2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മണ്ണില്‍ മനസ് സമര്‍പ്പിച്ച് കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി ആന്റു

നജീബ് അന്‍സാരി

മാള: പാരമ്പര്യമായി കൃഷിക്കാരനായ കുടിയിരിക്കല്‍ ആന്റു മണ്ണില്‍ മനസ് സമര്‍പ്പിച്ച് കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി ശ്രദ്ധേയനാകുന്നു. കുട്ടനാടന്‍ മാതൃകയിലുള്ള സമ്മിശ്ര കൃഷിയിലാണ് ആന്റു വിജയഗാഥ രചിക്കുന്നത്.
പൊയ്യ പഞ്ചായത്തില്‍ സന്തോഷ് മാധവന്‍ വാങ്ങിയ 28 ഏക്കര്‍ നെല്‍വയലിനോട് ചേര്‍ന്നാണ് കുടിയിരിക്കല്‍ ആന്റുവിന്റെ വയലും കരഭൂമിയുമുള്ളത്. പൊയ്യ പഞ്ചായത്തിലെ പനച്ചിത്താഴം പാടശേഖരത്തിലെ സ്വന്തമായുള്ള വയലും അതിനോട് ചേര്‍ന്നുള്ള കരഭൂമിയും പൂര്‍ണമായി പ്രയോജനപ്പെടുത്തിയാണ് കൃഷിയില്‍ ആന്റു വ്യത്യസ്തനാകുന്നത്.

മത്സ്യം, താറാവ്, നെല്‍കൃഷി എന്നിവ വയലിലും നിരവധി ഇനം പച്ചക്കറികള്‍, പശു വളര്‍ത്തല്‍ എന്നിവ കരഭൂമിയിലുമാണ് ചെയ്യുന്നത്. തൃശൂര്‍, എറണാകുളം ജില്ലകളെ അതിരിടുന്ന ഇവിടെ സ്വന്തമായുള്ള ഒരേക്കര്‍ പതിനേഴ് സെന്റ് സ്ഥലത്താണ് മൂന്ന് വര്‍ഷമായി സമ്മിശ്ര കൃഷി ചെയ്യുന്നത്. കട്‌ല, രോഹു, തിലാപ്പിയ, മൃഗാള്‍, ഗ്രാസ് കാര്‍പ്പ് ഇനം മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. ഇതേസ്ഥലത്ത് നാനൂറോളം താറാവുകളേയും വളര്‍ത്തുന്നുണ്ട്.

മുട്ടകളാണ് പ്രധാന നിത്യവരുമാനം. ജൂണ്‍ മാസത്തില്‍ കുട്ടനാട്ടില്‍ നിന്ന് വാങ്ങുന്ന താറാവിനെ ജനുവരി മാസത്തില്‍ മൊത്തമായി വില്‍ക്കും. വാങ്ങുമ്പോള്‍ കൊടുക്കുന്ന വില വില്‍ക്കുമ്പോഴും കിട്ടുമെന്നതാണ് താറാവ് കൃഷിയുടെ ഗുണമെന്ന് ആന്റു പറഞ്ഞു. ജനുവരിയില്‍ വെള്ളം കുറയുന്നതോടെ മത്സ്യവും വിളവെടുക്കും. തിലാപ്പിയ മാത്രം കൃഷി ചെയ്ത കഴിഞ്ഞ വര്‍ഷം മുവ്വായിരത്തോളം കിലോഗ്രാം മത്സ്യമാണ് ലഭിച്ചത്. താറാവിനേയും മത്സ്യത്തിനെയും ഒഴിവാക്കിയ പാടത്ത് ജനുവരി അവസാനത്തോടെ നെല്‍കൃഷി ചെയ്യും.

വീണ്ടും കൊയ്ത്തുകഴിഞ്ഞ് താറാവും മത്സ്യവും കൃഷി ചെയ്യുന്ന രീതിയാണ് തുടരുന്നതെന്ന് ആന്റു പറഞ്ഞു. ഒന്നര പതിറ്റാണ്ടായി തരിശ് കിടക്കുന്ന പാടത്ത് സമ്മിശ്ര കൃഷി നടത്തുന്ന ആന്റുവിന് ഇതിനകം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നാലാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ആന്റു പതിനൊന്നാം വയസ് മുതല്‍ പിതാവിനൊപ്പം മുഴുവന്‍ സമയം കൃഷിപ്പണിയിലാണ്. കരഭൂമിയില്‍ മൂന്ന് പശുക്കളേയും വളര്‍ത്തുന്നുണ്ട്. ശരാശരി 45 ലിറ്ററോളം പാല്‍ ലഭിക്കും.
ചാണകവും മൂത്രവും മാത്രം വളമായി ഉപയോഗിച്ചാണ് പയര്‍, വെണ്ട, വിവിധ ഇനം വാഴകള്‍, വഴുതന, ജാതി, പൊട്ടുവെള്ളരി തുടങ്ങിയവ കൃഷി ചെയ്യുന്നത്. കൂടാതെ, രണ്ടര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴ കൃഷിയും ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പതിനായിരത്തോളം വൃക്ഷത്തൈകള്‍ വിവിധ പൊതു ഇടങ്ങളിലായി നട്ടിരുന്നു. കൃഷിയില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട് 56 കാരനായ ആന്റു. ഭാര്യ ലിസിയും കൃഷികാര്യങ്ങളില്‍ സഹായിക്കും. സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത വയല്‍, കൃഷിയിറക്കാന്‍ ആന്റുവിന് നല്‍കാന്‍ നിയമ തടസങ്ങള്‍ ഇല്ലെങ്കില്‍ പരിഗണിക്കുമെന്ന് കൃഷിയിടത്തിലെത്തിയ പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം.രാധാകൃഷ്ണന്‍ പറഞ്ഞു. നാലാം ക്ലാസ് വരെ ഔപചാരിക വിദ്യാഭ്യാസം മാത്രമുള്ള ആന്റു ഇതിനകം നിരവധി വിദ്യാലയങ്ങളില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് വിദ്യാര്‍ഥികള്‍ക്ക് കൃഷിപാഠം പകര്‍ന്ന് നല്‍കിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.