2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

ഭീതിപരത്തി വടക്കനാട്ടെ കാട്ടുകൊമ്പന്‍; ജാഗ്രത കൈവിടാതെ വനപാലകര്‍

മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും

വടക്കനാട്: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വടക്കനാട്ടെ കൊമ്പനെ മയക്കുവെടിവച്ച് തളക്കാനുള്ള ശ്രമം രണ്ടാം ദിനവും പരാജയം.
ഇന്നലെ രാവിലെ അഞ്ചോടെ പള്ളിവയല്‍ വെള്ളക്കെട്ട് പ്രദേശത്ത് മുഴുവന്‍ സന്നാഹങ്ങളുമായി വനം വകുപ്പ് എത്തിയിരുന്നു. എന്നാല്‍ ആളുകളുടെ സാമീപ്യം മനസിലാക്കിയ ആന കാട്ടിലേക്ക് മറഞ്ഞു.
തുടര്‍ന്നുള്ള പരിശോധനയില്‍ അമ്പതേക്കര്‍ കോളനിയോട്്‌ചേര്‍ന്ന കാട്ടികൊല്ലി വനമേഖലയില്‍ കൊമ്പനെ കണ്ടെത്തി. എന്നാല്‍ അടിക്കാട് വളര്‍ന്നുനില്‍ക്കുന്നതും മുളം കാടുകള്‍ക്കുള്ളിലുമായി നില്‍ക്കുന്ന കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ കഴിഞ്ഞില്ല. ആക്രമണ സ്വഭാവം കാണിക്കുന്ന കൊമ്പന്‍ കഴിഞ്ഞ ദിവസം ജീവിനക്കാര്‍ക്കെതിരേ തിരിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് സുരക്ഷിതമായ രീതിയില്‍ അടിക്കാടുകളില്ലാത്ത വിജനമായ സ്ഥലത്ത് വച്ച് മയക്കുവെടി വച്ച് തളച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനാണ് തീരുമാനം.
കാടിന് പുറത്തിറങ്ങാതെ കുറ്റിക്കാടുകള്‍ക്കുള്ളില്‍ തന്നെ കാട്ടാന നിലയുറപ്പിച്ചതും മറ്റു രണ്ടു കൊമ്പന്‍മാര്‍ കൂടെയുണ്ടായതും കാരണമാണ് രണ്ടം ദിവസത്തെ ശ്രമം ഉച്ചയോടെ വനം വകുപ്പ് അവസാനിപ്പിച്ചത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഇന്നും മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരും. മയക്കുവെടി വച്ച ആനയെ മുത്തങ്ങ ആനപന്തിയിലെ കുഞ്ചു, പ്രമുഖ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് റേഡിയോ കോളര്‍ ഘടിപ്പിക്കുക. വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡണ്‍ എന്‍.ടി സാജന്റെ നേതൃത്വത്തില്‍ 25 അംഗ വനം വകുപ്പ് ജീവനക്കാരാണ് രണ്ടാം ദിവസവും തിരച്ചില്‍ നടത്തിയത്.

വന്യമൃഗ ശല്യം; ഗ്രാമസംരക്ഷണ സമിതി പ്രക്ഷോഭത്തിന്

വടക്കനാട്: നൂല്‍പ്പുഴ പഞ്ചായത്തിലെ ഒന്ന്്, രണ്ട്, മൂന്ന് വാര്‍ഡുകളിലെ അതിരൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപെട്ട് പ്രദേശവാസികള്‍ ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വടക്കനാട്, കരിപ്പൂര്, പള്ളിവയല്‍, വള്ളുവാടി, മണലാടി, അമ്പതേക്കര്‍, മംഗലംകുന്ന്്, മണലിമൂല, വെള്ളക്കെട്ട്, മാടകുന്ന് അടക്കമുള്ള പ്രദേശങ്ങളിലാണ് കാട്ടാനയടക്കമുള്ളവ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ളത്്.
നിരന്തരമായി അനുഭവപ്പെടുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വേണ്ട് നടപടിയെടുക്കാന്‍ വനം വകുപ്പ് തയാറാവാത്ത സാഹചര്യത്തലാണ് ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തവരാന്‍ നാട്ടുകാര്‍ തയാറെടുക്കുന്നത്. ഗ്രാമസംരക്ഷണ സമിതി എന്ന കൂട്ടായ്മ രൂപീകരിച്ചാണ് പ്രക്ഷോഭസമരം. കഴിഞ്ഞദിവസം വടക്കാനാട് സെന്റ് ജോസഫ് പള്ളി ഹാളില്‍ രണ്ടാം വാര്‍ഡ്് മെംബര്‍ എം.കെ മോഹനന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് 51 അംഗ സമിതി രൂപീകരിച്ചത്.
പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈമാസം 17ന് ബത്തേരി വൈല്‍ഡ്‌ലൈഫ് വാര്‍ഡണ്‍ ഓഫിസിലേക്ക് ബഹുജന റാലിയും തുടര്‍ന്ന് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കാനുമാണ് തീരുമാനം.
കഴിഞ്ഞ കുറേ കാലങ്ങളായി തുടരുന്ന പ്രദേശത്തെ കാട്ടാന, കാട്ടുപന്നി, മാന്‍, കുരങ്ങ് ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞദിവസം പള്ളിവയല്‍ അള്ളവയലില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം എത്തപ്പാടത്ത് ജോസഫ്, ഏലിയാസ്, മര്‍ക്കോസ്്, പീറ്റര്‍, റെജി എന്നിവര്‍ ചേര്‍ന്നിറക്കിയ മൂന്നര ഏക്കര്‍ നെല്‍കൃഷി പൂര്‍ണമായും നശിപ്പിച്ചിരുന്നു. 60000ത്തിലധികം രൂപ കൃഷിയിറക്കുന്നതിനും, 40000 രൂപയിലധികം രൂപ കൃഷി സംരക്ഷണത്തിനായി നെല്‍വയലിനു ചുറ്റും വൈദ്യുതി കമ്പിവേലി അടക്കം സ്ഥാപിച്ചുമാണ് ഇവര്‍ കൃഷിചെയ്തത്. ഇപ്പോള്‍ ഈ തുകയില്‍ ഒരുരൂപ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിലാണ് നെല്‍പാടത്തിന്റെ കിടപ്പ്.
രാപ്പകല്‍ വ്യത്യാസമില്ലാതെ ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകള്‍ പ്രദേശവാസികളുടെ ജീവനോപാതിയായ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം പ്രദേശവാസികളുടെ ജീവനും ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്തെത്തുന്നത്. ഇതിനകം പ്രദേശത്തെ നിരവധിപേരുടെ ജീവന്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞിട്ടുണ്ട്.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.