2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മതേതരത്വം തകരരുത്

പിണങ്ങോട് അബൂബക്കര്‍

 

ഭാരതത്തിന്റെ രാഷ്ട്രീയ ഭൂമിക രൂപപ്പെടുത്തുന്നതില്‍ ഗാന്ധിസം വഹിച്ച നിര്‍മാണാത്മകമായ പങ്ക് അനിഷേധ്യമാണ്. 80 ലക്ഷത്തിലധികം വരുന്ന ഗ്രാമങ്ങളുടെ ഉള്‍ത്തുടിപ്പുകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഫ്രെയിം വര്‍ക്ക് എന്നാണ് കരുതപ്പെട്ടിരുന്നത്. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമായതിനു പുറമെ ബഹുസ്വരതയുടെ മികച്ച ഉദാഹരണമുള്ള ലോകരാജ്യങ്ങളിലൊന്നാണ്. അക്കാരണത്താല്‍ ഗ്രാമങ്ങള്‍ വളരണം, ഗ്രാമീണരും വളരണം, ഗ്രാമ പരിസരങ്ങളില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്ന വൈകാരികതകള്‍ ബഹുമാനിച്ചുകൊണ്ടുള്ള ഭരണനിര്‍വഹണങ്ങളും നിയമനിര്‍മാണങ്ങളും പരിപോഷിപ്പിക്കുന്ന രാഷ്ട്രീയമായിരുന്നു ഇന്ത്യ പിന്തുടര്‍ന്നിരുന്ന ഗാന്ധിസരാഷ്ട്രീയം.
1948 ജനുവരി മാസം 30 വൈകിട്ട് ബിര്‍ള ഹൗസില്‍ പ്രാര്‍ഥനക്കുവരുന്ന മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ മൂന്നുതവണ നിറയൊഴിച്ച് നിഷ്‌കരുണം വധിച്ചു. പെട്ടെന്നുതന്നെ സംഭവസ്ഥലത്തെത്തിയ ഇന്ത്യന്‍ വൈസ്രോയി മൗണ്ട് ബാറ്റന്‍ പ്രഭുവിനോട് പരിഭ്രാന്തനായ ഒരാള്‍ വിളിച്ചു ചോദിച്ചു: ‘ഒരു മുസ്‌ലിമാണോ ഈ ക്രൂരത ചെയ്തത്’. വളരെ ഉച്ചത്തില്‍ മൗണ്ട് ബാറ്റന്‍ നല്‍കിയ മറുപടി ഇപ്രകാരം: ‘എടാ വിഡ്ഢി നിനക്കറിയില്ലേ അതൊരു ഹിന്ദുവാണെന്ന്.’ വൈകിട്ട് 5.20ന് ഓള്‍ ഇന്ത്യ റേഡിയോ ഈ വാര്‍ത്ത പുറം ലോകത്തെ അറിയിച്ചു. ഗാന്ധിജിയെ വധിച്ച വിനായക് നാഥുറാം ഗോഡ്‌സെ ബ്രാഹ്മണ ജാതിക്കാരനായ ഹിന്ദുവാണെന്ന് വാര്‍ത്തയില്‍ പ്രത്യേകം പറഞ്ഞു. ഒരു മുസ്‌ലിമായിരുന്നു ഘാതകനെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ ഉന്‍മൂലനങ്ങള്‍ അന്ന് സംഭവിക്കുമായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സ്വാതന്ത്ര്യസമര കാലഘട്ടങ്ങളില്‍ വിശുദ്ധ രക്തത്തിന്റെ പേരുപറഞ്ഞ് മാറിനിന്നിരുന്ന ബ്രാഹ്മണ്യം ഒട്ടും വിയര്‍ത്തിരുന്നില്ലെന്ന് മാത്രമല്ല ബ്രിട്ടീഷ് പാദസേവയിലുമായിരുന്നു. ഇപ്പോഴത്തെ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ പാര്‍ട്ടി പൊതുസമ്മേളനത്തില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഹിന്ദുക്കള്‍ക്കും ജൈന മതക്കാര്‍ക്കും ക്രൈസ്തവര്‍ക്കും പൗരത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്(അമിത് ഷാ ജൈനമതക്കാരനാണ്). എന്നാല്‍ മുസ്‌ലിമിന് അതു നല്‍കുകയില്ലത്രെ.
ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയിലാകമാനം കൊണ്ടുവരുമെന്നാണ് ആഭ്യന്തരമന്ത്രി ഉറപ്പിച്ചു പറയുന്നത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഏറ്റവും വലിയ സംഭാവന നല്‍കിയ ഗാന്ധിജിയെ വധിച്ചവര്‍ക്ക് പിറകെ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനാണ് ബ്രാഹ്മണ്യ മേജര്‍മാരുടെ നിയന്ത്രണത്തിലുള്ള ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ 2000 മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നതിന് നേതൃത്വം വഹിച്ച ആഭ്യന്തരമന്ത്രിയായിരുന്നു ഈ അമിത് ഷാ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് യു.എസ് ഗവണ്‍മെന്റ് വിസ നിഷേധിച്ചിരുന്നു.ഭാരതീയരുടെ ‘നിര്‍ഭാഗ്യം’ കാരണം 130 കോടി ജനങ്ങളുടെ പ്രധാനമന്ത്രി എന്ന നിലക്കു മാത്രമാണ് ലോക രാഷ്ട്രങ്ങള്‍ ഇപ്പോള്‍ മോദിയെ സ്വീകരിക്കുന്നത്. അതൊരു ലോക മര്യാദ മാത്രമാണ്, ഭാരതീയരെ മാനിക്കലുമാണ്.
ഗാന്ധിജിയുടെ ശവമഞ്ചത്തിന് അടുത്ത് ഇരുന്നുകൊണ്ട് അനുചരന്മാര്‍ പാടി: ‘നിങ്ങള്‍ സ്വയം പൂഴിയില്‍ മൂടുക, എന്തെന്നാല്‍ അവസാനമായി നിങ്ങളും മണ്ണായി തീരും. കുളിക്കുക, പുതുവസ്ത്രങ്ങള്‍ ധരിക്കുക, നിങ്ങള്‍ പോകുന്നിടത്തുനിന്ന് ഒരിക്കലും മടങ്ങി വരില്ല.’ അനീതിക്കെതിരേ വിരല്‍ ചൂണ്ടാന്‍ ജനപിന്തുണയും പ്രത്യയശാസ്ത്ര പിന്തുണയുള്ള വ്യക്തിയെ ഇല്ലാതാക്കുക എന്ന നിയോഗമാണ് ആര്‍.എസ്.എസ് അന്ന് നടപ്പിലാക്കിയത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു ഗാന്ധിജി. അവശേഷിക്കുന്ന ലഘു ശബ്ദങ്ങളും ഇല്ലാതാക്കുകയാണ് വര്‍ഗീയ ഭ്രാന്ത് പിടിച്ച് ഭരണാധികാരികള്‍. ചരിത്രബോധമില്ലാത്ത ഭരണാധികാരികളില്‍നിന്ന് രാജനീതി എങ്ങനെ പ്രതീക്ഷിക്കും?.
സ്വാതന്ത്ര്യ സമരകാലത്തിനുശേഷവും മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അവസ്ഥ തുടരുകയാണ്. സമ്പാദ്യങ്ങള്‍ മുഴുവനും ഇന്ത്യയില്‍ ഉപേക്ഷിച്ച് 100- 200 മൈലുകള്‍ താണ്ടി പാകിസ്താനിലേക്ക് അഭയാര്‍ഥികളായി പോയ മുസ്‌ലിംകള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ കഥ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്തകം പേജ് 480-495 വിശദീകരിച്ചിട്ടുണ്ട്. റോഡ് നീളെ നടന്നു തളര്‍ന്നു മരണമടഞ്ഞവരുടെ മാംസം കഴിച്ച് പറക്കാന്‍ കഴിയാത്ത തടിച്ചുകൊഴുത്ത കഴുകന്മാരുടെയും മാംസം കഴിച്ചു മടുത്തതുകൊണ്ട് കരള്‍ മാത്രം കഴിക്കുന്ന തെരുവുപട്ടികളുടെയും കഥ അമിത്ഷാ വായിച്ചുനോക്കണം. എമര്‍ജന്‍സി കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ കാര്യമാത്രമായ ഒരു പ്രയോഗം സ്വാതന്ത്ര്യം അര്‍ധരാത്രി പേജ് 369 ഇങ്ങനെയാണ് രേഖപ്പെടുത്തിയത്: ‘മുസ്‌ലിംകളെ തീവണ്ടികളുടെ ജനവാതിലുകളില്‍ കൂടി പുറത്തേക്ക് എറിയുന്ന ഏര്‍പ്പാട് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്’.
ജീവനും രക്തവും കരളും കൊടുത്തു വാങ്ങിയ സ്വാതന്ത്ര്യം അനുഭവിക്കാന്‍ അനുവദിക്കില്ലെന്ന് ഒരു ആഭ്യന്തരമന്ത്രി ആക്രോശിക്കുമ്പോള്‍ നിശബ്ദരാവുന്നത് അനീതി തന്നെയാണ്. ആള്‍ക്കൂട്ടക്കൊലകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്ന കാലമാണിത്.ഇന്ത്യയെ രക്ഷിക്കാന്‍ ഇന്ത്യക്കാര്‍ക്ക് മാത്രമേ കഴിയൂ. ഒരു രാഷ്ട്രം എന്ന നിലക്ക് പൗരന്മാര്‍ക്ക് തുല്യാവകാശങ്ങളും അധികാരങ്ങളും ഉറപ്പുനല്‍കുന്ന ഭരണഘടന ഭാരതത്തിനുണ്ട്. ഭരണഘടനയുടെ കാവല്‍ക്കാര്‍ കടമ നിര്‍വഹിക്കാത്ത സാഹചര്യത്തില്‍ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തി പുറത്തുകളയാനുള്ള അവസരങ്ങളും ഭാരതത്തിലുണ്ട്. പക്ഷേ തെരഞ്ഞെടുപ്പുകള്‍ പോലും അട്ടിമറിക്കപ്പെടുന്നു. പണം ഒരു പ്രധാന ഇടനിലക്കാരനായി രംഗത്തുവരുന്നു. തെരഞ്ഞെടുക്കപ്പെടുന്നവരെ വിലകൊടുത്തുവാങ്ങുന്നു. ജനാധിപത്യ ചേരികളുടെ ശിഥിലീകരണം ഫാസിസ്റ്റുകള്‍ക്ക് സഹായകമാവുന്നു.
പ്രബുദ്ധ കേരളത്തില്‍ പോലും രാഷ്ട്രീയ തിരിച്ചറിവ് ഉണ്ടായിരുന്നുവെങ്കില്‍ ഒ. രാജഗോപാലന്‍ താമരയുടെ വട്ടത്തില്‍ എങ്ങനെ സഭയിലെത്തും. മഞ്ചേശ്വരത്ത് മതേതര ചേരികള്‍ പല ട്രാക്കുകളില്‍ എന്തുകൊണ്ട് ഓടുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രകടമായ പോരായ്മകള്‍ ഫാസിസ്റ്റുകള്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്തുകാണുന്നത്. മണിക്കൂറുകള്‍ ഇടവിട്ട് പാര്‍ട്ടികള്‍ മാറുന്നവരും പണം വാരുന്നവരും പൊളിറ്റിക്കല്‍ മാനേജര്‍മാരായി വരുന്നതാണ് മാറേണ്ടതും മാറ്റേണ്ടതും.
ഡെമോക്രസിയുടെ സ്ഥാനത്ത് പൈശാചിക ഭരണം അതാണ് ഭാരതം നേരിടുന്ന വലിയ വെല്ലുവിളി. നിങ്ങളുടെ അനുവാദം കൂടാതെ നിങ്ങളെ ആര്‍ക്കും തരംതാഴ്ത്താന്‍ കഴിയില്ലെന്ന ബോധം നഷ്ടപ്പെടാതെ കാത്തുപോരലാണ് സ്വാതന്ത്ര്യവും അഭിമാനവും സമ്മാനിക്കുന്നത്. ഭയവും നിരാശയും നിര്‍മിക്കുന്നതിനു വലിയ സന്നാഹങ്ങള്‍ തന്നെ നിലവിലുണ്ട്. മുസ്‌ലിംകളുടെ മനോധൈര്യം ചോര്‍ത്തിക്കളയുന്നതിന് ഇസ്‌റാഈല്‍ കേന്ദ്രീകരിച്ചു മൊസാദ് എന്ന ഭീകര ഗ്രൂപ്പ് നടത്തുന്ന നിരവധി പ്രചാരണ മാര്‍ഗങ്ങളുണ്ട്. ഇന്ത്യയിലും അതിന്റെ കടം കൊള്ളലുണ്ട് എന്നുവേണം കരുതാന്‍.
ഭാരതത്തിന്റെ പ്രത്യയശാസ്ത്ര സമ്പന്നതയും പൈതൃകവും അതിമഹത്തായ ജനാധിപത്യവും ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ല. പ്രതികരണശേഷി നഷ്ടപ്പെടരുത്, ചൂണ്ടുവിരല്‍ തളരരുത്, ജനാധിപത്യ സമ്പ്രദായങ്ങളും സംവിധാനങ്ങളും ആരോഗ്യപരമായി ഉപയോഗപ്പെടുത്താന്‍ പരിശീലിക്കണം, ജനാധിപത്യ സ്ഥാപനങ്ങളിലും സിവില്‍ സര്‍വിസ് മേഖലകളിലും പങ്കാളിത്തമുണ്ടാവാന്‍ പരിശ്രമിക്കണം. ഒപ്പ് വെക്കാനുള്ള കൈകളും പേനകളും പലപ്പോഴും ഫാസിസ്റ്റുകള്‍ കയ്യടക്കുകയാണ്. പഠിക്കണം, പഠിപ്പിക്കണം ഭാവി ഭാരതം മതേതര കൈകളില്‍ ഭദ്രമാകണം. മാറ്റി നിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ മാറി നില്‍ക്കുന്നത് ബുദ്ധിയല്ല. സംഘടിച്ചു ശക്തരാവണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.