2018 May 09 Wednesday

മഞ്ഞുകാലമായ്, പേടിക്കണം ശ്വാസകോശ രോഗങ്ങളെ

ഡിസംബറിനൊപ്പം തണുപ്പുമിങ്ങെത്തിപ്പോയി. വൃശ്ചിക കുളിരിനൊപ്പം വിരുന്നെത്തുന്ന മഞ്ഞുകാലം നിരവധി രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രധാനമായും കൊച്ചുകുട്ടികളും പ്രായമായവരുമാണ് മഞ്ഞുകാലത്ത് കൂടുതല്‍ ബുദ്ധിമുട്ടിലാവാറുള്ളത്. വരണ്ട കാലാവസ്ഥയില്‍ ശ്വാസകോശ രോഗങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നു.

ഈര്‍പ്പം അധികരിക്കുന്നതും കാറ്റില്ലാത്തതും, അന്തരീക്ഷത്തിലെ പൂമ്പൊടികളും, മറ്റു പൊടിപടലങ്ങളുമാണ് ഈ കാലാവസ്ഥയില്‍ ശ്വാസകോശ രോഗങ്ങള്‍ അധികരിക്കുന്നതിന് കാരണമാകുന്നത്. തണുപ്പ് ശ്വാസനാളങ്ങളുടെ പ്രതിരോധം കുറയ്ക്കാന്‍ പ്രധാന കാരണമാണ്.

കാലാവസ്ഥയും രോഗസാധ്യതയും മുന്‍കൂട്ടി കണ്ട് അല്‍പ്പം മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മഞ്ഞുകാലത്ത് വരുന്ന രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം.

  • പ്രധാനമായും അലര്‍ജി, ശ്വാസംമുട്ടല്‍ എന്നിവയുള്ളവര്‍ പൊടി തണുപ്പ് തുടങ്ങിയ സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കണം. ഡോക്ടര്‍ സ്ഥിരമായി മരുന്ന് കഴിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളവരാണെങ്കില്‍ അത് കൃത്യമായി പിന്തുടരണം. ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് കൃത്യമായി ഉപയോഗിക്കുക.
  • പുകവലി പൂര്‍ണമായും ഒഴിവാക്കുക. പാസീവ് സ്‌മോക്കിങും വളരെ അപകടകാരിയാണ്. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുക.
  • തണുത്ത ഭക്ഷണവും ജങ്ക് ഫുഡും ഒഴിവാക്കുക. വൈറ്റമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചില ഭക്ഷണപദാര്‍ഥങ്ങള്‍ ചിലരില്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. ഇത് കണ്ടെത്തി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
  • തണുപ്പുള്ള സാഹചര്യങ്ങളില്‍ ദൂരയാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. യാത്രകളില്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ അവരവരുടെ ഡോക്ടറൈ കണ്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളുക. പതിവായി ഉപയോഗിക്കുന്ന മരുന്നുകളും ഇന്‍ഹേലറുകള്‍ എന്നിവ കൂടെകരുതുക.
  • താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പൊടി അടിഞ്ഞുകൂടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. കിടപ്പുമുറിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുന്നവിധം വെന്റിലേഷന്‍ ക്രമീകരിക്കുക.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.