2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മതിലുകെട്ടാന്‍ പണമില്ലെങ്കില്‍ അടിയന്തരാവസ്ഥ

 

വാഷിങ്ടണ്‍: മെക്‌സിക്കോ അതിര്‍ത്തി മതിലിനു പണം അനുവദിച്ചില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഡെമോക്രാറ്റ് അംഗങ്ങളെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമവും പരാജയപ്പെട്ടതോടെയാണ് അവസാന അടവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് വര്‍ഷങ്ങളോളം ഭരണസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

യു.എസ് കോണ്‍ഗ്രസിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ധനകാര്യ ബജറ്റില്‍ ഉള്‍പ്പെടുത്തിയ യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിനായുള്ള തുകയ്ക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു 90 മിനിട്ടിലേറെ നീണ്ട കൂടിക്കാഴ്ച. എന്നാല്‍, ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ഡെമോക്രാറ്റ് അംഗങ്ങള്‍ അറിയിച്ചതോടെ ട്രംപ് പുതിയ ഭീഷണിയിലേക്കു നീങ്ങുകയായിരുന്നു.

യോഗം കഴിഞ്ഞ ശേഷം വളരെ നിര്‍മാണാത്മകമായ യോഗം എന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. എന്നാല്‍, മതിലിനു പണം അനുവദിച്ചുകിട്ടാന്‍ അടിയന്തരാവസ്ഥ അടക്കമുള്ള പ്രസിഡന്റിന്റെ പ്രത്യേകാധികാരങ്ങള്‍ പ്രയോഗിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ട്രംപ് പുതിയ നീക്കം വെളിപ്പെടുത്തിയത്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എത്രയും വേഗത്തില്‍ മതില്‍ നിര്‍മിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അതു മാത്രമാണ് ഇനി മുന്നിലുള്ള വഴിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് സ്വയം അഭിമാനിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അടച്ചുപൂട്ടലെന്ന് അതേക്കുറിച്ചു പറയാനാകില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി ചെയ്യേണ്ടതു ചെയ്യുന്നുവെന്നു മാത്രമേ പറയാനാകൂ- ട്രംപ് വ്യക്തമാക്കി.
എന്നാല്‍, പുതുതായി അധികാരമേറ്റ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ട്രംപുമായുള്ള യോഗം കലഹത്തില്‍ കലാശിക്കുകയാണുണ്ടായതെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അവസരമുണ്ടാക്കണമെന്നാണ് തങ്ങള്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ അദ്ദേഹം അതു തള്ളിക്കളയുകയാണു ചെയ്തതെന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഡെമോക്രാറ്റിക് നേതാവ് ചുക്ക് ഷ്യൂമര്‍ പ്രതികരിച്ചു.

ഡിസംബര്‍ 22ന് തുടങ്ങിയ യു.എസിലെ ഭാഗിക ഭരണസ്തംഭനം അവസാനിപ്പിക്കാനായി വ്യാഴാഴ്ച ജനപ്രതിനിധി സഭ ധനകാര്യ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ഫെബ്രുവരി എട്ടുവരെയുള്ള അതിര്‍ത്തി സുരക്ഷാ കാര്യങ്ങള്‍ക്ക് ആവശ്യമായ 1.3 ബില്യന്‍ ഡോളറും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഭരണസ്തംഭനത്തിനു മുഖ്യഹേതുവായ ട്രംപിന്റെ മെക്‌സിക്കോ മതില്‍ ധനബില്ലിന് ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയതുമില്ല. അതേസമയം റിപബ്ലിക്കന്‍ പാര്‍ട്ടിക്കു മേധാവിത്വമുള്ള സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാലേ ബില്‍ പ്രാബല്യത്തില്‍ വരൂ.

മതില്‍ ധനബില്‍ കൂടാത്തൊരു ബില്ലിനും ട്രംപ് അംഗീകാരം നല്‍കില്ലെന്ന് ഉറപ്പായതോടെ ഭരണസ്തംഭനം മാറ്റമില്ലാതെ തുടരുമെന്ന് ഉറപ്പായി. ഏകദേശം എട്ടു ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാരാണ് മൂന്ന് ആഴ്ചത്തോളമായി വേതനമില്ലാതെ കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും അവധിയെടുത്തിരിക്കുകയാണ്. ബാക്കിയുള്ളവര്‍ വേതനമില്ലാതെ ജോലിയും തുടരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News