2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മണ്ണിന്‍ മഹത്വം

ജാവിദ് അഷ്‌റഫ്

 

 

ഭൂമിയുടെ പുതപ്പാണ് മണ്ണ്. മണ്ണില്‍നിന്നാണ് കാര്‍ഷിക, വ്യാവസായിക സംസ്‌കാരങ്ങള്‍ പിറവിയെടുത്തത്. ജീവന്റെ വളര്‍ച്ചയും ഒടുക്കവും മണ്ണില്‍ത്തന്നെ. സസ്യങ്ങള്‍ക്കാവശ്യമായ മൂലകങ്ങളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതും മണ്ണാണ്. മണ്ണിനെക്കുറിച്ചുള്ള പഠനമാണ് സോയില്‍ സയന്‍സ്.
മണ്ണും അനുബന്ധ ജീവജാലങ്ങളെക്കുറിച്ചുമുള്ള പഠനമാണ് എഡഫോളജി. മണ്ണിന്റെ നിര്‍മാണം, ഘടന എന്നിവയെക്കുറിച്ചുളള പഠനം പെഡോളജി. ഒരു സെന്റീമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ അനേകം വര്‍ഷങ്ങള്‍ വേണ്ടി വരും. കാറ്റും വെയിലും മഞ്ഞും മഴയുമടങ്ങുന്ന പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് വിധേയമായി പാറക്കെട്ടുകളിലെ സസ്യജാലങ്ങളുടെ വളര്‍ച്ചയെത്തുടര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. പെഡോജെനസിസ് എന്നാണ് ഈ പ്രവര്‍ത്തനത്തെ വിളിക്കുന്നത്. പല പ്രദേശങ്ങളിലും പാളികളായാണ് മണ്ണ് രൂപം കൊള്ളുന്നത്. ഹൊറിസോണ്‍ എന്നാണ് ഇതറിയപ്പെടുന്നത്.
ഒരു തരി മണ്ണ് രൂപപ്പെടാന്‍ ധാരാളം പ്രകൃതി ഘടകങ്ങള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആഗ്നേയശില,അവസാദ ശില, കായാന്തരിത ശില എന്നിവ പൊടിയുന്നത് മണ്ണിന്റെ രൂപപ്പെടലിന് വഴിയൊരുക്കുന്നു.
മണ്ണു നിര്‍മാണത്തിനായി ലൈക്കനുകള്‍ പോലെയുള്ള ജീവിവര്‍ഗങ്ങള്‍ വഹിക്കുന്ന പങ്കും വിലപ്പെട്ടതാണ്.
കല്‍ക്കരി, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുടെ ഖനനം മണ്ണില്‍നിന്നാണ് നടക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്ണിനോട് ചേര്‍ന്ന് പൂര്‍ണമായും ദ്രവിക്കാതെ ചേര്‍ന്ന് കിടക്കുന്ന സസ്യജൈവാവശിഷ്ടങ്ങളാണ് കല്‍ക്കരി.
അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ദ്രാവക രൂപത്തില്‍ ലഭിക്കുന്നതാണ് പെട്രോളിയം. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ജൈവാവശിഷ്ടങ്ങള്‍ക്ക് ലഭിക്കുന്ന രൂപമാറ്റത്തിലൂടെയാണ് പ്രകൃതി വാതകങ്ങളുടെ ജനനം. മണ്ണ് പ്രകൃതി ചികിത്സാരീതികളിലും ആയുര്‍വേദത്തിലും ഒരു ഔഷധമാണ്. ചര്‍മകാന്തി വര്‍ധിപ്പിക്കുന്നതിനുള്ള ഔഷധമായി ഇവ ലോകത്ത് പലഭാഗങ്ങളിലും ഉപയോഗപ്പെടുത്തുന്നു.
ചാവു കടലിലെ മണ്ണ് ഈ കാര്യത്തില്‍ ലോക പ്രസിദ്ധമാണ്. മണ്ണ് ഉപയോഗിച്ച് അസ്ഥി നാഡി സംബന്ധമായ ചികിത്സ നടത്തുന്ന ക്ലേ തെറാപ്പി എന്നൊരു രീതി തന്നെയുണ്ട്. മണ്ണില്‍ കുഴിയെടുത്ത് ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളാക്കുന്ന നിരവധി സമൂഹങ്ങള്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലുണ്ട്

ജീവികള്‍

മണ്ണിനുള്ളില്‍ ലക്ഷക്കണക്കിന് സൂക്ഷ്മ ജീവികള്‍ വസിക്കുന്നുണ്ട്. ഒരു ടീസ്പൂണ്‍ മണ്ണില്‍ 500 കോടിയോളം ബാക്ടീരിയകള്‍, രണ്ടു കോടിയോളം ആക്ടിനോമൈസൈറ്റിസുകള്‍, പത്തു ലക്ഷത്തോളം പ്രോ ട്ടോസോവകള്‍ ലക്ഷക്കണക്കിന് ഫംഗസുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പാമ്പ്, തേള്, പഴുതാര, എലി, മണ്ണിര തുടങ്ങിയവയുടെ ആവാസ കേന്ദ്രവും മണ്ണു തന്നെ.

മ്യൂസിയം

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു മ്യൂസിയമാണ് തിരുവനന്തപുരത്തെ പറോട്ടു കോണത്തുള്ള മണ്ണ് മ്യൂസിയം (ഉലുമൃാേലി േീള ടീശഹ ടൗൃ്‌ല്യ മിറ ഇീിലെൃ്മശേീി ീള ഏീ്‌ലൃിാലി േീള ഗലൃമഹമ). നമ്മുടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ എണ്‍പതിലേറെ മണ്ണിനങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ നിരവധി ശിലകള്‍, ധാതുക്കള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയം (കിലേൃിമശേീിമഹ ടീശഹ ഞലളലൃലിരല മിറ കിളീൃാമശേീി ഇലിൃേല (കടഞകഇ) നെതര്‍ലാന്റിലാണ്.
മണ്ണൊലിപ്പും പൊടിക്കാറ്റും
മണ്ണിന്റെ പോഷകസമ്പന്നമായ മേല്‍ഭാഗം ഒലിച്ചുപോകുന്ന മണ്ണൊലിപ്പ് വന്‍ പാരിസ്ഥിതിക വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. മരങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതും കുന്നുകളിടിക്കുന്നതും മണ്ണൊലിപ്പിന് കാരണമാകുന്നു.
മേല്‍മണ്ണ് ഒലിച്ചു പോകുന്നതോടു കൂടി മണ്ണിന്റെ പോഷകാശം നഷ്ടപ്പെടുകയും സസ്യങ്ങളുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. വ്യാപകമായ മണ്ണൊലിപ്പ് മരുഭൂവല്‍ക്കരണത്തിലേക്ക് നയിക്കുകയും കാര്‍ഷിക വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
മണ്ണൊലിപ്പിനോടൊപ്പം പൊടിക്കാറ്റ് മൂലം നഷ്ടപ്പെടുന്ന മണ്ണും പ്രകൃതിയെ സാരമായി ബാധിക്കുന്നു. പ്രതി ദിനം 600 കോടിയിലേറെ ടണ്‍ മേല്‍മണ്ണ് നമ്മുടെ രാജ്യത്തുനിന്നു മാത്രം നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്.

മരുഭൂമി

ശക്തമായ കാറ്റ് കരഭാഗത്തെ മേല്‍മണ്ണിനെ നീക്കം ചെയ്യുകയും ഭൂമിയുടെ ഈര്‍പ്പം പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഇല്ലാതാക്കുകയും ചെയ്യും. ഇതോടെ കാലാവസ്ഥയില്‍ മാറ്റം വന്നു തുടങ്ങും. മരങ്ങളുടെ നാശവും കന്നുകാലികളുടെ ക്രമാതീതമായ മേയലുകളും ഒരു പ്രദേശത്തിന്റെ കാലാവസ്ഥയില്‍ സ്വാധീനം ചെലുത്തും.
പ്രദേശത്ത് മഴ പെയ്ത് മണ്ണൊലിപ്പുണ്ടാകുന്നതോടെ സമാനമായ അവസ്ഥ തന്നെയാണുണ്ടാകുന്നത്. പശിമയുള്ള മേല്‍മണ്ണ് ഒലിച്ചു പോയി മണ്ണിന്റെ ജലാംശം പിടിച്ചു നിര്‍ത്താനുള്ള കഴിവിനെ ഇല്ലാതാക്കുന്നു.

സ്വര്‍ണം

മണ്ണില്‍ പുരാതന കാലത്ത് ഒളിപ്പിച്ചു വച്ചതോ മണ്ണില്‍ ചേര്‍ന്നതോ ആയ ധാരാളം സ്വര്‍ണ ശേഖരങ്ങള്‍ കണ്ടെത്താറുണ്ട്. കേരളത്തിലെ പൊന്നമ്പുഴ, കരിമ്പുഴ എന്നീ നദികളില്‍ ചെറിയ രീതിയില്‍ സ്വര്‍ണത്തരികളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.