2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മതസംഘടനകളുടെ പേരില്‍ സംവരണം വേണ്ട; ആരോഗ്യവകുപ്പിന്റെ ഉത്തരവ് മുഖ്യമന്ത്രി തിരുത്തി

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തില്‍ ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളില്‍ സമുദായത്തിന് നീക്കിവച്ച 50ശതമാനം സീറ്റില്‍ കൃത്രിമം കാട്ടാനുള്ള മാനേജ്‌മെന്റ് നീക്കത്തിന് ഒത്താശ ചെയ്ത ആരോഗ്യവകുപ്പിനെ മുഖ്യമന്ത്രി തിരുത്തി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി എസ്, ബി.ഡി.എസ് പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ മതന്യൂനപക്ഷങ്ങളിലെ ഉപവിഭാഗം ഏതാണെന്നു തെളിയിക്കുന്നതിനു മത സാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്ന ഉത്തരവാണ് പിന്‍വലിച്ചത്. ജൂലൈ 29ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് റദ്ദാക്കിയത്. ഇനി മതമോ മതങ്ങളിലെ ഉപവിഭാഗമോ തെളിയിക്കുന്നതിന് റവന്യൂ അധികാരിയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി.
മുസ്‌ലിം സമുദായത്തിന് മുസ്‌ലിം എന്ന ഒറ്റ വിഭാഗമേ ഉണ്ടാകൂ. മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകളെ സമുദായത്തിനകത്തെ ഉപജാതി വിഭാഗങ്ങളാക്കി സംവരണം ചെയ്താണ് ആരോഗ്യവകുപ്പ് സ്വാശ്രയ മെഡിക്കല്‍ ലോബിക്ക് തട്ടിപ്പിനു കളമൊരുക്കിയത്. ഇത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കോഴിക്കോട് കെ.എം.സി.ടി, കൊല്ലം ട്രാവന്‍കൂര്‍, കൊല്ലം അസീസിയ, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ദന്തല്‍ കോളജ്, അസീസിയ ദന്തല്‍കോളജ് , അല്‍ അസ്ഹര്‍ ദന്തല്‍ കോളജ് എന്നീ കോളജുകള്‍ക്കാണ് സംഘടനാ അടിസ്ഥാനത്തില്‍ സംവരണം ഒരുക്കി ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉത്തരവിറക്കിയത്.
സുന്നി, മുജാഹിദ്, ജമാഅത്ത് ഇസ്‌ലാമി, കേരള മുസ്‌ലിം ജമാഅത്ത് എന്നീ സംഘടനകള്‍ മുസ്‌ലിം ജനവിഭാഗത്തിന്റെ ഉപജാതികളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ഈ സംഘടനകളില്‍ നിന്നുള്ളവരുടെ മക്കള്‍ക്ക് പ്രവേശനം ഒരുക്കുന്ന രീതിയിലാണു സംവരണം ക്രമീകരിച്ചത്. ഇതിനായി റവന്യൂ അധികാരികളില്‍ നിന്നുള്ള രേഖയ്ക്കു പുറമേ, ബന്ധപ്പെട്ട സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന രേഖ സര്‍ക്കാര്‍ രേഖയായി പരിഗണിക്കാനും തീരുമാനിച്ചിരുന്നു.
ഈ സംഘടനകളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാനേജ്‌മെന്റിന് സീറ്റ് കൈമാറ്റം ചെയ്യാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. അത്യപൂര്‍വമായ ഉത്തരവിറക്കിയാണ് ആരോഗ്യവകുപ്പ് കബളിപ്പിച്ചത്. സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പുറമേ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ആരോഗ്യവകുപ്പില്‍ നിന്നു ഫയല്‍ വിളിച്ചുവരുത്തിയാണ് ഇന്നലെ ഉത്തരവ് റദ്ദാക്കിയത്.
എന്‍.ആര്‍.ഐ ക്വാട്ടയിലടക്കം മുഴുവന്‍ സീറ്റുകളിലും പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് ന്യൂനപക്ഷ കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളില്‍ കോടികള്‍ മറിയുന്നതിന് ആരോഗ്യ വകുപ്പ് കൂട്ടു നിന്നത്. നേരത്തേ തന്നെ സ്വാശ്രയ കരാര്‍ അട്ടിമറിക്കാന്‍ തെറ്റായ ഓര്‍ഡിനന്‍സ് ഇറക്കിയതിന്റെ പേരില്‍ ആരോപണവിധേയനാണ് ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.