2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ഒന്നാം പ്രതി

കൊച്ചി: സീറോ മലബാര്‍സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദമായ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാംപ്രതിയാക്കി പൊലിസ് കേസെടുത്തു.
മുന്‍ പ്രൊക്യൂറേറ്റര്‍ ഫാ. ജോഷി പുതുവ, മുന്‍ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. എറണാകുളം സി.ഐ അനന്തലാല്‍ ഇന്നലെ രാവിലെ തന്നെ നിയമോപദേശം കൈപ്പറ്റുകയും തുടര്‍നടപടി സ്വീകരിക്കുകയുമായിരുന്നു.
പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കര്‍ദിനാളിനും രണ്ട് വൈദികര്‍ക്കും ഇടനിലക്കാരനായ സാജു വര്‍ഗീസിനുമെതിരേ കേസെടുത്തത്. കര്‍ദിനാളിനെതിരേ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പൊലിസ് കേസെടുക്കാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
കര്‍ദിനാളിനും സഹപ്രവര്‍ത്തകര്‍ക്കും നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ പോകാന്‍ പൊലിസ് അവസരം നല്‍കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം. സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമര്‍ശനമാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. കര്‍ദിനാള്‍ രാജാവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം
ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന് മൂന്നുദിവസം പിന്നിട്ടിട്ടും കര്‍ദിനാളിനെതിരേ കേസെടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേസെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.