2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മണിപ്പൂരില്‍ ബിരേന്‍സിങ് സര്‍ക്കാര്‍ അധികാരമേറ്റു

ഇംഫാല്‍: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ചരിത്രത്തിലാദ്യമായി മണിപ്പൂരില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റു. നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ട നോങ്‌തോംഗാം ബിരേന്‍സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നജ്മ ഹിബത്തുല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കുപുറമെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉറിപോക്ക് മണ്ഡലത്തില്‍ നിന്ന് വിജയിച്ച നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗമായ വൈ.ജോയ്കുമാര്‍ സിങ്ങാണ് ഉപമുഖ്യമന്ത്രി. ഇബോബി സിങ്ങിന്റെ വലംകൈയും മണിപ്പൂര്‍ മുന്‍ ഡി.ജി.പിയുമാണ് ജോയ്കുമാര്‍.
നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റേയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും ലോക് ജനശക്തിക്കും പുറമെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഒരു കോണ്‍ഗ്രസ് അംഗത്തിന്റെയും പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. ബി.ജെ.പിക്ക് 21 അംഗങ്ങള്‍ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങള്‍ വേണമെന്നിരിക്കെ മറ്റുള്ളവരെ കൂട്ടുപിടിച്ചതോടെ സഭയില്‍ 32 അംഗങ്ങളുടെ പിന്തുണ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് അവര്‍ ഗവര്‍ണറെ സമീപിക്കുകയായിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ബിരേന്‍സിങ്, ഒക്രം ഇബോബി സിങിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയിലും അംഗമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം യാത്ര റദ്ദാക്കേണ്ടി വന്നു.
അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്തത് വിവാദമായതോടെ വിശദീകരണവുമായി ഗവര്‍ണര്‍ നജ്മ ഹിബത്തുല്ല രംഗത്തെത്തി. ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് നോക്കി സംസ്ഥാനത്തിന്റെ സ്ഥിരതയ്ക്കായി ജോലി ചെയ്യേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്നും അത് സുപ്രിം കോടതി തന്നെ നിര്‍ദേശിച്ചിട്ടുള്ളതാണെന്നും അവര്‍ വ്യക്തമാക്കി. നിയമാനുസൃതമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.