2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

ഭീതിയുടെ കാഴ്ചകള്‍ വിവരിച്ച് സരോജിനിയും മകന്‍ അഖിലേഷും

താമരശ്ശേരി: ബുധനാഴ്ച രാത്രി ഏഴുമണി. അതിശക്തമായ മഴയും കാറ്റും. പൊടുന്നനെയാണ് മട്ടിക്കുന്ന് വനത്തില്‍ ഉരുള്‍പൊട്ടിയത്. പ്രദേശമൊന്നാകെ ഭീതിയോടെ വീടിനുള്ളില്‍ എന്തു സംഭവിക്കുന്നതെന്നറിയാതെ പരിഭ്രാന്തരായി. ഇതിനിടെ 8.30നും ഒന്‍പതിനും ആണ് വീണ്ടും ഉരുള്‍പൊട്ടിയത്.
ഇതേസമയത്താണ് മട്ടിക്കുന്ന് പുഴയുടെ പാലത്തിനരികെ റിജിത്തും സുഹൃത്തുക്കളായ എഡ്വിനും അഖിലേഷും അഖിലേഷിന്റെ അമ്മ സരോജിനിയും എത്തിയത്. കോരിച്ചൊരിയുന്ന മഴയില്‍ പുഴയില്‍ വെള്ളം കയറുന്നുണ്ടോ എന്നറിയാനാണ് ഇവര്‍ പുഴയ്ക്കരികെ എത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരപകടത്തില്‍പെട്ട് കാലിനു പരുക്കേറ്റ റിജിത്ത് നടക്കാന്‍ പ്രയാസമായതിനെ തുടര്‍ന്നാണ് സുഹൃത്ത് എഡ്വിനെയും കൂട്ടി തന്റെ കാറില്‍ ഇവിടെയെത്തിയത്.
സരോജിനിയും മകന്‍ അഖിലേഷും പാലത്തിനടുത്തേക്ക് എത്തുമ്പോഴാണ് അതിശക്തമായി മലവെള്ളം കുത്തിയൊലിച്ചു വന്നത്. ഇതുകണ്ട് സരോജിനിയും അഖിലേഷും ഇരുവരോടും രക്ഷപ്പെടാന്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ തിരിഞ്ഞോടാന്‍ ശ്രമിച്ച റിജിത്ത് തന്റെ കാറെടുക്കുന്നതിനായി വീണ്ടും പാലത്തിലേക്കു പോയി. അപ്പോഴേക്കും ശക്തമായ വെള്ളത്തില്‍ കാര്‍ ഒലിച്ചുപോയിരുന്നു.
പാലത്തിന്റെ അരികെയെത്തിയ റിജിത്തിനെ രക്ഷിക്കാന്‍ എഡ്വിനും ശ്രമിച്ചെങ്കിലും കുത്തൊഴുക്കില്‍പെട്ട് റിജിത്ത് മറയുകയായിരുന്നു.
ഇതേസമയം തന്നെ റിജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച എഡ്വിന്റെ ഷര്‍ട്ടില്‍ അഖിലേഷ് പിടിമുറുക്കി റോഡിലേക്ക് വലിച്ചിടുകയായിരുന്നു. പിന്നീട് മൂവരും കാണുന്നത് വന്മരങ്ങളും പാറക്കൂട്ടങ്ങളും ഒഴുകിവരുന്നതാണ്. തിരിഞ്ഞോടിയതിനു ശേഷം തിരിഞ്ഞു നോക്കുമ്പോഴേക്കും പ്രദേശമൊന്നാകെ വെള്ളത്തില്‍ മുങ്ങിയിരുന്നു


.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.