2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മതസംവാദങ്ങളും ചര്‍ച്ചകളും സമൂഹത്തിന് അനിവാര്യം

രമേശ് ചെന്നിത്തല rameshchennithala@gmail.com

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഏതു മതത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനുമുളള സ്വാതന്ത്ര്യം പൗരന് ഉറപ്പുനല്‍കുന്നുണ്ട്. അനാദികാലം മുതല്‍ എല്ലാറ്റിനെയും സ്വാംശീകരിക്കുന്ന മഹത്പാരമ്പര്യത്തിന്റെ ഉടമകളായിരുന്നു നമ്മള്‍. അതുകൊണ്ടാണു ലോകത്തിലെ എല്ലാ മഹത്തായ മതങ്ങളും ഭാരതത്തില്‍ പ്രചരിച്ചതും നിലനിന്നതും.
ആ പാരമ്പര്യത്തിന്റെ ഉദാത്തഭൂമികയായിരുന്നു കേരളം. വാവരുടെ പള്ളിയില്‍ കയറാതെ ഒരു ഭക്തനും ശബരിമലയില്‍ പോകാറില്ല. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. മതം ഒരിക്കലും നമ്മുടെ സംസ്‌കാരത്തിന്റെ കേന്ദ്രബിന്ദുവായിരുന്നില്ല. മറിച്ച്, മനുഷ്യസൗഹാര്‍ദമായിരുന്നു സംസ്‌കാരത്തിന്റെ ചാലകശക്തി. അതുകൊണ്ടു തന്നെ നമ്മുടെ ആഘോഷങ്ങളെല്ലാം എല്ലാവരുടേതുമായിരുന്നു.
എന്നാല്‍, കുറച്ചുനാളായി കേരളം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ അവിശ്വാസത്തിന്റെയും അസഹിഷ്ണതയുടെയും അന്യവല്‍ക്കരണത്തിന്റെയും ഇടമായി മാറുകയാണ്. അത് ആശങ്കയോടെ മാത്രമേ കാണാനാകൂ. നാളെ അപകടകരമായ അവസ്ഥയിലേക്ക് ഈ ബഹുസ്വരസമൂഹത്തെ ഈ അവിശ്വാസവും അസഹിഷ്ണുതയും എത്തിച്ചേക്കാം.
മതം പ്രചരിപ്പിക്കല്‍ അപകടകരമായ സംഗതിയല്ല. മതത്തിന്റെ ഉദാത്തമൂല്യങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകളും സംവാദങ്ങളും സമൂഹത്തില്‍ ഉയര്‍ന്നു വരണം. അതെല്ലാം സമൂഹത്തിന്റെ ബഹുസ്വരമായ ചട്ടക്കൂടിനെ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും. സംവാദങ്ങളിലൂടെയും സ്വാംശീകരണത്തിലൂടെയുമാണു കേരളീയ സംസ്‌കാരം ഉടലെടുത്തത്. ഈ സംസ്‌കാരത്തിന്റെ അവകാശികള്‍ ഇവിടെയുള്ള ഓരോരുത്തരുമാണ്. ആര്‍ക്കും കുത്തക അവകാശപ്പെടാനാകില്ല.
പക്ഷേ, കുറച്ചുകാലമായി ചില അനാരോഗ്യപ്രവണതകള്‍ കേരളീയസമൂഹത്തില്‍ ശക്തിപ്രാപിക്കുന്നുണ്ട്. താന്‍ വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മതം മാത്രം നിലനിന്നാല്‍ മതിയെന്ന നിര്‍ബന്ധബുദ്ധി വിഭിന്ന വിശ്വാസങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്ന സമൂഹത്തെ ദുര്‍ബലെപ്പടുത്തും. മറ്റൊരാളുടെ വിശ്വാസം പ്രചരിക്കപ്പെടുമ്പോഴോ അതില്‍ സംവാദങ്ങള്‍ നടക്കുമ്പോഴോ സമൂഹം കൂടുതല്‍ വികസിതമാകുകയാണു ചെയ്യുന്നത്.സാമൂഹ്യാവബോധത്തിന്റെ വികാസമാണു പരിഷ്‌കൃതസമൂഹത്തിന്റെ സൃഷ്ടിയില്‍ നിര്‍ണായകമായിട്ടുള്ളത്. എനിക്കിഷ്ടമുള്ളതു മാത്രമേ എനിക്കു ചുറ്റും കാണാവൂവെന്നു നിര്‍ബന്ധം പിടിക്കുമ്പോള്‍ അവിടെ ഫാസിസം കടന്നുകൂടും. മതേതരമായ എല്ലാ ഇടങ്ങളെയും വക്രീകരിച്ചു നിറഭേദങ്ങളില്ലാത്ത ഏകമുഖസമൂഹത്തെ സൃഷ്ടിക്കും. കേരളം ഒരിക്കലും അത്തരത്തിലുള്ള സമൂഹമായിരുന്നില്ല. ഇനി അത്തരത്തിലാകാനും പാടില്ല.
ചിന്തകള്‍ എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നുവരണം. ഏതു വ്യക്തിക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഉപേക്ഷിക്കാനും മതമില്ലാതെ ജീവിക്കാനും കഴിയുന്ന കേരളമായിരുന്നു നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്നത്. അതിനെ തച്ചുടച്ച് അതിന്റെ സ്ഥാനത്ത് ഏകശിലാഘടനയിലുള്ള കേരളം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നു. സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും ഇത്തരം ശ്രമങ്ങള്‍ക്കു മുന്നില്‍ നോക്കുകുത്തിയാവുകയോ പിന്തുണ നല്‍കുകയോ ചെയ്യുന്നു. മുഖ്യമന്ത്രിസ്ഥാനം പോലുള്ള ഉന്നതപദവികള്‍ വഹിക്കുന്നവര്‍പോലും അത്തരം ശ്രമങ്ങളെ പരോക്ഷമായി പിന്തുണക്കുന്നു.
വലിയ ആപത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. എല്ലാ ഭാഗത്തുനിന്നും ഇത്തരം പ്രതിലോമശക്തികള്‍ക്കു പിന്തുണ വര്‍ധിച്ചുവരുന്നത് ആശങ്കപ്പെടുത്തുന്നു. അതേസമയം വരുന്നതുവരട്ടേയെന്നു കരുതി ആശങ്കകളുമായി തലതാഴ്ത്തിയിരിക്കാനും സമയമില്ല. സമൂഹം ആവശ്യപ്പെടുന്ന ജാഗ്രതയും സാഹോദര്യവും കൂട്ടായ്മയും എന്തു വിലകൊടുത്തും നിലനിര്‍ത്തിയേ തീരൂ. അല്ലെങ്കില്‍ കേരളം വരും തലമുറകള്‍ക്കു ജീവിക്കാന്‍ പറ്റാത്ത ഇടമായി മാറും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.