2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

മണ്ണാര്‍ക്കാട്ടെ വിജയം: വിമര്‍ശനക്കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കാന്തപുരം വിഭാഗം

ന്മയുടെ ശംസ് ഉദിച്ചപ്പോള്‍ വ്യാജ ഖമര്‍ മാഞ്ഞുവെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ കാന്തപുരം വിഭാഗം വീണ്ടും തകര്‍ച്ചയിലായി. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പരസ്യമായി തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടും മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ അഡ്വ. എന്‍ ശംസുദ്ദീന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ് ഈ വിഭാഗത്തിന് വലിയ തിരിച്ചടിയായത്. മണ്ണാര്‍ക്കാട്ടെ വിജയവാര്‍ത്ത പുറത്തുവന്നത് മുതല്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വിമര്‍ശന രൂപത്തിലും പരിഹാസ ഭാവത്തിലും പോസ്റ്റുകളും കമ്മന്റുകളും പ്രചരിച്ച് തുടങ്ങിയിരുന്നു. എന്നും വിവാദങ്ങളില്‍ മുങ്ങിത്താഴ്ന്നിരുന്ന കാന്തപുരത്തിനേറ്റ വലിയ പ്രഹരത്തിന് വന്‍ പ്രാധാന്യമാണ് മാധ്യമങ്ങളിലടക്കം ലഭിച്ചത്.
സംഭവം കത്തിപ്പടര്‍ന്നതോടെ കാന്തപുരം അണികള്‍ക്കും ഉത്തരം മുട്ടി. ചിലര്‍ തുടക്കം മുതലേ ഉസ്താദിന്റെ പരസ്യപ്രസ്താവനയെ അനുകൂലിച്ചിരുന്നില്ല. വ്യാജ കേശവുമായി ബന്ധപ്പെട്ട പ്രശ്‌നം ഒരുവിധം കെട്ടടങ്ങിയെന്ന് സമാധാനിച്ചിരുന്ന മറ്റു ചിലര്‍ക്ക് മണ്ണാര്‍ക്കാട്ടെ വിജയം താങ്ങാനായില്ല. വരും ദിവസങ്ങള്‍ ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ക്കെതിരേ അണികള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്തു വരുമെന്നാണ് സൂചന. ആത്മീയ സദസുകള്‍ പോലും ദുരുപയോഗം ചെയ്ത് വോട്ട് പിടിക്കാനിറങ്ങിയിട്ടും കരപിടിക്കാനാകാത്തതിനാല്‍ കടുത്ത നിരാശയിലാണ് കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍.

അതേസമയം ഈ വിജയം വോട്ടു ബാങ്കുണ്ടെന്ന് സ്വയം മേനി നടിക്കുന്ന കാന്തപുരത്തിന്റെ നിലപാടുകള്‍ക്കും തിരിച്ചടിയാണ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെവിടെയും ജയ-പരാജയങ്ങള്‍ തീരുമാനിക്കാനുള്ള വോട്ടൊന്നും  ഈ വിഭാഗത്തിനില്ലെന്നും തെളിയക്കപ്പെട്ടു. ഇവര്‍ വലിയ ശക്തിയാണെന്ന മിഥ്യാധാരണയില്‍ കാന്തപുരത്തിന്റെ പിന്നാലെ പോകുന്നവര്‍ക്കും ഈ വിജയം വലിയ പാഠമാണ് നല്‍കുന്നത്.

മണ്ണാര്‍ക്കാട്ടെ വിജയവുമായി ബന്ധപ്പെട്ട കാന്തപുരം നടത്തിയ പ്രസ്താവനകളും വിചിത്രമാണ്. മണ്ണാര്‍ക്കാട് ഒഴിച്ച് ബാക്കിയെല്ലായിടത്തും തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ഥി വിജയിച്ചെന്നായിരുന്നു ആദ്യപ്രതികരണം. തുടര്‍ന്നു പതിവു രീതിയില്‍ വാക്കുകള്‍ മാറ്റിപ്പറഞ്ഞാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഒടുവില്‍ ഞാന്‍ അങ്ങനെ ആഹ്വാനം നടത്തിയിട്ടില്ലെന്നു പോലും തട്ടിവട്ടു. എന്നാല്‍ സ്വന്തം അണികളെ പോലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത പ്രസ്താവനകള്‍ക്കെതിരേയും സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. അനാവശ്യ ഇടപെടല്‍ കൊണ്ട് മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ പോലും കാര്യമായി ക്ലച്ചുപിടിക്കാത്ത ഇവര്‍ ഈ തോല്‍വിക്ക് കനത്ത വില തന്നെ നല്‍കേണ്ടിവന്നിരിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.