2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മണ്ണിന്റെ മക്കള്‍ക്ക് മുന്നില്‍ മഹാരാഷ്ട്ര മുട്ടുമടക്കി

മുംബൈ: സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷകപ്രക്ഷോഭത്തിന് ഉജ്ജ്വല പരിസമാപ്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി അഖിലേന്ത്യാ കിസാന്‍സഭാ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഏറെയും അംഗീകരിച്ചതായി ഫട്‌നാവിസ് വ്യക്തമാക്കി.
ആദിവാസികളുടെ ഭൂമി പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഗണിക്കുമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആറുമാസത്തിനകം പരിഹരിക്കുമെന്നും സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കി. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിക്കാനും നടപ്പാക്കുന്നതിനുമായി ആറംഗ സമിതിയെ തീരുമാനിച്ചു. ആദിവാസി മേഖലയിലെ വിവാദഭൂമി ഏറ്റെടുക്കല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പുനഃപരിശോധിക്കും. റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തി ആറുമാസത്തിനകം പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. കര്‍ഷക കുടുംബങ്ങളിലെ ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കും. ഇന്നലെ ഉച്ചയ്ക്കായിരുന്നു കര്‍ഷകനേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടേറിയറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ സമരക്കാരുടെ ആറ് പ്രതിനിധികള്‍ പങ്കെടുത്തു.
കര്‍ഷക കടം എഴുതിത്തള്ളുക, വനംവകുപ്പ് ആദിവാസികളില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കുക, വിളനശിച്ച കര്‍ഷകര്‍ക്ക് 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക, സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആദിവാസികള്‍, ദലിതര്‍, മുസ്‌ലിംകള്‍ അടക്കമുള്ള കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്. ഏറെക്കാലമായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പരിഹാരമില്ലാതെ വന്നതോടെയാണ് സമരം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായാണ് 30,000 കര്‍ഷകരുടെ ലോങ് മാര്‍ച്ച് ആറാം തിയതി നാസിക്കിലെ സി.ബി.എസ് ചൗക്കില്‍ നിന്ന് ആരംഭിച്ചത്. പ്രതിദിനം 35 കി.മീ സഞ്ചരിച്ചാണ് കര്‍ഷകര്‍ 180 കി.മീ ദൂരമുള്ള മുംബൈയില്‍ ഞായറാഴ്ച വൈകിട്ടോടെ എത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റ് വളയാനായിരുന്നു തീരുമാനം. എന്നാല്‍, കര്‍ഷകസമരത്തിന്റെ പിന്തുണയും ആള്‍ബലവും ഏറിയതോടെ കിസാന്‍സഭ നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ താനെയില്‍ എത്തിയാണ് സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
കര്‍ഷകര്‍ ഞായറാഴ്ച രാത്രി തമ്പടിച്ച സയണിലെ സോമയ്യ മൈതാനത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടിന് സി.എസ്.ടിക്ക് മുന്‍പിലെ ആസാദ് മൈതാനത്തേക്ക് പുറപ്പെട്ടു.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.