2018 June 23 Saturday
സ്‌നേഹിക്കുവാന്‍ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്
രവീന്ദ്രനാഥ് ടാഗോര്‍

മതമില്ലാത്ത വോട്ടിന്റെ മതവും ജാതിയും

എന്‍.പി ജിഷാര്‍

മതേതരപ്രവര്‍ത്തനമായ തെരഞ്ഞെടുപ്പില്‍ ജാതി, മതം, വംശം, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടുചോദിക്കുന്നത് ജയം റദ്ദാക്കാനുള്ള മതിയായ കാരണമാകുമെന്നു വ്യക്തമാക്കി കഴിഞ്ഞദിവസം സുപ്രിംകോടതി ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി രാജ്യത്ത് വ്യാപകമായ ആശങ്കയും ആശയക്കുഴപ്പവുമാണു സൃഷ്ടിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യനിയമത്തിന്റെ 123 (3) വകുപ്പു പ്രകാരം മതം, ജാതി, വര്‍ണം മുതലായവയുടെ പേരില്‍ വോട്ടുചോദിക്കുന്നത് നിലവില്‍ കുറ്റകരമാണ്. ഈ നിയമത്തിനു കൂടുതല്‍ വ്യാപ്തിയും പ്രഹരശേഷിയും നല്‍കുന്ന വ്യാഖ്യാനമാണു സുപ്രിംകോടതി നടത്തിയത്.
സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ഥിക്കുവേണ്ടി മറ്റാരെങ്കിലുമോ ഈ രീതിയില്‍ പ്രചാരണം നടത്തിയാലും തെരഞ്ഞെടുപ്പ് അസാധുവാകുമെന്നതാണു പുതിയ മാറ്റം. സ്ഥാനാര്‍ഥിക്കുവേണ്ടി മത,ജാതി സംഘടനകളോ മതനേതാവോ പുരോഹിതനോ പണ്ഡിതനോ വോട്ടഭ്യര്‍ഥിച്ചാലും കുറ്റകരമാകും. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ച്, മൂന്നുപേരുടെ വിയോജിപ്പോടെയാണു വിധി അംഗീകരിച്ചത്. ഭൂരിപക്ഷത്തിന്റെ സാങ്കേതികതയില്‍ അതു വന്നുകഴിഞ്ഞു.
ഈ വിധിക്കു വഴിയൊരുക്കിയ കേസ് ഏതെന്നത് അതിന്റെ സാമൂഹികപ്രത്യാഘാതം ചര്‍ച്ച ചെയ്യുമ്പോള്‍ ഏറെ പ്രസക്തമാണ്. ഹിന്ദു വര്‍ഗീയതയെ കൂട്ടുപിടിച്ചു തെരഞ്ഞെടുപ്പില്‍ സംഘ്പരിവാരം നടത്തുന്ന വിദ്വേഷപ്രചാരണത്തിനെതിരായ കേസില്‍ 1995 ല്‍ ജസ്റ്റിസ് ജെ.എസ് വര്‍മ അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ഹിന്ദുത്വം മതമല്ല, സംസ്‌കാരമാണെന്നും ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നതു തെരഞ്ഞെടുപ്പു ചട്ടലംഘനമല്ലെന്നുമായിരുന്നു വിധി.
സംഘ്പരിവാര്‍ വാദങ്ങളെ ശരിവച്ച കോടതിവിധി രാജ്യത്തെ ഹിന്ദുവര്‍ഗീയകേന്ദ്രങ്ങള്‍ക്കു വലിയ ഊര്‍ജമാണു നല്‍കിയത്. ഇതിനെതിരേ നല്‍കിയ ഹരജിയിലാണ് ഇപ്പോഴത്തെ വിധി. എന്നാല്‍, ഹിന്ദുത്വത്തിനു നല്‍കിയ നിര്‍വചനം പുനഃപരിശോധിക്കാനോ പുതിയ വ്യാഖ്യാനത്തിന്റെ പരിധിയില്‍ ഹിന്ദുത്വവും ഉള്‍പെടുമോ എന്നു കോടതി വ്യക്തത വരുത്തിയിട്ടില്ല. പഴയവിധിയെ പരോക്ഷമായിപ്പോലും പരാമര്‍ശിച്ചില്ല. ഫലത്തില്‍, ഹിന്ദുത്വത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിക്കുന്നതു തെറ്റല്ലാതാകുകയും മറ്റു മതങ്ങളോ സമുദായമോ തെരഞ്ഞെടുപ്പില്‍ പരാമര്‍ശിക്കപ്പെട്ടാല്‍ കുറ്റകൃത്യമാവുകയും ചെയ്യുന്ന അവസ്ഥ വന്നു.
മത,ഭാഷാന്യൂനപക്ഷങ്ങളെയും അധഃസ്ഥിത,പിന്നോക്ക,ദുര്‍ബല സമൂഹങ്ങളെയും ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് ഈ വിധി കൊണ്ടെത്തിച്ചിരിക്കുന്നത്. പിന്നോക്ക,ന്യൂനപക്ഷവിഭാഗങ്ങളുടെ അസ്തിത്വംതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ. ഇത്തരം സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകൃതമായ പാര്‍ട്ടികളുടെ നിലനില്‍പും മത,ജാതി,ഭാഷാവിഭാഗങ്ങളുടെ പൗരാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പ്രാതിനിധ്യവും സാമുദായികസംഘടനകളുടെ രാഷ്ട്രീയനിലപാടുകളുമെല്ലാം കുറ്റകൃത്യമായി മാറുകയാണ്.
മതേതരരാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ മതനിരപേക്ഷമാകണമെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. എന്നാല്‍, അതിന്റെ പേരില്‍ ഒരുവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രം കുറ്റകൃത്യമായി മാറുന്നതോടെ സാമൂഹികമായി പുറന്തള്ളപ്പെടുന്നവര്‍ ജനാധിപത്യ രാഷ്ട്രീയസംവിധാനത്തില്‍ നിശ്ശബ്ദമാക്കപ്പെടുകയാണു ചെയ്യുന്നത്. ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ പേരില്‍ വോട്ടു ചോദിക്കുന്നതിനെയും സാമൂഹികവിവേചനത്തെയും അനീതിയെയും മറികടക്കാന്‍ ചോദ്യങ്ങളുന്നയിക്കുന്നതിനെയും രണ്ടായി കാണാതിരിക്കുന്നുവെന്നതാണ് ഈ വിധിയുടെ പോരായ്മ. വിധി സ്വാഗതംചെയ്യാന്‍ ബി.ജെ.പി കാണിച്ച അത്യാവേശം, ഇതിന്റെ പ്രായോജകര്‍ ആരായിരിക്കുമെന്ന് വ്യക്തമാക്കുന്നുമുണ്ട്.
ഈ വിധിയുണ്ടായ സമയവും സന്ദര്‍ഭവും വര്‍ത്തമാനകാല രാഷ്ട്രീയ സാമൂഹികസാഹചര്യങ്ങളും ഏറെ ശ്രദ്ധേയമാണ്. ദേശീയത, ദേശീയബോധം, ഭാഷ, സംസ്‌കാരം ഇത്യാദി ഘടകങ്ങളാലൊന്നും ഏകീകരിക്കപ്പെട്ടിട്ടില്ലാത്ത ജനതയാണ് ഇന്ത്യയിലുള്ളത്. എന്നല്ല, ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്കിടയില്‍ വലിയ വിഭജനമുണ്ടാകുകയും അതു നിരന്തരസംഘര്‍ഷത്തിനു കാരണമാകുകയും ചെയ്യുന്നതാണ് നിലവിലെ അവസ്ഥ. ജാതി, സാമൂഹികപിന്നോക്കാവസ്ഥ, ഭാഷ തുടങ്ങിയവയെല്ലാം വൈവിധ്യത്തിനു കാരണമായിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രസംവിധാനം ഈ വൈവിധ്യത്തെ (സൈദ്ധാന്തികമായെങ്കിലും) ജനാധിപത്യപരമായാണു സമീപിച്ചിട്ടുള്ളത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഈ സാമൂഹിക ഘടന അതേപോലെ നിലനിന്നു. അതുകൊണ്ടുതന്നെ അധഃസ്ഥിത, പിന്നോക്ക, ദുര്‍ബല വിഭാഗങ്ങള്‍ക്കു കടുത്തവിവേചനമാണു നേരിടേണ്ടിവന്നത്. ദലിത്, മുസ്‌ലിം വിഭാഗങ്ങളാണ് ഏറെ ആക്രമിക്കപ്പെട്ടത്. മാറിമാറിവന്ന ഭരണകൂടങ്ങളും ഉദ്യോഗസ്ഥ സംവിധാനവും ജുഡീഷ്യറിയുമെല്ലാം അറിഞ്ഞും അറിയാതെയും വിവേചനങ്ങളുടെ നടത്തിപ്പുകാരായി.
ഓരോ നിയമവും ദുര്‍ബലവിഭാഗങ്ങളെ കൂടുതല്‍ കുറ്റവാളികളാക്കി മാറ്റുന്ന തരത്തിലാണു പ്രയോഗിക്കപ്പെട്ടത്. ഭീകരവിരുദ്ധപോരാട്ടമെന്നു പേരിട്ട് ഇന്ത്യയില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം നിഷ്‌കളങ്കരായ മുസ്്‌ലിം യുവാക്കളെ ജയിലിലെത്തിക്കുന്നതിലാണു കലാശിച്ചത്. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ മുസ്്‌ലിംവിരുദ്ധനിയമങ്ങളായി. സമാനമായ നിയമങ്ങളും മാവോയിസ്റ്റ് ഭീഷണിയും പറഞ്ഞു ദലിതരും ആക്രമിക്കപ്പെട്ടു.
നീതി നിഷേധിക്കപ്പെട്ട ജനത അതിജീവനത്തിനുവേണ്ടി സ്വതന്ത്ര ഇന്ത്യയില്‍ സമാനതകളില്ലാത്ത പോരാട്ടമാണു നടത്തിയത്. സമീപകാലത്ത് ആ പോരാട്ടം രാഷ്ട്രീയരൂപം പ്രാപിക്കാന്‍ തുടങ്ങി. ഇതു മുസ്‌ലിം, ദലിത് മുന്നേറ്റങ്ങളെ ശാക്തീകരിച്ചു. അധീശവിഭാഗങ്ങളുടെ മേധാവിത്തത്താല്‍ അദൃശ്യരാക്കപ്പെട്ടവര്‍ പൊതുധാരയില്‍ പ്രത്യക്ഷപ്പെട്ടു. സാംസ്‌കാരികസംഘങ്ങള്‍ മുതല്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍വരെ മുസ്‌ലിംദലിത് കര്‍തൃത്വത്തില്‍ രൂപപ്പെട്ടു.
ഹൈന്ദവവര്‍ഗീയതയുടെ പരീക്ഷണശാലയായ ഗുജറാത്തില്‍വരെ ദലിത്, മുസ്‌ലിം പ്രതിരോധത്തിന്റെ പുതിയചരിത്രം രചിക്കപ്പെട്ടു. ഭീകരവേട്ടയുടെ പേരിലുണ്ടായ ഭരണകൂട അതിക്രമങ്ങള്‍ക്കെതിരേ ഉയര്‍ന്ന മുസ്‌ലിംകളുടെ പ്രതിഷേധവും ഉനയിലും ഹൈദരാബാദ് സര്‍വകലാശാലയിലുമൊക്കെയുണ്ടായ ദലിത് പ്രതിരോധങ്ങളുമെല്ലാം ഈ ഉണര്‍വിന്റെ പ്രതിഫലനമായിരുന്നു.
ബട്‌ല ഹൗസ് സംഭവം, ഇഷ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങി ലൗജിഹാദും ജെ.എന്‍.യുവിലെ നജീബ് തിരോധാനവുംവരെയുള്ള സംഭവങ്ങളില്‍ പത്തോ ഇരുപതോ വര്‍ഷം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുകളാണ് മുസ്‌ലിം, ദലിത് സംഘടനകളും ഇത്തരം പ്രശ്‌നങ്ങളോട് ആഭിമുഖ്യമുള്ള രാഷ്ട്രീയപാര്‍ട്ടികളും നടത്തിയത്. താടിവയ്ക്കലും ആടുമേയ്ക്കലുമാണ് ഇസ്്‌ലം എന്നു വിശ്വസിക്കുന്നവര്‍വരെ അതെല്ലാം വിട്ട് യു.എ.പി.എയെയും അധീശവര്‍ഗ ഗൂഡാലോചനകളെയുംപറ്റി സംസാരിക്കാന്‍ തുടങ്ങി.
ദലിത് രാഷ്ട്രീയപരീക്ഷണങ്ങള്‍ വിജയകരമായി നടപ്പാക്കിയ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സമയത്താണ് ഈ വിധി വന്നത്. യു.പി ജനസംഖ്യയില്‍ ദലിത്, മുസ്്‌ലിംവിഭാഗങ്ങള്‍ 40 ശതമാനത്തിലധികം വരും. മറ്റു പിന്നോക്കക്കാരുമുണ്ട് അത്രതന്നെ. ഇത്രയേറെ ആളുകളുടെ നിത്യജീവിതത്തില്‍ നേരിടേണ്ടിവരുന്ന അന്യായങ്ങളെയും വിവേചനത്തെയും പരാമര്‍ശിക്കാത്ത തെരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കില്ല. ചിതറിപ്പോകുന്ന മുസ്‌ലിം വോട്ടുകള്‍ വര്‍ഗീയ,ഫാസിസത്തിന് സഹായകരമാകാത്ത തരത്തില്‍ സമാഹരിക്കാനും അതു മതേതരചേരിയില്‍ ഉറപ്പിച്ചുനിര്‍ത്താനും ഇത്തവണ മുസ്ിലം സംഘടനകള്‍ രംഗത്തുണ്ട്. എട്ടു മുസ്‌ലിം സംഘടനകള്‍ ഇതിനായി മുന്നണിയുണ്ടാക്കിയിട്ടുണ്ട്. ദലിത് സംഘടനകളും ഉണര്‍വിലാണ്.
ഈ മുന്നേറ്റത്തിനു തടയിടാനുള്ള ശ്രമമാണ് അധീശവര്‍ഗരാഷ്ട്രീയം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രത്യേക സൈനികാധികാര നിയമം, യു.എ.പി.എ പോലുള്ള നിയമങ്ങളും ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരായ ആയുധങ്ങളാക്കുകയാണവര്‍. സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡ ദേശീയതയുടെ നിറംപുരട്ടിയാണിപ്പോള്‍ പ്രയോഗിക്കുന്നത്. ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഭരണഘടനാവിരുദ്ധ നടപടികള്‍ വരെ ദേശീയതയുടെ പേരിലാണു ന്യായീകരിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കല്‍ നടപടികളെ സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍പോലും എതിര്‍ക്കാന്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് വരെ ഭയപ്പെട്ടതിന്റെ കാരണമിതാണ്. ഈ നിസ്സഹായാവസ്ഥ നാള്‍ക്കുനാള്‍ രൂക്ഷമാകുംവിധമാണു ‘ദേശീയ’പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത്.
കോടതിവിധിയെ സ്വാഗതം ചെയ്യുന്നതിനു കാരണമായി ബി.ജെ.പി പറഞ്ഞത്, ‘തങ്ങള്‍ ദേശീയതാരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണെ’ന്നാണ്. മാട്ടിറച്ചിനിരോധം, യോഗ, ആയുധപൂജ, സൂര്യനമസ്‌കാരം, ഗീതാപഠനം, സംസ്‌കൃതവിദ്യാഭ്യസം, നിലവിളക്കുകൊളുത്തല്‍ തുടങ്ങിയവയെല്ലാം ഹിന്ദുവിതര സമുദായങ്ങളെയും അവര്‍ണവിഭാഗങ്ങളെയും ആക്രമിക്കാനുള്ള ‘ദേശീയ’ കാരണങ്ങളാക്കി നേരത്തെതന്നെ ബി.ജെ.പി മാറ്റിയിട്ടുണ്ട്. അവ ദേശീയചിഹ്നങ്ങളും രാജ്യത്തിന്റെ സാംസ്‌കാരികാചാരങ്ങളുമാണെന്നാണു സംഘ്പരിവാര്‍ നിലപാട്. അപ്പോള്‍ ബി.ജെ.പിയുടെ ‘ദേശീയതാരാഷ്ട്രീയ’മെന്തെന്നു വ്യക്തം. ഇത്തരം വാദങ്ങള്‍ക്കു നിയമപരമായ സാധുതയും ജുഡീഷ്യല്‍ പിന്തുണയും ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ സുപ്രിംകോടതി വിധി.
വര്‍ഗീയ,ഫാസിസ്റ്റ് അജന്‍ഡകള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് എത്തിച്ചുകൊടുത്തുവെന്നതാണു പുതിയവിധിയുടെ അനന്തരഫലം. സാമാന്യനീതിക്കായുള്ള അനിവാര്യമായ ശബ്ദങ്ങളെപ്പോലും അടിച്ചമര്‍ത്താനും അവ കുറ്റകരമായ പ്രവര്‍ത്തനങ്ങളായി വ്യാഖ്യാനിച്ചു ജയിലലടക്കാനും അധീശവിഭാഗങ്ങള്‍ക്ക് ഇനിയധികം അധ്വാനിക്കേണ്ടിവരില്ല. ബി.ജെ.പിക്കാര്‍ ബസ് കത്തിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനവും പി.ഡി.പിക്കാരാണെങ്കില്‍ ഭീകരവാദവുമാണെന്നത് നേരത്തെതന്നെ കേരളത്തില്‍പോലും നടപ്പാക്കപ്പെട്ടതാണ്.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഈ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാകാത്തതാണെന്നതു തന്നെയാണ് ഈ വിധിയെ അപകടകരമാക്കുന്നത്. വിധിക്കെതിരായ വിമര്‍ശനംപോലും ദേശവിരുദ്ധപ്രവര്‍ത്തനമായി മാറ്റാന്‍ കഴിയുന്ന സ്ഥിതിവിശേഷം അവശേഷിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ വിധി മതമില്ലാത്ത വോട്ടുകള്‍ ഉറപ്പാക്കില്ല. തെരഞ്ഞെടുപ്പ് മതരഹിതമാക്കില്ല. വിയോജനക്കുറിപ്പെഴുതിയ മൂന്നു ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ ഇതിന് അടിവരയിടുന്നുമുണ്ട്.
ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നത് കോടതി പുതിയ നിയമം നിര്‍മിക്കുന്നതുപോലെയാണ് (ഷൗറശരശമഹ ൃലറൃമളശേിഴ ീള ഹമം) എന്ന വിമര്‍ശം വിയോജനക്കുറിപ്പെഴുതിയ ജഡ്ജിമാര്‍ ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍, ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനെയോ സംവദിക്കുന്നതിനെയോ നിരോധിക്കുന്നില്ല. ജനങ്ങളെ അവരുടെ ന്യായമായ ആവശ്യങ്ങളുന്നയിക്കുന്നതില്‍നിന്നു തടയുകയാണെങ്കില്‍ അതു ജനാധിപത്യമെന്ന വിശാലമായ സങ്കല്‍പത്തെ അങ്ങേയറ്റം ചെറുതാക്കിക്കളയുമെന്നും വിയോജനക്കുറിപ്പ് ഓര്‍മിപ്പിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.