2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

മക്കയെ ലക്ഷ്യംവച്ച ഹൂതി മിസൈല്‍ സഊദി തകര്‍ത്തു

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: യമനില്‍ നിന്ന് മക്കയെ ലക്ഷ്യംവച്ച് ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി അറബ് സഖ്യസേന. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. മക്കയ്ക്ക് സമീപത്തുവച്ചാണ് മിസൈല്‍ തകര്‍ത്തത്. യമനിലെ സഅദ പ്രവിശ്യയില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ മക്കയില്‍ നിന്ന് 65 കി.മി അകലെവച്ച് സഊദി സൈന്യം തകര്‍ത്തതായി സഊദി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല. മക്കയില്‍ നിന്ന് റോഡ് മാര്‍ഗം ഏകദേശം 849.2 കി.മീ അകലെയാണ് യമനിലെ സഅദ പ്രവിശ്യ.
എന്നാല്‍, ജിദ്ദയെ ലക്ഷ്യംവച്ചാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് ഹൂതികള്‍ പറഞ്ഞു. സഊദിയിലെ ഏറ്റവും വലിയ തുറമുഖ, വാണിജ്യ നഗരമാണ് ജിദ്ദ. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര തുറമുഖത്തെ ലക്ഷ്യമാക്കി ബുര്‍ഖാന്‍ -1  ഇനത്തില്‍പ്പെട്ട ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായാണ് ഹൂതികളുടെ ഔദ്യോഗിക വാര്‍ത്താ പോര്‍ട്ടലില്‍ പറയുന്നത്.
ജിദ്ദ തുറമുഖത്തു നിന്ന് ഏകദേശം 102 കിലോമീറ്റര്‍ ദൂരമാണ് മക്കയിലേക്കുള്ളത്. നേരത്തേ മക്കയില്‍ നിന്ന് വെറും 70 കി.മി ദൂരം മാത്രമുള്ള താഇഫില്‍ വച്ചും ഹൂതികളുടെ മിസൈല്‍ സഊദി തകര്‍ത്തിരുന്നു. 2015 മാര്‍ച്ച് 26 മുതല്‍ യമനില്‍ ഹൂതികള്‍ക്കെതിരേ സഊദി സഖ്യസേന ആക്രമണം നടത്തുന്നുണ്ട്. ഇറാന്‍ പിന്തുണയുള്ള ശീഈ വിഭാഗമായ ഹൂതികള്‍ യമന്‍ സര്‍ക്കാരിനെതിരേയാണ് ആക്രമണം നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.