2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

മണ്ണില്ലാതെയും ജൈവകൃഷി ചെയ്യാം നടീല്‍ മിശ്രിതം തയാര്‍

കൊച്ചി: ഒരു തരി മണ്ണുപോലുമില്ലല്ലോ എങ്ങനെ കൃഷിചെയ്യും? സര്‍വതും വെട്ടിനിരത്തി കെട്ടിടങ്ങള്‍ ദിനംപ്രതി പെരുകിവരുന്ന ഇക്കാലത്ത് കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ പരസ്പരം ചോദിക്കുന്ന സ്ഥിരം ചോദ്യമാണിത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ആശ്വാസമായി ഒരു നടീല്‍മിശ്രിതം തയാറായിക്കഴിഞ്ഞു.ജൈവകൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആര്‍.ഐ.) കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കൃഷിവിജ്ഞാന കേന്ദ്രമാണ് മണ്ണില്ലാ നടീല്‍മിശ്രിതം മണ്ണിന് പകരമായി വികസിപ്പിച്ചെടുത്തത്.

 

എന്തുകൊണ്ട് നടീല്‍ മിശ്രിതം

നഗരപ്രദേശങ്ങളില്‍ ജൈവകൃഷി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഗുണമേന്‍മയുള്ള മണ്ണിന്റെ ലഭ്യതക്കുറവ്. സാധാരണഗതിയില്‍ ഒരു വീട്ടില്‍ 30 ഗ്രോബാഗുകളില്‍ കൃഷി ചെയ്യുന്നതിന് ചുരുങ്ങിയത് 150 കിലോ മണ്ണ് വേണം. ലഭിക്കുന്ന മണ്ണാവട്ടെ കല്ലും വേരുകളും നിറഞ്ഞതായതിനാല്‍ ചെടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. മാത്രവുമല്ല, മണ്ണിന് പകരമായി പ്രചാരത്തിലുള്ള ചകിരിച്ചോര്‍ ഉപയോഗിച്ചുള്ള മിശ്രിതങ്ങളില്‍ വേരുപിടുത്തം ബുദ്ധിമുട്ടാകുന്നതും നഗരപ്രദേശങ്ങളിലെ ജൈവകൃഷിയെ സാരമായി ബാധിക്കുമ്പോഴാണ് കൃഷിവിജ്ഞാന കേന്ദ്രം മണ്ണില്ലാ മിശ്രിതം പരീക്ഷിച്ച് വിജയിച്ചത്. 

പഞ്ചസാര മില്ലുകളില്‍ നിന്നുംപുറംതള്ളുന്ന പ്രെസ്മഡ് എന്ന ഉപോല്‍പ്പന്നം കമ്പോസ്റ്റ് ചെയ്താണ് മണ്ണിന് പകരമായി ഉപയോഗിക്കാവുന്ന ഈ മിശ്രിതം വികസിപ്പിച്ചത്. അഞ്ച് കിലോ പ്രെസ്മഡ്, 2.5 കിലോ ചാണകപ്പൊടി, 2.5 കിലോ ചകിരിച്ചോര്‍ എന്നിവ ഡോളമൈറ്റ്, സ്യൂഡോമൊണാസ്, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ മിശ്രിതം പോഷക സമ്പുഷ്ടവും പലതവണ ഉപയോഗിക്കാവുന്നതുമാണ്.
കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയോടെ വൈപ്പിന്‍ ഹരിശ്രീ സ്വയംസഹായ സംഘമാണ് ഈ മിശ്രിതം വില്‍പ്പനക്കായി തയാറാക്കുന്നത്. 10 കിലോയുടെ പാക്കറ്റുകളായാണ് ലഭിക്കുക. മണ്ണില്ലാമിശ്രിതത്തിന്റെ പാക്കറ്റുകളില്‍ നേരിട്ട് ചെടികള്‍ നടാമെന്നതിനാല്‍ ഗ്രോബാഗുകള്‍ ഉപയോഗിക്കേണ്ടതില്ല. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ഈ നടീല്‍മിശ്രിതത്തിന് ഇതിനോടകം തന്നെ ആവശ്യക്കാര്‍ ഏറെയാണ്.
കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ സംഘങ്ങളായും ഒറ്റയ്ക്കും ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന് സി.എം.എഫ്.ആര്‍.ഐ.യില്‍ നടന്ന പരിശീലന പരിപാടിയില്‍ മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് നിരവധിപേരാണ് പങ്കെടുത്തത്. സംരംഭകത്വ പരിശീലനത്തോടൊപ്പം മണ്ണില്ലാനടീല്‍ മിശ്രിതം നിര്‍മിക്കുന്നതിന്റെ വിവിധ രീതികളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.
വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കൂടുതല്‍പേര്‍ രംഗത്തെത്തിയതോടെ മണ്ണില്ലാ നടീല്‍മിശ്രിതം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാകും. താല്‍പ്പര്യമുള്ളവര്‍ക്ക് മണ്ണില്ലാ നടീല്‍ മിശ്രിതം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശീലനവും തുടര്‍ന്നും കൃഷി വിജ്ഞാന കേന്ദ്ര നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 8281757450 എന്ന നമ്പരില്‍ ലഭിക്കും.

തയാറാക്കിയത്:
സുനി അല്‍ഹാദി

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.