
അമ്പലവയല്‍: തേനീച്ചക്കൃഷിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന എട്ടാംക്ലാസുകാരി ഷിഫ ഫാത്തിമ, തന്റെ വീട്ടുമുറ്റവും പരിസരവും പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വിളനിലമാക്കിയ ആറാംക്ലാസ് വിദ്യാര്‍ഥിനി ഷിഖ ലുബ്ന എന്നിവരുടെ കൃഷികള്‍ ആരേയും അത്ഭുതപെടുത്തുന്നതാണ്. സ്കൂളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവും മുതല്‍ക്കൂട്ടാക്കി ഈ മിടുക്കികള്‍ പൊന്നുവിളയിക്കുമ്പോള് മനസറിഞ്ഞ് പിന്തുണക്കുകയാണ് ഇവരുടെ മാതാപിതാക്കള്‍. പാഠപുസ്തകങ്ങളില്‍ നിന്നുളള അറിവിന് പുറമെ കൃഷിയോടുള്ള ഇവരുടെ സമീപനവും കാഴ്ചപ്പാടും ആരെയും അമ്പരപ്പിക്കും.
ഓര്മവെച്ചനാള് മുതല്‍ ഷിഫ ഫാത്തിമയുടെ കൂട്ട് തേനീച്ചകളോടായിരുന്നു. കുഞ്ഞുനാളില്‍ തേനിന്റെ മധുരം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഷിഫ ഫാത്തിമ വലുതായപ്പോഴും തേന്മധുരം നാവില്‍ തങ്ങിനിന്നു. അങ്ങനെ തേനീച്ചകളോട് ഇഷ്ടംകൂടാന് തുടങ്ങി. തേനീച്ചകളെക്കുറിച്ചും കൃഷിരീതികളുമെല്ലാം പഠിക്കാന്‍ തുടങ്ങി. ഇന്ന് ജില്ലയില്‍ അറിയപ്പെടുന്ന തേനീച്ച കര്‍ഷകയാണ് ഷിഫ ഫാത്തിമ. തൃശൂര്‍ സ്വദേശിയായ പൂളന്തറക്കല്‍ അമിയ താജിന്റെ മകളായ ഷിഫ അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസിലെ എട്ടാംതരം വിദ്യാര്‍ഥിനിയാണ്. ഒരുവര്‍ഷമായി അമ്പലവയല്‍ പഞ്ചായത്തിലെ ആണ്ടൂരിലാണ് താമസം. ആണ്ടൂരിലെ വാടക വീടിന് പരിസരത്താണ് ആദ്യം കൃഷിയാരംഭിച്ചത്. അമ്പലവയല്‍ സ്കൂളിലെ അധ്യാപകര്‍ നല്കിയ പിന്തുണ കൃഷി വ്യാപിപ്പിക്കാന്‍ സഹായിച്ചു. സ്കൂളില്‍ പലയിടത്തായി അന്‍പതോളം തേനീച്ച കൂടുകള്‍ ഷിഫയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു. ക്ലാസിലെ കുട്ടികളടക്കം അന്പതോളംപേര് ഇപ്പോള്‍ തേനീച്ചകൃഷിയുടെ ഭാഗമാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളുണ്ടായതിനാല് സ്കൂളിലെ കൃഷി അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ വീട്ടിന് സമീപത്താണ് തേനീച്ച കൃഷി. ക്ലാസ് മുറിയില്‍ നിന്ന് കൃഷിയിടത്തിലേക്കിറങ്ങുന്നവര്ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പ്രിയപ്പെട്ട മലയാളം അധ്യാപകന് രാജന് മാസ്റ്റര്‍ നിഴല്‍പോലെ കൂടെയുണ്ട്. പ്രഥമാധ്യാപിക അനിതാ ഭായിയും പി.ടി.എയും കുട്ടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ അഞ്ചുതരം തേനീച്ചകളെയാണ് കണ്ടെത്തിയിട്ടുളളത്. ഇതില്‍ വളര്‍ത്താന്‍ സാധിക്കുന്ന മൂന്നിനങ്ങളില്‍ രണ്ടെണ്ണമാണ് ഷിഫയും കൂട്ടുകാരും പരിപാലിക്കുന്നത്. ചെറുതേനീച്ച, ഞൊടിയന്‍ തേനീച്ച എന്നിവയാണ് ഇവരുടെ പക്കലുള്ളത്. എല്ലാദിവസവും തേനീച്ചക്കൂടുകള്‍ പരിശോധിക്കും. ആഴ്ചയിലൊരിക്കല്‍ കൂട് തുറന്ന് സ്ഥിതി വിലയിരുത്തും. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് തേന്‍ ശേഖരിക്കുക. ചുറ്റുമതിലില്‍ സ്ഥാപിച്ച കെണിയില്‍ തേനീച്ചകളെ എത്തിച്ച് പരിപാലിക്കുന്ന മോഡലും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. തേനീച്ചക്കൃഷിയിലെ മികവ് പരിഗണിച്ച് ഫാര്‍മേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ തേന്മിത്രം പുരസ്കാരം ഈവര്‍ഷം ഷിഫയെ തേടിയെത്തി. തേനീച്ചകള്‍ ഉപദ്രവകാരികളാണെന്ന തോന്നലില്‍ വിട്ടുനില്‍ക്കുന്ന വിദ്യാര്‍ഥികളോടും മറ്റുള്ളവരോടും ഷിഫയ്ക്ക് പറയാനുളളത് തേനിന്റെ മാഹാത്മ്യത്തെക്കുറിച്ചു മാത്രമാണ്. തേനീച്ചകൃഷി എങ്ങനെ വിജയകരമായി ചെയ്യാമെന്നും ഈ കുരുന്നുകള്‍ മനസിലാക്കിത്തരുന്നു.
തന്റെ വീട്ടുമുറ്റവും പരിസരവുമെല്ലാം പലതരം പച്ചക്കറികള്‍കൊണ്ട് സമ്പന്നമാക്കുന്ന കൊച്ചുമിടുക്കിയാണ് ഷിഖ ലുബ്ന. അമ്പലവയല്‍ മാങ്കൊമ്പ് കുണ്ടാടന്‍ അബ്ദുള്‍ ബഷീറിന്റെയും നസ്റിയയുടെയും മൂത്തമകളായ ശിഖ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ഒന്നാംക്ലാസ് മുതല്‍ കൃഷിയിടത്തില്‍ സജീവമായ ഷിഖയുടെ തോട്ടത്തില്‍ ഒട്ടുമിക്ക പച്ചക്കറികളുമുണ്ട്. ഗള്‍ഫ് ഇനമായ പാലക്ക് ചീര, ചൈനീസ് കോളിഫ്ളവര്‍, ബജി മുളക്, കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, പച്ചമുളക് തുടങ്ങി അന്‍പതോളം ഇനം പച്ചക്കറികള്‍ കൃഷിയിടത്തിലുണ്ട്. രാവിലെയും വൈകിട്ടും ഒഴിവുദിനങ്ങളിലും കൃഷിക്കായി സമയം കണ്ടെത്തും. വിളവെടുക്കുന്ന പച്ചക്കറികള്‍ വീട്ടാവശ്യം കഴിഞ്ഞുളളവ അയല്പക്കത്തെ വീടുകളിലും കോളനികളിലും നല്‍കും. ചാണകം, ആട്ടിന്കാട്ടം, ഈര്‍ച്ചപ്പൊടി, ചകിരിച്ചോറ് എന്നിവയെല്ലാം ഉപയോഗിച്ചുളള ജൈവകൃഷിയാണ് ഷിഖ അനുവര്‍ത്തിക്കുന്നത്. കീടനാശിനിയായി കാന്താരി അരച്ചതും വെളുത്തുളളി അരച്ചതുമെല്ലാം പ്രയോഗിക്കുന്നു. പ്രകൃതിക്ക് ദോഷമാകുന്ന കൃഷിരീതികള്‍ ഈ കുട്ടിക്കര്ഷകക്ക് താല്‍പ്പര്യമില്ല. രാസവളങ്ങള്‍ ഉപയോഗിക്കില്ലെന്ന് മാത്രമല്ല, പ്ലാസ്റ്റിക് കുപ്പിയും മറ്റും പ്രയോജനപ്പെടുത്തിയാണ് ഷിഖയുടെ കൃഷി. ഉപയോഗശൂന്യമായ മഴക്കോട്ട്, ടയര്‍, ക്ലോസറ്റ് എന്നിവയെല്ലാം ഉപയോഗിക്കുന്നു.
മണ്ണിലലിയാത്ത ഇത്തരം വസ്തുക്കള്‍ പ്രകൃതിക്ക് ദോഷകരമാകുന്നില്ല എന്നതിനു പുറമെ കൃഷിക്ക് പലതവണ ഉപയോഗിക്കാം എന്നതും നേട്ടമാണ്. ഈ കൃഷിരീതിയില്‍ കീടങ്ങളുടെ ഉപദ്രവം തീരെയുണ്ടാകുന്നില്ല. അത്തിപ്പഴം, ഫുലോസാന്‍, ദുരിയാന്‍, ബറാബ, നെല്ലി, ആത്ത തുടങ്ങി മുപ്പതിലധികം ഇനം പഴവര്‍ഗങ്ങളും ഈ വീടിനുചുറ്റുമുണ്ട്. ഇവയും ഷിഖയുടെ പരിചരണത്തിലാണ് കരുത്തോടെ വളരുന്നത്. ബേക്കറി നടത്തിപ്പുകാരനായ ബാപ്പ ബഷീറും ഉമ്മ നസ്റിയയും നല്കുന്ന പിന്തുണയാണ് ഷിഖയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. ചെറുപ്പംമുതല്ക്കേ കൃഷിയോടുളള ഷിഖയുടെ താല്‍പ്പര്യം അടിവരയിടുകയാണ് പിതാവ് ബഷീര്‍. ഭാവിയില്‍ ആരാകണമെന്ന് ചോദിച്ചാല്‍ സമൂഹത്തിന് നന്മചെയ്യുന്ന ഒരാളാകണമെന്ന് തിടുക്കത്തില്‍ മറുപടി. ലോകമറിയുന്ന കൃഷിക്കാരിയാകണം. അതിനായി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ പഠിക്കണം. കഠിനാധ്വാനവും അര്‍പ്പണമനോഭാവവും ഉണ്ടെങ്കില്‍ കൃഷി എളുപ്പവും ആനന്ദകരമാണെന്നാണ് ഈ കൂട്ടികള്‍ പറയുന്നത്.