2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മണലാരണ്യത്തിലെ തീക്കടല്‍

 


ലേബര്‍ ക്യാമ്പ്

അബ്ദുള്ള പേരാമ്പ്ര
മഴത്തുള്ളി പബ്ലിക്കേഷന്‍
വില 95.00 രൂപ

ഡോ. യൂസഫ് പേരം

അബ്ദുല്ല പേരാമ്പ്ര രചിച്ച് മഴത്തുള്ളി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ‘ലേബര്‍ ക്യാമ്പ് ‘ ഒരു കൊച്ചുനോവലാണ്. ഉള്ളടക്കത്തിലെ ആത്മസത്ത ഭാവതീവ്രതയുടെ ഒരു മഹാലോകവും. ആമുഖത്തില്‍ നോവലിസ്റ്റ് സൂചിപ്പിക്കുന്നത് അദ്ദേഹത്തിനു തന്നെ അനുഭവിക്കേണ്ടി വന്ന മരുഭൂജീവിതത്തിന്റെ നേര്‍പ്പതിപ്പാണ് ഈ നോവലെന്നാണ്. മുഖ്യകഥാപാത്രമായ ഉസ്മാന്‍ അതുകൊണ്ട് തന്നെ ഈ എഴുത്തുകാരന്‍ തന്നെയാകുന്നു. മാത്രമല്ല, എഴുത്തുകാരന്റെ തന്നെ ഭാവങ്ങളും ഭാണ്ഡങ്ങളും വിവിധയിടങ്ങളില്‍ നോവലിന്റെ ആന്തരികഘടനയുമായി ഉള്‍ചേര്‍ന്നിരിക്കുകയും ചെയ്തിരിക്കുന്നു. മരുഭൂമിയിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ ലഗേജിന്റെ ഭൂരിഭാഗവും പുസ്തകങ്ങളാണെന്നതു നിരീക്ഷണത്തെ കൂടുതല്‍ ദൃഢതരമാക്കുന്നു.
ഏതു പ്രവാസജീവിതവും ജീവനില്ലാത്ത ലഗേജിന്റെ അനുഭവങ്ങളിലൂടെയാണു സത്യത്തില്‍ കടന്നുപോകുന്നത്. മധ്യേഷ്യയിലെ ജീവിതം ആരംഭിക്കുന്നതോടെ സാധാരണക്കാരായ പ്രവാസികള്‍ക്കു ജീവനുള്ള അവസ്ഥ ഏറെക്കുറെ നഷ്ടപ്പെടുകയാണ്. ജീവനില്ലാത്ത വസ്തുവിനെ ഏതെല്ലാം നിലയ്ക്ക് ഉപയോഗപ്പെടുത്താമെന്നുള്ള പരീക്ഷണം പോലെയാണ് പ്രവാസികള്‍ക്കുമേല്‍ മരുഭൂമിയില്‍ വന്നുപെടുന്ന ഓരോ തിക്താനുഭവങ്ങളും. ലേബര്‍ ക്യാംപ് വരച്ചിടുന്ന അനുഭവങ്ങളുടെ തീവ്രത വേനല്‍ക്കാലത്തെ അഥവാ എക്കാലത്തെയും മരുഭൂമിപോലെ പൊള്ളുന്നവയാണ്. വിദ്യാഭ്യാസമുള്ള, ഭാവനയുടെയും സര്‍ഗാത്മകതയുടെയും തോഴനായ യുവാവാണ് ഉസ്മാന്‍. എങ്കിലും എല്ലാ കേരളീയരെയും പോലെ ജീവിതസാഹചര്യങ്ങള്‍ അവനെ ഭാവിയെക്കുറിച്ചുള്ള ആധിയിലേക്കും ഉല്‍ക്കണ്ഠയിലേക്കും നയിക്കുന്നു. പ്രതീക്ഷകളുടെ ആകാശങ്ങളില്‍ വിഹരിക്കാന്‍ ഈ സാഹചര്യം അവനെ പ്രേരിപ്പിച്ചു. ഭാര്യയുടെ അടുത്ത ബന്ധു വിസ ശരിയാക്കുന്നതു കാത്തുനിന്ന നിമിഷങ്ങള്‍ക്കു തീവ്രത കുറവായിരുന്നെങ്കിലും വിസ ലഭിച്ചപ്പോള്‍ ഉണ്ടായ ആവേശം പറഞ്ഞറിയിക്കാന്‍ കഴിയാത്തതുതന്നെ.
1980കളിലെ കേരളീയ പരിസരം തികച്ചും പ്രതീക്ഷകളുടെയും ഉല്‍ക്കണ്ഠയുടെയും അതേസമയം വറുതിയുടെയും നാടുവിടാന്‍ കൊതിക്കുന്ന യുവാക്കളുടെ അങ്കലാപ്പുകളുടെയും പ്രതലങ്ങളായിരുന്നു. ഇക്കാലത്തായിരിക്കണം മനോരാജ്യങ്ങളില്‍ വിഹരിക്കാന്‍ കേരളീയര്‍ കൂടുതല്‍ സമയം കണ്ടെത്തിയത്. വിശാലമായ മരുപ്പച്ചകളായി, പച്ചതുരുത്തുകളായി മലയാളിയുടെ മനസില്‍ പരന്നുകിടന്നു മരുഭൂമി. മരുപ്പച്ച തേടി ഉസ്മാന്‍ എത്തിയത് കൊടും പീഡനങ്ങളുടെയും യാതനകളുടെയും മണലാരണ്യത്തിലേക്കാണ്. ഇങ്ങനെ നോക്കുമ്പോള്‍ ‘ആടുജീവിത’ത്തിലെ നജീബ് അനുഭവിച്ച യാതനകള്‍ക്കു തീവ്രത കുറവാണ്. മാത്രമല്ല, നജീബ് വിദേശിയായ അര്‍ബാബില്‍നിന്നുള്ള പീഡനങ്ങളുടെ ഇരയാണ്. അവിടെ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുണ്ടാവുന്നു.
പക്ഷെ, ‘ലേബര്‍ ക്യാമ്പി’ല്‍ മലയാളി ‘അര്‍ബാബു’മാര്‍ ഏല്‍പ്പിക്കുന്ന കൊടും പീഡനങ്ങളാണ് അനാവരണം ചെയ്യുന്നത്. ഒരേ സംസ്‌കാരത്തില്‍നിന്ന്, ഒരേ ജീവിതസാഹചര്യത്തില്‍നിന്ന്, ഒരേ ഭാഷ സംസാരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ സംഭവിക്കുന്ന അടിമ-ഉടമ ബന്ധങ്ങള്‍ക്കു തീക്ഷ്ണത കൂടുതലാണ്. സ്വന്തം ഭാര്യയുടെ ബന്ധുവില്‍നിന്നു തന്നെ ഉസ്മാന്‍ തിക്താനുഭവങ്ങള്‍ നേരിടുമ്പോള്‍ അധികാരത്തിന്റെയും മേധാപ്രകടനങ്ങളുടെയും ഫാസിസത്തിന്റെയും വേരുകള്‍ നമ്മുടെയൊക്കെ കുടുംബങ്ങളില്‍നിന്നു ജനിക്കുന്നു എന്ന നിരീക്ഷണത്തിലാണു നമുക്ക് എത്തിച്ചേരാനാകുക.
മാസങ്ങളോളം മരുഭൂമിയിലെ (ഈ നോവലില്‍ ദുബൈയിലെ അല്‍ഖൂസ്) ലേബര്‍ ക്യാംപില്‍ അടിമപ്പണി ചെയ്യേണ്ടിവരുന്നവരും ഒരു നയാപൈസ പോലും ശമ്പളമായി ലഭിക്കാത്തവരുമായ എത്രയോ മലയാളികളുണ്ട്. അവസാനം അവരെയൊക്കെ ഏതെങ്കിലും സന്നദ്ധസംഘടനകളോ എംബസി ഉദ്യോഗസ്ഥരോ കണ്ടെത്തുന്നതു വിരളവും. ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലി ചെയ്യുന്ന ലേബര്‍ ക്യാംപില്‍ ഉറങ്ങാന്‍ പോലും കഴിയാതെ അടിമവേല ചെയ്തിട്ടും ശമ്പളം ചോദിച്ചപ്പോള്‍ ഇക്കാലമത്രയും ട്രെയിനിങ് കാലമായിരുന്നുവെന്നു ക്രൂരമായി പരിഹസിക്കുന്ന സ്വന്തം ബന്ധുവിന്റെ നൃശംസതയ്ക്കു വിധേയനാവുകയാണ് ഉസ്മാന്‍. തലചായ്ക്കാന്‍ ഇടം ലഭിക്കാനായി മറ്റുള്ളവരാരെങ്കിലും ഒഴിയട്ടെ എന്നു കാത്തുനില്‍ക്കേണ്ടി വരുന്ന ദുരവസ്ഥ. കരുണയുടെയും ദാക്ഷിണ്യത്തിന്റെയും അതിവിദൂരമായ സാധ്യതപോലും നിലനില്‍ക്കാത്ത വിഹ്വലദിനങ്ങള്‍. മൊബൈല്‍ ഫോണുകള്‍ ഇല്ലാത്ത കാലത്തെ ആശയവിനിമയ സാധ്യതകളുടെ ശൂന്യസ്ഥലി. ഇതെല്ലാം മനുഷ്യനെ അടിമത്വത്തിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ തളച്ചിടാന്‍ മുതലാളിമാര്‍ക്കു വലിയ അവസരങ്ങള്‍ ഒരുക്കി. ഒരു വിരോധാഭാസം പോലെ, മരുഭൂമിയിലെ കൊള്ളക്കാരായ ആഫ്രിക്കക്കാര്‍ അല്‍പംകൂടി കരുണാര്‍ദ്രമായി നോവലില്‍ ചിത്രീകരിക്കപ്പെടുന്നു.
നോവല്‍ എന്ന ഘടനയില്‍നിന്നു വ്യതിരിക്തമായി ആത്മകഥയുടെ പൊള്ളുന്ന ഒരധ്യായം എന്ന നിലയ്ക്കാണ് ഈ പുസ്തകം വായനക്കാരോടു സംവദിക്കുക. ഓരോ പ്രവാസിയുടെയും തീക്ഷ്ണവ്യവഹാരങ്ങളായി ഈ നോവല്‍ മാറുന്നു. അതിജീവനത്തിനു വേണ്ടിയുള്ള ഓരോ മനുഷ്യന്റെയും പോരാട്ടവും നിസഹായവും നൈരാശ്യജനകവുമായ പരിണിതിയുമാണിതില്‍ പ്രമേയമാക്കിയിരിക്കുന്നത്. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നില്ല എന്നത് ഉസ്മാനെ സംബന്ധിച്ച് ഒരു മിഥ്യയാണ്. ഉസ്മാന്റെ ജീവിതം നല്‍കുന്ന സന്ദേശം, എത്ര കരുത്തുള്ള മനുഷ്യനും അതിജീവനം ഏറിയ പങ്കും തിക്തവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതില്‍നിന്നു വിഭിന്നവുമാണ് എന്ന സത്യമാണ്.
വിസാകച്ചവടം തൊഴിലാക്കിയ മലയാളി പ്രവാസികള്‍ സ്വന്തം കീശ വീര്‍പ്പിക്കാന്‍, നാട്ടിലുള്ളവര്‍ക്ക് വിസ അയച്ചുകൊടുത്തോ, അയക്കാമെന്നു വാഗ്ദാനം ചെയ്‌തോ വഞ്ചിച്ച ഒട്ടേറെ അനുഭവങ്ങളുണ്ട്. മലയാളികള്‍ തന്നെ ഇത്തരത്തില്‍ ക്രൂരതകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഇതിന്റെ മറുവശം അതു സ്വന്തം സഹോദരനെയോ അയല്‍ക്കാരനെയോ നാട്ടുകാരനെയോ ഒക്കെ ആയിത്തീരുന്നു എന്നതാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ‘ലേബര്‍ ക്യാമ്പ് ‘ മലയാളികളോടു സംവദിക്കുന്നത്. സ്വന്തം വീട്ടില്‍ തന്നെ ഓരോ മനുഷ്യനും വിധേയമാക്കപ്പെടുന്ന ഹിംസയുടെ പരിപ്രേക്ഷ്യം പക്വമായ ഭാഷാമികവോടെ നോവലിസ്റ്റ് അവതരിപ്പിക്കുകയാണ്. ഓരോ മനുഷ്യനും തന്റെ ആന്തരികജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ബോധ്യപ്പെടുന്ന അനുഭവതീക്ഷ്ണതയാണ് ഇവിടെ ദര്‍ശിക്കാന്‍ കഴിയുക. അതുകൊണ്ടാവണം ഈ കൃതി എല്ലാ അര്‍ഥത്തിലും നമ്മെ മുറിപ്പെടുത്തുന്നതും, മുറിപ്പെട്ട അനേകം ജീവിതങ്ങളെക്കുറിച്ചുള്ള ആഖ്യാനവുമായിത്തീരുന്നത്. സുഖലോലുപതയുടെ മാത്രം മുകുരങ്ങളില്‍ വസിക്കുന്നവരെക്കാള്‍ ജീവിതത്തില്‍ തിക്തമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള വ്യക്തികള്‍ക്കു സ്വയം വിലയിരുത്താന്‍ കഴിയുന്ന അനുഭവസഞ്ചയമാണ് ഈ നോവല്‍. ശൈലികൊണ്ടും ആഖ്യാനത്തിന്റെ ചടുലമായ അവതരണം കൊണ്ടും മേന്മയും കാമ്പും പ്രകടിപ്പിക്കുന്ന കൃതി മലയാളത്തിലെ വായനക്കാര്‍ക്കിടയില്‍ ഒരു വലിയ കടലിരമ്പമായി അനുഭവപ്പെടുമെന്നതു തീര്‍ച്ചയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.