2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

മണ്ണാര്‍ക്കാട്ട് പരാജയഭീതി; കാന്തപുരം വിഭാഗം ഖുര്‍ആനും ദുരുപയോഗം ചെയ്യുന്നു

പ്രത്യേക ലേഖകന്‍

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കാന്തപുരം വിഭാഗം അങ്കലാപ്പില്‍. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എന്‍. ശംസുദ്ദീനെ തോല്‍പ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന കാന്തപുരം വിഭാഗം, പ്രചാരണത്തില്‍ ശംസുദ്ദീന്‍ മുന്നേറുന്നതോടെ ഖുര്‍ആന്‍പോലും ദുരുപയോഗം ചെയ്താണ് എതിര്‍പ്രചാരണം നടത്തുന്നത്.
മണ്ഡലത്തിലെ മുസ്‌ലിം വീടുകളിലെത്തി ശംസുദ്ദീന്‍ വിജയിച്ചാല്‍ മണ്ണാര്‍ക്കാടിന് അല്ലാഹുവിന്റെ ശാപമുണ്ടാകുമെന്നും ശംസുദ്ദീന് വോട്ടുചെയ്താല്‍ കുടുംബത്തില്‍ അപകട മരണങ്ങളുണ്ടാകുമെന്നും ഭീഷണിപ്പെടുത്തുന്നതായി വോട്ടര്‍മാര്‍ പരാതിപ്പെട്ടു. പരിശുദ്ധ ഖുര്‍ആന്റെ പവിത്രത കളങ്കപ്പെടുത്തുന്ന തരത്തില്‍ സത്യം ചെയ്യിക്കലും നടത്തുന്നതായി വ്യാപക ആക്ഷേപമുണ്ട്. ശംസുദ്ദീനു വോട്ടുനല്‍കില്ലെന്നു ഖുര്‍ആന്‍തൊട്ടു സത്യം ചെയ്യുന്നതുവരെ കാന്തപുരത്തിന്റെ അനുയായികള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നില്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.
ശരീര ശുദ്ധിയുണ്ടോയെന്നു പോലും പരിഗണിക്കാതെ കാണുന്നവരോടൊക്കെ ഖുര്‍ആന്‍തൊട്ടു സത്യം ചെയ്യാന്‍ ആവശ്യപ്പെടുന്ന നീക്കം പ്രതിഷേധത്തിനിടയാക്കിയിട്ടുമുണ്ട്. ശരീരശുദ്ധിയില്ലാത്തവര്‍ ഖുര്‍ആന്‍ സ്പര്‍ശിക്കരുതെന്നു മതശാസനയുള്ളപ്പോഴാണ് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ വീടുകളില്‍ചെന്നു ഖുര്‍ആന്‍തൊട്ടു സത്യം ചെയ്യിക്കുന്നത്.
ശംസുദ്ദീന്റെ പരാജയത്തിനായി സഊദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തില്‍ കൂട്ടപ്രാര്‍ഥന നടത്തിയ നടപടി നേരത്തെ വിവാദമായിരുന്നു. ശംസുദ്ദീനെതിരേ നിലപാട് പ്രഖ്യാപിക്കുകയും എന്നാല്‍, മണ്ഡലത്തില്‍ ശംസുദ്ദീനു സ്വീകാര്യത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏതുവിധേനയും പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലാണ് കാന്തപുരം വിഭാഗം.
വീടുകളിലെത്തി വിവാഹ സഹായവാഗ്ദാനങ്ങള്‍, വ്യാപാരം തുടങ്ങാന്‍ വായ്പ, ഗള്‍ഫില്‍ ജോലി, വിധവാസഹായം തുടങ്ങിയ വാഗ്ദാനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. ഇതിനായി പ്രത്യേക ഫോം തയാറാക്കി ഇവരുടെ സ്ഥാപനങ്ങളില്‍ സ്വീകരിക്കുകയും പ്രസ്തുത സമയത്തു ഖുര്‍ആന്‍തൊട്ടു സത്യം ചെയ്യിക്കലും നടക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.