2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മദ്യം വിഷമാണ്, നിരോധനം വിഷമവുമാണ്

എ. ടി. അഷ്‌റഫ് കരുവാരകുണ്ട്

മദ്യപിച്ചും പട്ടിണികിടന്നും മരുന്നുപരീക്ഷണത്തിനിരയാക്കപ്പെട്ടും എന്‍ഡോസള്‍ഫാന്‍ ദുരന്തമേറ്റും വെടിക്കെട്ടു ദുരന്തത്തിലകപ്പെട്ടും മരിച്ചോളൂ…പക്ഷേ, ഹെല്‍മെറ്റ് ധരിക്കാത്തതു കാരണം ഒരാളും ഈ നാട്ടില്‍ മരിക്കരുത് ! കാരണം, പണമാണ് താരം ; മുതലാളിത്തപ്രീണനമാണു ലക്ഷ്യം.

ലെഗ്ഗിങ്ങ്‌സോ ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന ജീന്‍സോ സോഫ്റ്റ് വസ്ത്രങ്ങളോ ധരിച്ചും അര്‍ദ്ധനഗ്‌നരായും നടന്നോളൂ… പക്ഷേ, ശിരോവസ്ത്രം, പര്‍ദ്ദ എന്നിവ ഒരിക്കലും ധരിക്കരുത്. കാരണം, അധികാരമാണു പ്രധാനം. അതുകൊണ്ടുതന്നെ, മതമാണ് നിദാനം !
ഞങ്ങളുടെ നാട്ടിലെ ഒരു കള്ളുഷാപ്പില്‍ സംഭവിച്ചതാണെന്നു പറയുന്ന ഒരു കഥയുണ്ട്. അതു പറയുംമുന്‍പ് മറ്റൊരുകാര്യം പറയട്ടെ: ഉറങ്ങുന്ന മനുഷ്യന്റെ മാനസികവ്യവഹാരങ്ങളായ സ്വപ്നത്തെ ശാസ്ത്രീയാപഗ്രഥനത്തിനു വിധേയമാക്കിയ സിഗ്മണ്ട് ഫ്രോയിഡ്, പുതിയ ക്ലാസ്സിലേയ്ക്കു വന്ന കുട്ടികളോടു കഥ പറയാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍, അവസാനബാച്ചില്‍ തോറ്റ് അവിടെത്തന്നെ തുടരുന്ന വിദ്യാര്‍ഥി ചാടിയെഴുന്നേറ്റു പറഞ്ഞു: ”സര്‍ , ഈ കഥ കഴിഞ്ഞവര്‍ഷം പറഞ്ഞിട്ടുണ്ട്.”
ഫ്രോയിഡ് പറഞ്ഞു: ”കഴിഞ്ഞവര്‍ഷം നീ ചിരിച്ചിരുന്നുവെങ്കില്‍ ഇനിയും ചിരിക്കേണ്ടതില്ല. മറ്റുള്ളവര്‍ ചിരിക്കട്ടെ. എനിക്കീ കഥ പറഞ്ഞേ പറ്റൂ. ഇതില്‍ ഒരു പോയിന്റുണ്ട്.”
ഞാന്‍ പറയാന്‍പോകുന്ന സംഭവം ആവര്‍ത്തനവിരസമായി കരുവാരകുണ്ടിലെ വായനക്കാര്‍ക്കു തോന്നുന്നുവെങ്കില്‍ അവര്‍ ഇനിയും ചിരിക്കേണ്ടതില്ല. മറ്റുള്ളവര്‍ ചിരിക്കട്ടെ. കള്ളുഷാപ്പുകളെക്കുറിച്ചുപറയുമ്പോള്‍ എനിക്കീ കഥ പറഞ്ഞേ പറ്റൂ.
മദ്യപിച്ചു ബോധംനഷ്ടപ്പെട്ടു നിലത്തുകിടന്നുരുളുകയായിരുന്നയാളെ അയാളുടെ രണ്ട് ആണ്‍മക്കള്‍ താങ്ങിയെടുത്തു വീട്ടിലേയ്ക്കു കൊണ്ടുപോവുകയാണ്. അച്ഛന്റെ വലതുകൈ ഒരു മകന്റെ ചുമലിലും ഇടതുകൈ മറ്റേ മകന്റെ ചുമലിലുമാണ്. ഇരുട്ടിലൂടെ നടന്നുപോകുമ്പോള്‍ നെഞ്ചുവിരിച്ച് അല്‍പം അഹങ്കാരത്തോടെ ആ മദ്യപന്‍ പറഞ്ഞുവത്രേ: ”നിങ്ങള്‍ വെഷമിക്കേണ്ട മക്കളേ..,അപ്പന്‍ എത്ര കുടിച്ചാലും ഈ പോക്കിങ്ങിനെ പോകും..”.
കേരളത്തില്‍ ഇടതുവലതുപക്ഷങ്ങള്‍ മാറിമാറി ഭരിച്ചാലും, മതമേതായാലും മദ്യം നന്നായാല്‍ മതി എന്നു വിശ്വസിക്കുന്ന കുടിയന്മാര്‍ ഈ പോക്കങ്ങനെ പോകും. ലോകത്തുള്ള സകലമദ്യശാലകളും അടച്ചുപൂട്ടിയാലും കുടിയന്മാരുടെ ആസക്തിക്കു കുറവുണ്ടാകില്ലെന്നതിനാല്‍, അത്യാവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന തത്വപ്രകാരം, പകരമൊന്നു കണ്ടെത്തുകതന്നെ ചെയ്യും. അത്തരം ന്യായീകരണങ്ങള്‍ തിന്മനിരോധിക്കപ്പെടാതിരിക്കാനുള്ള ന്യായീകരണങ്ങളാകുന്നില്ല എന്നിരിക്കെ, ഏറ്റവുംകൂടുതല്‍ വരുമാനം ലഭിക്കുന്നതു മദ്യവില്‍പനയിലൂടെയാണെന്ന് ആത്മഹര്‍ഷം കൊള്ളുന്ന ഭരണകൂടം, വിപണനവും വിനിമയവും നിര്‍ത്തലാക്കാന്‍ അധികാരമുള്ള ഭരണകൂടം, ഭീമമായ പണംമുടക്കി മദ്യവിരുദ്ധപരസ്യങ്ങള്‍ നല്‍കുന്നതിലെ കാപട്യം എത്രമേല്‍ പരിഹാസ്യമാണ് !
ബൈക്ക് യാത്രികരുടെ ജീവനില്‍ അതീവജാഗ്രത കാണിച്ചു ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുകയും അതിന്റെപേരില്‍ കേസെടുക്കാന്‍ പൊലിസിനെ നിര്‍ബന്ധിക്കുകയുംചെയ്യുന്ന അധികാരികള്‍, കുടിയന്റെ മാത്രമല്ല, കുടുംബത്തിന്റെയും അപരന്റെയും അയല്‍ക്കാരന്റെയുമൊക്കെ ജീവനും സ്വത്തിനും നാശവും ഭീഷണിയുമുണ്ടാക്കുന്ന ഒരു മദ്യശാലയെങ്കിലും അടപ്പിക്കാത്തതിലെ യുക്തിരാഹിത്യം എത്രമേല്‍ അപഹാസ്യമാണ് ! കള്ളുകുടിച്ചു മരിച്ചാലും ഹെല്‍മെറ്റ് ധരിക്കാത്തത് കാരണം ഒരുത്തനും മരിക്കാന്‍ പാടില്ലെന്നതിലെ വാണിജ്യശാസ്ത്രം എത്രമേല്‍ കപടമാണ് ! രണ്ടിലുമുണ്ട് മുതലാളിത്ത പ്രീണനത്തിന്റെ വൈജാത്യമുഖങ്ങള്‍ : പാവപ്പെട്ടവന്‍ കുടിച്ചു മരിച്ചാലും കുഴപ്പമില്ല, മദ്യരാജാക്കന്മാര്‍ക്കു പണം ലഭിക്കണം; പാവപ്പെട്ടവന്റെ വാഹനമായ ബൈക്ക് ഓടിക്കുന്നവരില്‍നിന്നു പണംപിഴിഞ്ഞെടുത്ത് ഹെല്‍മെറ്റ് മുതലാളിമാരെ വീണ്ടും കുബേരന്മാരാക്കണം. വൈയക്തിക അപചയങ്ങള്‍ക്കും കുടുംബകലഹങ്ങള്‍ക്കും സാമൂഹികതിന്മകള്‍ക്കും കാരണമായി വര്‍ത്തിക്കുകയും ഹെല്‍മെറ്റ് ധരിക്കാതെയുള്ളതിനേക്കാള്‍ എത്രയോ ഇരട്ടിയായി മരണങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്ന മദ്യംനിലനിര്‍ത്തിക്കൊണ്ടും അതിനേക്കാള്‍ ആവേശത്തോടെ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടും പതിറ്റാണ്ടുകളായി ഭരണാധികാരികള്‍ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണ്. കലാഭവന്‍ മണിയുടെ അകാല മരണ കാരണം മദ്യമാണെങ്കില്‍ അതു ജനങ്ങളെ അറിയിച്ചു മദ്യത്തിനെതിരേ നിയമനിര്‍മാണം നടത്തേണ്ടതായിരുന്നു. അതിനുതയാറാവാതെ കോപ്പിയടി തടയാന്‍ വേണ്ടി പര്‍ദ്ദ നിരോധിക്കാന്‍ എന്തൊരാവേശം !
ഭര്‍ത്താവിന്റെ മദ്യപാനം കാരണം ദുരിതമനുഭവിച്ചിരുന്ന കേരളീയ കുടുംബിനികള്‍ക്കു കുറച്ചെങ്കിലും ഗുണകരമായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം എന്നിരിക്കെ, അതുവഴി, ഭരണത്തുടര്‍ച്ചപോലും സാധ്യമാകാമെന്നിരിക്കേ, തങ്ങള്‍ക്കു ഭരണംകിട്ടിയാല്‍ കേരളം മദ്യസുലഭ സുന്ദരമാക്കാനുള്ള തയാറെടുപ്പിലാണു കമ്മ്യുണിസ്റ്റ് പാര്‍ട്ടി. മുന്‍കാലങ്ങളെയപേക്ഷിച്ചു മദ്യരാജാക്കന്മാരോട് ഇത്തിരി ആത്മബന്ധവും കടപ്പാടും കൂടുതലുമുണ്ടല്ലോ ഇപ്പോള്‍! സീതാറാം യെച്ചൂരി അതിനെതിരേ പ്രസ്താവനനടത്തി മദ്യ വിരുദ്ധരുടെ പിന്തുണ വോട്ടാക്കി മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഭരണംകിട്ടിയാല്‍ പിന്നെ യെച്ചൂരിയുടെ തിട്ടൂരമൊന്നും നടക്കില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.