2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഭൂമി വില്‍പനയുടെ രാഷ്ട്രീയം

ടി.വി മുരളി, കൂത്താളി

ഭൂമി കച്ചവടം,അതും വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കാുടെ മുന്‍കൈയാല്‍. രണ്ടാം കക്ഷിയുടെ ജില്ലാ നേതൃത്വം മുന്നില്‍ നിന്നു കാട്ടിക്കൊടുത്ത മൊത്തകച്ചവട ഇടപാടുകള്‍.
ഒരു പിടി മണ്ണ് സ്വന്തമായി ഇല്ലാത്ത പതിനായിരങ്ങള്‍, മരിച്ചാല്‍ മറവു ചെയ്യാന്‍പോലും സ്വന്തമായി ഭൂമിയില്ലാത്ത കാടിന്റെ മക്കള്‍ ആദിവാസികള്‍ അധിവസിക്കുന്ന വയനാട്ടില്‍ നടന്ന കച്ചവടത്തിന്റെ  കണ്ണികള്‍.
കഴിഞ്ഞ ഭരണത്തിന്റെ അവസാന കാലത്തെ കടും വെട്ടുകളും ഓര്‍ഡറുകളും വഴിവിട്ടതെന്ന ഒറ്റ കാരണത്താല്‍ മാധ്യമങ്ങളില്‍ വന്ന് ഉച്ചത്തില്‍ ഉറഞ്ഞുതുള്ളിയവരുടെ കൂട്ടത്തില്‍ മുന്നില്‍ നിന്നത് ആരെന്ന്  പരിശോധിച്ചാല്‍ കാര്യങ്ങളിലെ ഇരട്ടത്താപ്പ് മനസിലാകും.
അധികാരം കിട്ടിയാല്‍ എന്തുമാകാം, ഇല്ലെങ്കില്‍ കാടടച്ചു വെടിയുതിര്‍ക്കാം.
ശരിയോ തെറ്റോ എന്നു പരിശോധനയില്‍ കണ്ടെത്താം,അന്വേഷണങ്ങള്‍ നടക്കട്ടെ. കുറെ നടപടികള്‍ ഉണ്ടാകാം. എന്നാല്‍, ഇതിനുള്ള കച്ചവട വഴികള്‍ ഡെപ്യൂട്ടി കലക്ടര്‍ വഴി ജില്ലാ ഭരവാഹികളിലൂടെ തുറക്കപ്പെടാമെന്നും അതിനുള്ള സാധ്യതകള്‍ ഉണ്ടെന്നും വ്യക്തമാണ്.
മിച്ച ഭൂമിക്ക് വേണ്ടി മാറ്റിവച്ച സ്ഥലമാണ് രേഖകളില്‍ കൃത്രിമം കാട്ടി സ്ഥിരപ്പെടുത്തികൊടുക്കുന്നത് എന്നറിയുമ്പോള്‍ എല്ലാം ശരിയാക്കി കൊടുക്കല്‍ എങ്ങനെയെന്ന് ബോധ്യമായി.
ഇതിനൊന്നും ഒരു കണക്കും കാര്യവുമില്ല. നാലര ഏക്കര്‍ സ്ഥലം കച്ചവടം ഉറപ്പിക്കാന്‍ മധ്യസ്ഥരും പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വന്‍ ശൃംഖലകളുടെ ഇടപെടല്‍.
അഴിമതിയുടെ നേര്‍ ചിത്രങ്ങള്‍ പൊതു സമക്ഷം തെളിയുമ്പോള്‍ മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമെല്ലാം ഉത്തരം പറഞ്ഞാല്‍ പോര, പരിഹാരവും കാണണം.
ഉത്തരവാദിത്വം ഉള്ളവര്‍ ആരായാലും അവരെ പടിക്കു പുറത്തു നിര്‍ത്താന്‍ ആര്‍ജവം കാണിക്കണം.ശിക്ഷ ഉറപ്പു വരുത്തണം. പറയുന്ന വാക്കും പ്രവൃത്തിയും തമ്മില്‍ എന്തെങ്കിലും ബന്ധം വേണ്ടേ.
അഴിമതിക്കെതിരേഗര്‍ജിച്ചുകൊണ്ടു,അനീതിക്കെതിരേ പോരാടിക്കൊണ്ട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അതിന്റെ പ്രതിഛായയില്‍ തന്നെ ഇടിവ് വന്ന ഈ കുംഭകോണ കഥകള്‍  അത്ര വേഗം മാറ്റാന്‍ കഴിയുമോ.
ഉദ്യോഗസ്ഥരെ ഉപയോഗിച്ചു രാഷ്ട്രീയ നേതാക്കന്മാര്‍ നടത്തുന്ന തീവെട്ടിക്കൊള്ള തുടര്‍കഥയാകുന്നു. ലക്ഷങ്ങള്‍ മറിയുന്ന കച്ചവടങ്ങള്‍. റവന്യൂ വകുപ്പ് എന്നും ചാകരയായി കണ്ട ഒരു വിഭാഗത്തിന് ആരു ഭരിച്ചാലും സുഖം തന്നെയാണ്.
പുറംപോക്കുകളോ മിച്ചഭൂമികളോ സര്‍ക്കാര്‍ സ്ഥലങ്ങളോ കൃത്യമായി ഡാറ്റാബാങ്കില്ലാത്ത കാലത്തോളം ഇനിയും തുടരാവുന്ന തട്ടിപ്പുകള്‍.
വയനാട്ടില്‍ മാത്രമല്ല,കേരളത്തില്‍ എവിടെയും  നടത്താവുന്ന ക്രയ വിക്രയങ്ങള്‍. ചിലതു പിടിക്കപ്പെടും, പരല്‍മീനുകള്‍ മാത്രം.
ഒരു ഭാഗത്ത് ഭൂമാഫിയ,റിസോര്‍ട് മാഫിയ. മറുഭാഗത്ത് ഒരിഞ്ച് ഭൂമിക്കുവേണ്ടി കൂര വയ്ക്കുവാനുള പാവങ്ങളുടെ കാത്തി രിപ്പുകള്‍.
കൈവശ രേഖയ്ക്കും,നികുതിയടയ്ക്കുവാനുമുള്ള കാത്തിരിപ്പില്‍ ഹൃദയം പൊട്ടി മരിച്ചവരും, ആത്മഹത്യ ചെയ്തവരും ഇതേ നാട്ടില്‍ തന്നെ പൗരന്മാരായിരുന്നുവെന്നത് അധികാരികള്‍ ഓര്‍ക്കണം.
പുറമ്പോക്കില്‍ കഴിയുന്ന ആയിരങ്ങള്‍ ഇന്നും കേരളത്തില്‍ ഉണ്ട്. വയനാട്ടിലെ വാര്‍ത്തകള്‍ നിസ്സാരവത്കരിക്കാനുള്ളതല്ല.അതിന്റെ ആഴവും പരപ്പും വലുതാണ്.
രാഷ്ട്രീയമായി പ്രതിപക്ഷത്തിന്റെ കരുത്തുപോലിരിക്കും പ്രതിഷേധം. അതിന്റെ ജയപരാജയങ്ങള്‍ അപ്പോള്‍ വിലയിരുത്താം.
കുറച്ചു ദിവസം മാത്രം ചര്‍ച്ചകളില്‍ സജീവമാകുന്ന ഒരു വിഷയം മാത്രമായി ഇതു മാറാതിരുന്നാല്‍ ഭാഗ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.