2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ് പുനര്‍ നിര്‍മാണം വേഗത്തിലാക്കും

മഞ്ചേരി: ദിനേനെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ് പുതുക്കി പണിയാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നഗരസഭ തീരുമാനം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുനിസിപ്പല്‍ എഞ്ചിനിയറെ ചുമതലപ്പെടുത്തിയിരുന്നു. പഴയ സ്റ്റാന്‍ഡ് പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഒട്ടും സുരക്ഷയില്ലാത്ത പഴയ സ്റ്റാന്‍ഡ് പുതുക്കി പണിയണമെന്ന കോടതിയുടെ നിര്‍ദേശം രണ്ട് വര്‍ഷമായി നഗരസഭ അവഗണിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധവും ശക്തമായിരുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് പുതിയത് സ്ഥാപിക്കാനോ അറ്റകുറ്റ പ്രവൃത്തികള്‍ നടത്താനോ അധികൃതര്‍ തയാറാകാത്തതിനാല്‍ വലിയ രീതിയിലുള്ള അപകടം കാത്തുകഴിയേണ്ട അവസ്ഥയിലാണ് ദിനേനെ ഇവിടെയെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍. സ്റ്റാന്‍ഡ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ മുന്‍പും ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ ഈയിടെയായി സ്റ്റാന്‍ഡ് പുതിക്കി പണിയണമെന്ന ആവശ്യം ശക്തമായതോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തത്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം എണ്‍പത് ശതമാനവും പൂര്‍ത്തിയായതിന് ശേഷം മാത്രമെ പഴയ കെട്ടിടങ്ങള്‍ പൊളിക്കുകയൊള്ളു. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പുതിയ രണ്ട് നിലയുള്ള കെട്ടിടം നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മൂന്ന് കോടി രൂപ ലോണ്‍ എടുക്കും.
2016ല്‍ പഴയ സ്റ്റാന്‍ഡ് പൊളിച്ചു നീക്കി പുതിയ ഷോപ്പിംങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ ഒടുവില്‍ കടലാസില്‍ ഒതുങ്ങിയതാണ് സ്റ്റാന്‍ഡ് പഴയപടി തന്നെ നിലനില്‍ക്കാന്‍ കാരണം. ‘എല്‍’ ആകൃതിയിലാണ് പുതിയ സ്റ്റാന്‍ഡിന്റെ രൂപ രേഖ യ്യാറാക്കുന്നത്. നിലവില്‍ തിരൂര്‍, കോട്ടക്കല്‍, കിഴിശ്ശേരി, പൂക്കോട്ടൂര്‍, പെരിന്തല്‍മണ്ണ, പന്തല്ലൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ പൊളിഞ്ഞുവീഴാറായ പഴയ സ്റ്റാന്‍ഡില്‍ നിന്നാണ് പുറപ്പെടുന്നത്. വ്യാപാരികള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകാത്ത തരത്തിലാകും പുനര്‍നിര്‍മാണമെന്ന് ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ പറഞ്ഞു. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് ശേഷം വ്യാപാരികളെ ഒഴിപ്പിച്ച് പ്രതിഷേധം ഒഴിവാക്കാനാണ് തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.