2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മണ്ണാങ്കട്ടയും കരിയിലയും

വി.കെ.എം കുട്ടി ഈസ്റ്റ് മലയമ്മ, കോഴിക്കോട്

ദാര്‍ശനിക പ്രാധാന്യമുള്ള കവിതയാണ് ‘മണ്ണാങ്കട്ടയും കരിയിലയും'(ലക്കം 169). ഹൃസ്വ ദാമ്പത്യജീവിത്തിന്റെ നഷ്ടപ്രതാപങ്ങളില്‍ പോലും ഹൃദയദമനികളില്‍ ബാക്കിനില്‍ക്കുന്ന വേദനകളാണു കരയിലയായി മണ്ണാങ്കട്ടയായി മാറുന്നത്. അബോധമനസിന്റെ സ്വാധീനം എത്ര പഴകിയാലും കവിതയില്‍ പ്രതിഫലിക്കുക സ്വാഭാവികമാണല്ലോ. സ്‌നേഹവും വിരഹവും വേദനയും നിരാശയും ഈ കവിതയുടെ ഉള്‍പ്പിരിവായി മാറുന്നു. ഇതിവൃത്തത്തിന്റെ അനുക്രമവികാസവും സ്വാഭാവികമായ പാത്രസൃഷ്ടിയും ഒപ്പം തത്വചിന്താപരമായ സൗന്ദര്യദര്‍ശനവും കവിതയെ ആളോഹരി വായിച്ച് ആനന്ദിപ്പിക്കുന്നു. എനിക്കു നിന്നെ വേണമെന്നു പറയാന്‍ ഒരാളില്ലാതാവുമ്പോള്‍ ഖല്‍ബിന്റെ വിരഹം ചെറുതല്ല. ആകാശത്തിന്റെ പാതി നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന വേദനയാണത്. പ്രിയപ്പെട്ടവന്റെ അരികു പറ്റിക്കിടക്കാന്‍ കവി കൊതിക്കുന്നുണ്ട്.
ഒരേയൊരു പുരുഷനായ കൃഷ്ണനു വേണ്ടി ജീവത്യാഗം ചെയ്യുന്ന മീരയുടെ അന്തര്‍ദാഹം പോലെയാണ് കവിയുടെ മനസ്. അതു കീറിയെടുക്കാനാവാത്തവിധം ഹൃദയഭിത്തിയില്‍ പറ്റിപ്പിടിച്ചുനില്‍ക്കുന്നു. ദാമ്പത്യബന്ധം അങ്ങനെയാണല്ലോ, മറക്കാനാവാത്ത ഓര്‍മകളുടെ സ്വപ്നസഞ്ചാരമാണത്. മനുഷ്യജീവിതത്തിന്റെ മഹാരഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന അലൗകികാനന്ദത്തിന്റെ വിസ്മയമാണു സ്‌നേഹം. ലളിതവും ഋജുവുമാണ് ഓരോ വാക്കുകളും. പ്രേമം, സമാഗമം, ഭക്തി, നിരാശ തുടങ്ങിയവയെല്ലാം കവിതയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. കരിയിലയും മണ്ണാങ്കട്ടയും എത്ര ആത്മമിത്രങ്ങളായാലും ഒടുവില്‍ മണ്ണില്‍ അലിയണമെന്ന സത്യം കവി വരച്ചിടുന്നു. ഉദാത്ത ബിംബ കല്‍പനയാണു കവിതക്കു നല്‍കിയ ശീര്‍ഷകം. അകാല മരണത്തിലേക്കു നടന്നകന്നു പോയ പ്രിയപ്പെട്ടവന്റെ ഓര്‍മപ്പെടുത്തലുകളെ ഈ കവിത ലാളിക്കുന്നുണ്ട്. പച്ചമാംസം അഴുകിച്ചുരുങ്ങിയെന്ന് എഴുതുമ്പോള്‍ അതിലടങ്ങിയ നിരാശയും ദാമ്പത്യജീവിതത്തിന്റെ നഷ്ടവും കവിഹൃദയത്തെ വല്ലാതെ വൃണപ്പെടുത്തുന്നു. ഒരു വിശാദ ആത്മഗീതമായി ഈ കവിത ആസ്വാദക മനസില്‍ തങ്ങിനില്‍ക്കും. ഉരുക്കിച്ചേര്‍ത്തുണ്ടാക്കിയ ഭാവഭംഗി കവിതയുടെ മാറ്റുരയ്ക്കുന്നു. ‘ബാഷോ’ എഴുതിയ പോലെ ആത്മാവിന്റെ സഞ്ചാരക്കുറിപ്പുകളാണ് ഈ കവിത. നന്ദി കവയിത്രി സുമയ്യാസുമത്തിനും ഞായര്‍ പ്രഭാതത്തിനും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.