നിന്നും ഒരു മീറ്റര്‍ ദൂരം മാത്രമാണ് പുഴയിലേക്കുള്ളത്.
ഇടിഞ്ഞു വീണ ഭാഗം നിരന്തരം ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഏതു നിമിഷവും വീട് പുഴയിലേക്കു പതിക്കുമെന്ന അവസ്ഥയിലാണ്. വീട് പണി തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ കഷ്ടപ്പെട്ടിരുന്ന മദ്റസ അധ്യാപകനായി ജോലി ചെയ്യുന്ന ഹക്കീം യമാനിക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. പുഴയുടെ സംരക്ഷണ ഭിത്തി കെട്ടണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവ് വരും. ഭാര്യയും മക്കളുമടക്കമുള്ള അംഞ്ചഗ കുടുംബമാണ് ഈ വീട്ടില്‍ ഇപ്പോള്‍ ഭീതിയോടെ താമസിക്കുന്നത്. കുറഞ്ഞ ദിവസം വീട്ടില്‍ നിന്നും മാറിത്താമസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഈ വീട്ടിലേക്ക് തന്നെ മടങ്ങിയിരിക്കുകയാണ്. അധികൃതര്‍ പലരും ഇവിടെ സന്ദര്‍ശിച്ചിരുന്നെങ്കിലും ഇതുവരെ ഒരു ഫലവുമുണ്ടായിട്ടില്ല. വീട്ടില്‍ വെള്ളം കയറിയാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്.
ഏതു നിമിഷവും തകര്‍ന്നു വീഴാനിരിക്കുന്ന ഈ വീട് സംരക്ഷിക്കാന്‍ വകുപ്പില്ലെന്നാണ് അധികൃതരുടെ നിലപാട്. എത്രയും പെട്ടെന്ന് സംരക്ഷണ മതില് സ്ഥാപിച്ചില്ലെങ്കില്‍ വീടൊന്നാകെ നിലംപതിക്കുമെന്ന ഭീഷണിയിലാണ് കുടുംബം.