2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മഞ്ചേരി മെഡിക്കല്‍ കോളജ്; ഹോസ്റ്റല്‍ കം ക്വാര്‍ട്ടേഴ്‌സ് നിര്‍മാണം വൈകും

മഞ്ചേരി: മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 29നു തറക്കല്ലിട്ട 103 കോടിയുടെ കെട്ടിടങ്ങളുടെ പ്രവൃത്തികള്‍ വൈകാന്‍ സാധ്യത. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ കരാറുകാര്‍ക്കു നല്‍കിയത് 18 മാസമാണ്. എന്നാല്‍, നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിനു റോഡിന്റെ വീതിയില്ലായ്മ കാരണം തടസം നേരിടുകയാണ്.
ഇതിനു പരിഹാരം കാണാന്‍ സമീപത്തെ ഭൂവുടമയുമായി നടത്തിയ മൂന്നു ചര്‍ച്ചകളും പരാജയപ്പെട്ടതോടെ നിര്‍മാണ പ്രവൃത്തികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നിര്‍മാണ സാധനങ്ങളുമായി കടന്നുചെല്ലാന്‍ വഴിയില്ലാത്തതാണ് നിലവിലെ പ്രശ്‌നം. വലിയ വാഹനങ്ങള്‍ നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെത്താന്‍ 15 സെന്റ് ഭൂമിയാണ് വേണ്ടത്. എന്നാല്‍, സ്വകാര്യവ്യക്തി ഭൂമി വിട്ടുനല്‍കാന്‍ തയാറായിട്ടില്ല. ഭൂമി ന്യായവിലയ്ക്കു സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പ് ലഭിക്കാത്തതാണ് ഭൂമി വിട്ടുനല്‍കാതിരിക്കാന്‍ കാരണം. നിര്‍മാണ പ്രവൃത്തികള്‍ക്കു ഭൂമിയിലൂടെ റോഡ് വെട്ടുകയും ശേഷം സര്‍ക്കാര്‍ കൈയൊഴിയുകയും ചെയ്താല്‍ ഭൂവുടമയ്ക്കു നഷ്ടമാകും. ഭൂമി വിട്ടുകിട്ടുന്നതിനു കലക്ടറുടെയും തഹസില്‍ദാറുടെയും നേതൃത്വത്തില്‍ ഭൂവുടമയുമായി പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടിട്ടില്ല. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും രേഖാമൂലം ഉറപ്പുനല്‍കാന്‍ സാധിക്കാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.
നിലവില്‍ മെഡിക്കല്‍ കോളജിലേക്കു പാണ്ടിക്കാട് റോഡില്‍നിന്നും മലപ്പുറം റോഡില്‍നിന്നുമുള്ള വഴിയിലൂടെ വലിയ വാഹനങ്ങള്‍ക്കി പോകാനാകില്ല.
നിര്‍മാണാവശ്യത്തിനുള്ള സ്റ്റീല്‍, സിമന്റ് എന്നിവ വലിയ ട്രെയിലറുകളിലാണ് കൊണ്ടുവരിക. ഇതില്‍ സിമന്റ് മഞ്ചേരിയിലെത്തിയ ശേഷം ചെറിയ വാഹനങ്ങളിലേക്കു മാറ്റി നിര്‍മാണ സ്ഥലത്തെത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, കമ്പിയുടെ കാര്യത്തില്‍ ഈ രീതി സ്വീകരിക്കാനാകില്ല. ഇതു നിര്‍മാണ വേഗതയെ ബാധിക്കും. ഇക്കാര്യത്തില്‍ പരിഹാരമായി നിര്‍ദേശിക്കപ്പെട്ടത് സ്വകാര്യവ്യക്തിയില്‍നിന്നു സ്ഥലം ഏറ്റെടുക്കുകയെന്നതാണ്.
പാണ്ടിക്കാട്-മഞ്ചേരി ബൈപാസില്‍ ചിറക്കലില്‍നിന്നു 160 മീറ്റര്‍ അകലം മാത്രമേ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കുള്ളൂ. മൂന്നു കുടുംബങ്ങളുടെ കൈവശമുള്ള സ്ഥലമാണിത്. ഇതില്‍ രണ്ടു കുടുംബങ്ങള്‍ സ്ഥലം വാഹനങ്ങള്‍ കടന്നുപോകുന്നതിനു സൗകര്യം ചെയ്തുനല്‍കാമെന്നു സമ്മതിച്ചിട്ടുണ്ട്. ഒരു കുടുംബം സമ്മതം നല്‍കാതെ മാറിനില്‍ക്കുന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്.
അതേസമയം, ഭൂവുടമയ്ക്കു യാതൊരു ഭയവും കൂടാതെ ഭൂമി നല്‍കാമെന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉറപ്പുനല്‍കുമെന്നും അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ പറഞ്ഞു. കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം ഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ കൈയൊഴിഞ്ഞാല്‍ നഷ്ടപരിഹാരം താന്‍ നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലെ ചുമട്ടുതൊഴിലാളികളും മെഡിക്കല്‍ കോളജിലെ കെട്ടിടനിര്‍മാണ ചുമതലയുള്ള ടാന്‍ബി കമ്പനിയും നിലനിന്നിരുന്ന തൊഴില്‍ പ്രശ്‌നം ഉമ്മര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News