2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതി ആരംഭിക്കും: മന്ത്രി

കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനായി ഓപ്ഷനിങ് മാര്‍ക്കറ്റിങ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തിലെ വിവിധ വികസനപദ്ധതികളായ ഫിങ്കര്‍ ജെട്ടി, ചുറ്റുമതില്‍, ലോക്കര്‍ മുറികള്‍, ഡ്രഡ്ജിങ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യഫെഡിന്റെ സഹായത്തോടെ ഹാര്‍ബറുകളില്‍ നിന്ന് മത്സ്യം ലേലം ചെയ്ത് നേരിട്ടു മാര്‍ക്കറ്റില്‍ എത്തിച്ച് ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്താനുമുള്ള പുതിയൊരു നിയമനിര്‍മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു കാബിനറ്റ് അംഗീകരിച്ച് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഹാര്‍ബറുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടി ജില്ലാ കലക്ടര്‍ ചെയര്‍മാനായ മാനേജ്‌മെന്റ് കമ്മിറ്റിക്ക് രൂപം നല്‍കും. കമ്മിറ്റിക്ക് പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കാനുള്ള പൂര്‍ണ്ണ അധികാരവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പുതിയാപ്പ ഹാര്‍ബറില്‍ ബോട്ട് റിപ്പയറിങ് യാര്‍ഡ് നിര്‍മിക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം തന്നെ നടപടി സ്വീകരിക്കും. ജില്ലയിലെ അഞ്ചു ഹാര്‍ബറുകളിലുമായി 98 കോടി രൂപയുടെ പ്രവര്‍ത്തിയാണു പുരോഗമിക്കുന്നത്.
ഒരു കോടി രൂപ ചെലവില്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ പുതിയ ജെട്ടി, 63 കോടി രൂപ ചെലവില്‍ കൊയിലാണ്ടി ഹാര്‍ബര്‍ വികസന പ്രവൃത്തി, വെള്ളയില്‍ ഹാര്‍ബറില്‍ പുളിമുട്ട് നീളം കൂട്ടാനായി നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15.3 കോടി രൂപയും ഓഫിസ് കെട്ടിടവും ചുറ്റുമതി ലും സ്ഥാപിക്കുന്നതിന് 6.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചോമ്പാല്‍ ഹാര്‍ബറില്‍ പുതിയ ജെട്ടി നിര്‍മിക്കാനായി 4.08 കോടി രൂപയുടെ പദ്ധതിയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ. നിഷ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി രജിനി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ എം.എം വല്‍സ ജോസഫ്, മത്സ്യഫെഡ് ഭരണസമിതി അംഗം സി.പി രാമദാസ്, പുതിയാപ്പ ഹാര്‍ബര്‍ വികസനസമിതി കര്‍വീനര്‍ സി. ഗണേശന്‍, പുതിയാപ്പ അരയ സമാജം പ്രസിഡന്റ് കെ. സുകുമാരന്‍ സംസാരിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.കെ അനില്‍കുമാര്‍ സ്വാഗതവും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം.എ മുഹമ്മദ് അന്‍സാരി നന്ദിയും പറഞ്ഞു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.