2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മതംമാറ്റിയുള്ള വിവാഹങ്ങള്‍ ഹാദിയ കേസിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍

അഡ്വ. വി.കെ മുഹമ്മദ് 8547140035

ഹോമിയോ ബിരുദപഠനത്തിനിടയില്‍ സഹപാഠികളില്‍നിന്ന് ഇസ്‌ലാമിനെക്കുറിച്ചു പഠിച്ച് മതം മാറി ഹാദിയ എന്ന പേര് സ്വീകരിച്ച വൈക്കം സ്വദേശിനി അഖിലയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു പിതാവ് അശോകന്‍ ഫയല്‍ചെയ്ത ഹേബിയസ് കോര്‍പസ് ഹരജി പരിഗണനയിലിരിക്കെ കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി വിവാഹം നടത്തിയത് ഹൈക്കോടതി അസാധുവാക്കിയത് ചൂടുപിടിച്ച ചര്‍ച്ചക്കിടയാക്കിയിരിക്കുകയാണല്ലോ. ഹാദിയയെ വീട്ടുതടങ്കലില്‍നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയില്‍ സംഭവത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
കോടതി നിര്‍ദേശപ്രകാരം പൊലിസ് കാവലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കാനുള്ള വിവിധ സംഘടനകളുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. എന്നാല്‍, സംഘ്പരിവാര്‍ പ്രചാരകന്‍ രാഹുല്‍ ഈശ്വറിനു അനുമതി നല്‍കുകയും ചെയ്തു. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ മതം മാറ്റത്തിനു തീവ്രവാദ ബന്ധമുണ്ടോ എന്ന് എന്‍.ഐ. എ അന്വേഷണത്തിനുള്ള ഉത്തരവു നിലനില്‍ക്കെ സംഘ്പരിവാര്‍ നേതാവിന്റെ ഇടപെടല്‍ ഹാദിയെയും കുടുംബത്തെയും സ്വാധീനിക്കാനാണെന്നു വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.
നിര്‍ബന്ധിത മതംമാറ്റമുണ്ടോ എന്നു നോക്കാന്‍ ഹാദിയ കേസുമാത്രം പരിഗണിച്ചാല്‍ പോരാ. കേരളത്തില്‍ കുറച്ചുകാലമായി നടന്നതും കോടതിയിലെത്തിയതുമായ എല്ലാ മാന്‍മിസിങ് കേസുകളും അന്യമതത്തിലെ പെണ്‍കുട്ടികളെ വശീകരിച്ചെടുത്ത കേസുകളും അന്വേഷണവിധേയമാക്കി കണക്കുകള്‍ തിട്ടപ്പെടുത്തി പരസ്യപ്പെടുത്തണം. അന്യമതസ്ഥരെ വിവാഹം കഴിച്ച പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോയെന്നും അവര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്നും അന്വേഷിക്കണം.
ലൗജിഹാദ് എന്ന ആശയം നിലവിലുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഉറവിടമോ അതിലുള്‍പ്പെട്ട വ്യക്തികളെയോ പറ്റി ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ തിരഞ്ഞെടുത്തു മുസ്‌ലിംകള്‍ അന്യ മതത്തിലെ പെണ്‍കുട്ടികളെ വശീകരിച്ചു മതം മാറ്റി വിവാഹം കഴിക്കുന്നുവെന്ന പ്രചാരണം ജൂഡീഷ്യറിയെപ്പോലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ ഈ പ്രചരണം സാധാരണക്കാരെ എത്ര കണ്ട് സ്വാധീനിക്കും എന്നത് ചിന്തിക്കാവുന്നതേയുള്ളൂ. ലൗജിഹാദ് എന്ന ആശയം നിലവില്‍ ഉണ്ടോ ഇല്ലയോ എന്ന് സുപ്രീം കോടതി ചര്‍ച്ച ചെയ്തപ്പോള്‍ ഇത്തരം അനിഷ്ട സംഭവങ്ങളെ ലൗജിഹാദ് എന്ന് വിളിക്കാന്‍ ഹാദിയ കേസ്സില്‍ സുപ്രിംകോടതി തന്നെ വിസമ്മതിച്ചതാണ്.
മുന്‍ കേരളാ ഹൈക്കോടതി ജസ്റ്റിസ് കെ.ടി ശങ്കരന്‍ ലൗജിഹാദിനെ പറ്റി തന്റെ മുന്നിലെത്തിയ കേസില്‍ അഭിപ്രായം പ്രകടിപ്പിച്ചതു കേരളത്തിലെ മൊത്തം മുസ്‌ലിംകള്‍ മതംമാറ്റാനായി പ്രേമവിവാഹം നടത്തുന്നുവെന്ന രീതിയിലാണ്. കേരളത്തില്‍ എത്ര മുസ്‌ലിംപെണ്‍കുട്ടികള്‍ ഇതര മതസ്ഥരെ വിവാഹം കഴിച്ചു സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചുപോകുകയും അവസാനം നരകിച്ചു കഴിയുകയും ചെയ്യുന്നുണ്ടെന്നതു പരിശോധിച്ചില്ല. ആ കണക്കുകൂടി നോക്കുമ്പോഴേ കേരളത്തില്‍ നടക്കുന്ന മിശ്ര വിവാഹങ്ങളുടെ ഞെട്ടിക്കുന്ന സത്യാവസ്ഥ പുറംലോകം അറിയുകയുള്ളൂ.
പ്രായപൂര്‍ത്തിയാകുന്നതോടെ മക്കള്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതു നമ്മുടെ സംസ്‌കാരത്തിനു യോജിച്ചതാണോ എന്നതിനെക്കുറിച്ചു സമൂഹത്തിനു വ്യത്യസ്താഭിപ്രായമാണുള്ളത്. സ്വന്തം മക്കള്‍ ഇപ്രകാരം ചെയ്യുമ്പോള്‍ എല്ലാ തത്വങ്ങളും മറന്നു പ്രതികരിക്കുന്നവരാണ് അധികവും. മതംമാറ്റി വിവാഹം നടത്തുന്നുണ്ടെങ്കില്‍ തടയപ്പെടേണ്ടതു തന്നെയാണ്. ഒളിച്ചോടിയ മകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടു കോടതിയില്‍ ഫയലാക്കുന്ന മാന്‍ മിസിങ് കേസുകളും തന്റെ പെണ്ണിനെ അന്യായമായി തടഞ്ഞുവച്ചു എന്നാരോപിച്ചു കാമുകനോ ഭര്‍ത്താവോ കൊടുക്കുന്ന പരാതികളും നിരവധിയാണ്.
പലതും മതംമറന്നുള്ള പ്രണയങ്ങളാണെങ്കിലും കോടതിയിലെത്തുമ്പോള്‍ വര്‍ഗീയസംഘടനകള്‍ ഇവര്‍ക്കു പിന്തുണയുമായി എത്താറുണ്ട്. കോടതിക്കു പുറത്തു സംഘര്‍ഷാവസ്ഥ നിലനിര്‍ത്തി പെണ്ണിനെ കാമുകനോടൊപ്പം അയക്കാനാണ് ഇവര്‍ ശ്രമിക്കാറുള്ളത്. ഹൃദയം പിളര്‍ന്നു കരയുന്ന, ബോധംകെട്ടു വീഴുന്ന മാതാപിതാക്കളുടെ കണ്ണീര്‍ ആരും കാണാറില്ല. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അവളുടെ ഇഷ്ടത്തിനൊത്തുള്ള തീര്‍പ്പാണു കോടതിയില്‍നിന്നുണ്ടാകുക.
ഓമനിച്ചു വളര്‍ത്തിയ മക്കളുടെ ഭാവിയില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന മാതാപിതാക്കള്‍ക്ക് അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടാകണം. അതുകൊണ്ടാണ് ഇസ്‌ലാമില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊടുക്കുന്നതു വരനും വധുവിന്റെപിതാവും തമ്മിലുള്ള ഉടമ്പടിയുടെ (നികാഹ്) അടിസ്ഥാനത്തിലാക്കിയത്. ഹിന്ദു വിവാഹച്ചടങ്ങില്‍ വെറ്റിലയും അടയ്ക്കയും ദക്ഷിണ കൊടുത്തു മാതാപിതാക്കളുടെയും കാരണവന്മാരുടെയും കാല്‍ തൊട്ടുവണങ്ങി പിതാവില്‍ നിന്നോ പിതാവില്ലെങ്കില്‍ അടുത്ത കാരണവരില്‍ നിന്നോ പുടവ ഏറ്റുവാങ്ങിയാണു വിവാഹച്ചടങ്ങു നടത്തുന്നത്.
മതംമറന്ന് ആരംഭിച്ച പ്രണയം സാഫല്യമാകാന്‍ വിവാഹഘട്ടത്തില്‍ മതം മാറുന്നവര്‍ ധാരാളമാണ്. വീട്ടുകാര്‍ അംഗീകരിക്കണമെങ്കില്‍ മതം മാറണമെന്ന ധാരണയാണ് ഇതിനു കാരണം. മതബോധമുള്ളവര്‍ ഇത്തരം പ്രണയത്തിന് മുതിരില്ല. പ്രണയം അതിരു കടക്കുമ്പോള്‍ കമിതാക്കള്‍ ഏതു കടുംകൈയ്ക്കും തയാറായെന്നിരിക്കും. അതു പ്രോത്സാഹിപ്പിക്കാതിരിക്കയാണു വേണ്ടത്. കാരണം, രണ്ടു കുടുംബങ്ങളുടെയും പിന്തുണയില്ലാതെ നടക്കുന്ന വിവാഹങ്ങളില്‍ ബഹുഭൂരിഭാഗവും പരാജയപ്പെടുകയാണു ചെയ്യാറുള്ളത്.
അഭിഭാഷകനായ എന്റെ മുന്നില്‍ എത്തുന്ന ഇത്തരം കേസുകളില്‍ ഞാന്‍ കമിതാക്കളെയും വീട്ടുകാരെയും കൗണ്‍സിലിങ്ങിനു വിധേയമാക്കി ഭവിഷ്യത്തു ബോധ്യപ്പെടുത്തി തീരുമാനം മാറ്റാന്‍ സഹായിക്കാറാണുള്ളത്. പറഞ്ഞു കൊടുത്തിട്ടും ബോധ്യപ്പെടാത്തവരുടെ കേസ് ഏറ്റെടുക്കാറുമില്ല. വിവാഹം കഴിക്കാന്‍ മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് ഒരു മതത്തിനും ഭൂഷണമല്ല.
യഥാര്‍ഥ മതവിശ്വാസി മറ്റു മതസ്ഥരെ നിര്‍ബന്ധിച്ചു മതംമാറ്റില്ല. ബദര്‍ യുദ്ധത്തില്‍ കീഴടങ്ങിയവരെ മതംമാറുന്നതിനു പകരം ഓരോരുത്തരും പത്തുവീതം മുസ്‌ലിംകള്‍ക്കു വിദ്യാഭ്യാസം നല്‍കണമെന്നാണു പ്രവാചകന്‍ മുഹമ്മദ് നബി (സ) ആവശ്യപ്പെട്ടത്. നിര്‍ബന്ധിത മതംമാറ്റത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇതു വ്യക്തമാക്കുന്നു. വിശ്വാസം ആഗ്രഹിച്ചു വരുന്നവരെ മാത്രമെ ഇസ്‌ലാം സ്വീകരിക്കൂ. വിവാഹാവശ്യത്തിനുള്ള മതം മാറ്റം വിശ്വാസത്തിന്റെ ഭാഗമല്ല, വ്യക്തിപരമായ ആവശ്യത്തിന്റെ ഭാഗമാണ്. മുസ്‌ലിമിന് അന്യസ്ത്രീയെ വികാരത്തോടെ നോക്കാനോ സ്പര്‍ശിക്കാനോ പാടില്ലെന്നിരിക്കെ പ്രണയിച്ചു മതംമാറ്റുന്നവരുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് ഉത്തരവാദിത്വമില്ല.
പ്രായപൂര്‍ത്തിയായാലുമില്ലെങ്കിലും മക്കളുടെ വിവാഹത്തില്‍ മാതാപിതാക്കളുടെയും താല്‍പര്യത്തിനുകൂടി പ്രാധാന്യം നല്‍കുന്ന നിയമം നിലവില്‍ വരണം. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുമ്പോള്‍ മാതാപിതാക്കള്‍ എതിര്‍പ്പറിയിച്ചാല്‍ വിവാഹം നടത്തിക്കൊടുക്കില്ലെന്നു തീരുമാനിക്കാനുള്ള അധികാരം രജിസ്ട്രാര്‍ക്കുണ്ടാകണം. ഇതുമൂലം പ്രണയവിവാഹം കുറയുകയും വിവാഹമോചനങ്ങള്‍ക്ക് അല്‍പമെങ്കിലും ശമനമുണ്ടാകുകയും ചെയ്യും.
പ്രണയ വിവാഹം വിജയിച്ചാല്‍ തന്നെയും അതിന്റെ തിക്താനുഭവം മക്കള്‍ക്കാണുണ്ടാകുക. അവര്‍ക്കു നല്ല വിവാഹബന്ധം കിട്ടില്ല. അവസാനം മനസിനിണങ്ങാത്ത വിവാഹത്തിനു തയാറാകേണ്ടിവരും. നിരീശ്വരവാദികള്‍പോലും ഉള്ളില്‍ ഈശ്വരവിശ്വാസം കൊണ്ടുനടക്കുന്ന ഇക്കാലത്തു വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ വിവാഹം കഴിച്ചാല്‍ വിഭിന്ന ചടങ്ങുകളുടെ പേരില്‍ പിണങ്ങേണ്ടി വരും.
മതംമാറ്റി വിവാഹം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നവരുടെ പിന്നില്‍ ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ട സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അന്വേഷിക്കണം. ഇത്തരം കണക്കുകള്‍ വിദ്യാര്‍ഥികള്‍ക്കു പഠനവിഷയമാക്കി അവര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തണം.
ഹാദിയ കേസ് വരുന്നതു വരെ കേരളത്തില്‍ കോടതികളില്‍ ഇത്തരം കേസുകള്‍ പ്രായപൂര്‍ത്തിയായ കുട്ടികളുടെ തീരുമാനത്തിനായിരുന്നു വില കല്‍പ്പിച്ചിരുന്നത്. അവരുടെ മാതാപിതാക്കളുടെ പ്രയാസങ്ങള്‍ക്കോ അവരുടെ കണ്ണീരിനോ വില കല്‍പ്പിച്ചിരുന്നില്ല. ഹാദിയ കേസ് കേരളത്തില്‍ പുതിയ ചരിത്രത്തിന് തുടക്കം കുറിക്കുകയാണ് ചെയ്തത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ നിലപാടിനാണ് കോടതി നിയമ പ്രകാരം പരിഗണന നല്‍കേണ്ടതെങ്കിലും കോടതി അത്തരം കാര്യങ്ങള്‍ പരിഗണിക്കാതെ കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന രീതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത് ഭാവിയില്‍ ഇത്തരം കേസുകളില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമാവും. എന്നാല്‍ പക്ഷപാതപരമായി ചില കേസുകളിലെങ്കിലും ഇടപെടലുകളുണ്ടാകുന്നു എന്നത് ആശാവഹമല്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.