2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യ പിന്നോട്ട്

 

ജനീവ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലംനല്‍കി ആഗോള കോംപിറ്റിറ്റീവ്‌നെസ് സൂചികയും. ജനീവ കേന്ദ്രമായ ലോക ഇകണോമിക് ഫോറ(ഡബ്ലിയു.ഇ.എഫ്)ത്തിന്റെ വാര്‍ഷിക ആഗോള കോംപിറ്റിറ്റീവ്‌നെസ് സൂചികയില്‍ നേരത്തെ 58ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വര്‍ഷം 10 സ്ഥാനം താഴോട്ടുപോയി 68ലെത്തി.
ഇതുവരെ ഒന്നാംസ്ഥാനത്തായിരുന്ന യു.എസിനെ കടത്തിവെട്ടി സിംഗപ്പൂര്‍ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ ബ്രിക്‌സ് രാജ്യങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് ഇന്ത്യയും ബ്രസീലും (71ാം സ്ഥാനം) ആണ്.
ബൃഹദ് സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയിലും വിപണിയുടെ വലുപ്പത്തിലും ഇന്ത്യ മുന്നിലാണെങ്കിലും രാജ്യത്തെ ബാങ്കിങ് ഘടന ദുര്‍ബലവും ശക്തി കുറഞ്ഞതുമായിട്ടുണ്ടെന്ന് ലോക ഇകണോമിക് ഫോറം ചൂണ്ടിക്കാട്ടി.
അതേസമയം കോര്‍പറേറ്റുകളെ പരിപാലിക്കുന്നതില്‍ ഇന്ത്യ 15ാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. ഓഹരി ഉടമകളെ നിയന്ത്രിക്കുന്നതില്‍ രണ്ടാംസ്ഥാനത്തുമെത്തി. പുനരുപയോഗ ഊര്‍ജ നിയന്ത്രണത്തില്‍ രാജ്യം രണ്ടാംസ്ഥാനത്തെത്തിയതായും ഡബ്ലിയു.ഇ.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതിലും വികസനത്തിലും മറ്റു വികസിതരാജ്യങ്ങളെ പോലെ ഇന്ത്യ മുന്നിലാണെങ്കിലും വിവര-വാര്‍ത്താവിനിമയ-സാങ്കേതിക രംഗങ്ങളില്‍ മല്‍സരബുദ്ധി നിലനിര്‍ത്തുന്നതിലെ അപാകതകള്‍ മൂലവും മോശമായ ആരോഗ്യസ്ഥിതിയും താഴ്ന്ന ആയുര്‍ദൈര്‍ഘ്യവും മൂലം രാജ്യം പിന്നോട്ടുപോയെന്നാണ് ഡബ്ലിയു.ഇ.എഫ് പറയുന്നത്.
ആയുര്‍ദൈര്‍ഘ്യത്തില്‍ 141 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 109ാം സ്ഥാനത്താണ്. ഇത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ശരാശരിയെക്കാള്‍ കുറവാണ്. ആഫ്രിക്കയ്ക്കു പുറത്ത് ആയുര്‍ദൈര്‍ഘ്യം ഇത്രയും കുറഞ്ഞ രാജ്യം വേറെയില്ല. ജോലിയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവായതും തൊഴില്‍ അവകാശ സംരക്ഷണത്തിന്റെ അഭാവവും രാജ്യത്തെ ദോഷകരമായി ബാധിച്ചു. ജോലിയിലെ സ്ത്രീപുരുഷ അനുപാതത്തില്‍ ഇന്ത്യ 128ാം സ്ഥാനത്താണ്. നിപുണതയില്‍ 107ാം സ്ഥാനത്തും.
അയല്‍രാജ്യമായ ചൈന ലോക ഇകണോമിക് ഫോറം സൂചികയില്‍ 28ാം സ്ഥാനത്താണ്. ശ്രീലങ്ക 84, ബംഗ്ലാദേശ് 105, നേപ്പാള്‍ 108, പാകിസ്താന്‍ 110 സ്ഥാനങ്ങളിലുമാണ്.
1979 മുതലാണ് ലോക ഇകണോമിക് ഫോറം വാര്‍ഷിക ആഗോള മല്‍സര സൂചിക ആരംഭിച്ചത്. യു.എസിനെ പിന്തള്ളി സിംഗപ്പൂര്‍ ഈ വര്‍ഷം ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ ഹോങ്കോങ്ങ് മൂന്നാംസ്ഥാനത്തും നെതര്‍ലന്‍ഡ്‌സ് നാലാം സ്ഥാനത്തുമെത്തി. സ്വിറ്റ്‌സര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്താണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.