2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

മത്സ്യക്കുളങ്ങള്‍ വൃത്തിയാക്കാന്‍ സൂക്ഷ്മജീവികള്‍

കൊച്ചി: മത്സ്യക്കുളങ്ങളിലെ വിസര്‍ജ്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും നശിപ്പിക്കാന്‍ കഴിവുള്ള സൂക്ഷ്മ ജീവികള്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആര്‍.ഐ) കെവികെ വിപണന കേന്ദ്രത്തില്‍ വില്‍പനക്ക് തയ്യാര്‍.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ നാഷണല്‍ സെന്റര് ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് വികസിപ്പിച്ചെടുത്ത സൂക്ഷ്മ ജീവികളാണിവ. ചെറുകുളങ്ങളിലും കൃത്രിമ ടാങ്കുകളിലും മത്സ്യകൃഷി നടത്തുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഇവ.

ജലം മലിനമാകുന്നത് മൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് തടയാന്‍ ഇവയുടെ പ്രയോഗത്തിലൂടെ സാധിക്കും.

അവശിഷ്ട്ടങ്ങള്‍ ജീര്‍ണിച്ച് അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവ ഉണ്ടാകുന്നതും തുടര്‍ന്ന് ഓക്‌സിജന്റെ അളവ് കുറയുന്നതുമാണ് മത്സ്യക്കുളങ്ങള്‍ മീനുകള്‍ക്ക് വാസയോഗ്യമല്ലാതാകുന്നതിന്റെ പ്രധാന കാരണം.

എല്ലായ്‌പ്പോഴും വെള്ളം മാറ്റിക്കൊടുക്കുന്നതും വൃത്തിയാക്കുന്നതും പ്രയോഗികമല്ലാത്തതിനാലാണ് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ശാസത്രീയമായി വികസിപ്പിച്ച സൂക്ഷമജീവികളെ കര്‍ഷകര്‍ക്ക് വേണ്ടി ലഭ്യമാക്കുന്നത്.

സൂക്ഷ്മജീവികളടങ്ങിയ 100 മില്ലിലിറ്റര്‍ ബോട്ടില്‍ കൊണ്ട് 30 സെന്റ് വ്യാപ്തിയുള്ള കുളത്തില്‍ ഒരു മാസം വരെ ഉപയോഗിക്കാം. ഇതിനു വില 150 രൂപയാണ്. സി.എം.എഫ്.ആര്‍.ഐയില്‍ സ്ഥിതി ചെയ്യുന്ന കെവികെ വിപണന കേന്ദ്രത്തില്‍ രാവിലെ 9.30നും 4.30നുമിടയില്‍ ഇവ ലഭ്യമാകും.

കൊച്ചി സര്‍വകലാശാലയുടെ തന്നെ മത്സ്യങ്ങളുടെ വളര്‍ച്ച ത്വരകങ്ങളും ഇവിടെ ലഭ്യമാണ്. ഈ വളര്‍ച്ചാ ത്വരകങ്ങള്‍ ദഹനം വര്‍ദ്ധിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ മീനിന്റെ വളര്‍ച്ച കൂട്ടും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.