2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മക്കയിലെത്തിയ ഹാജിമാരിലെ ആദ്യ കണ്മണി ഇന്ത്യന്‍ വനിതക്ക്

മക്ക: മക്കയിലെത്തിയ വിദേശ ഹാജിമാരില്‍ ആദ്യ കണ്മണി പിറന്നത് ഇന്ത്യന്‍ തീര്‍ഥാടകക്ക്. ഇന്ത്യന്‍ തീര്‍ഥാടകയായ 21 കാരി ഷാഹിന്‍ കര്‍ബാനുവാണു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ലോകത്തിനെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ലക്ഷോപലക്ഷം വനിതകളില്‍ ഗര്‍ഭിണികള്‍ ഉണ്ടാകുമെന്നതിനാല്‍ അതി വിപുലമായ സൗകര്യങ്ങള്‍ മക്കയിലും മദീനയിലും ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശുദ്ധ മക്കയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ആദ്യകുഞ്ഞ് പിറന്നത്. ഇതോടെ മക്കയില്‍ ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ പിറന്ന ആദ്യ വിദേശ വനിതയെന്ന ബഹുമതി ഇന്ത്യന്‍ വനിത നേടി.  

ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രി അധികൃതരും അതീവ ശ്രദ്ധയാണ് പുലര്‍ത്തിയതെന്നും ഹജ്ജ് നിര്‍വഹിക്കുന്നതിനായി വിശുദ്ധ ഭൂമിയിലെത്താനും ഇവിടെ തന്നെ കുഞ്ഞിനു ജന്മം നല്‍കാന്‍ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്നും കാരുണ്യവാനായ നാഥന് സ്തുതികളര്‍പ്പിക്കുന്നുവെന്നും ഷാഹിന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വിശുദ്ധ മക്കയില്‍ തീര്‍ഥാടകര്‍ക്ക് ഒമ്പത് കണ്‍മണികള്‍ പിറന്നിരുന്നു. ഹജിനെത്തിയ വിവിധ ദേശക്കാരായ വനിതകളാണ് മക്കയിലെ മെറ്റേണിറ്റി ആന്റ് ചൈല്‍ഡ് ഹോസ്പിറ്റലില്‍ പ്രസവിച്ചത്.

അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ആശുപത്രിയിലുള്ളതെന്ന് മക്ക മെറ്റേണിറ്റി ആന്റ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ഡയരക്ടര്‍ ഡോ. അനസ് സദ്ദായോ പറഞ്ഞു.  


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.