2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

ഭീകരര്‍ അടങ്ങുന്നില്ല


പാക് അധീന കശ്മിരില്‍ ഇന്ത്യന്‍ സേന നടത്തിയ  സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് പ്രതികാര ബുദ്ധിയോടെ മൂന്ന് പാക് ഭീകര സംഘടനകളില്‍  നിന്നായി 250 ലധികം ഭീകരര്‍ കശ്മിരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് പറയുന്നു.  ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകളിലെ  അംഗങ്ങളാണിവര്‍. ഇന്ത്യയുടെ ഭാഗത്ത് നിന്നും കമന്റോ ആക്രമണം ഉണ്ടായിട്ടില്ലെന്നും അതിര്‍ത്തിയില്‍  വെടിവയ്പ്പ് നടത്തിയ രണ്ട് പാക് ജവാന്മാര്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന പാക് പ്രധാനമന്ത്രി നവാസ്  ശരീഫിന്റെ അവകാശവാദം ഇവിടെ പൊളിയുന്നു.
250 പേര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെങ്കില്‍.  കഴിഞ്ഞ  മാര്‍ച്ചില്‍ പാകിസ്താനില്‍ നിന്നും 10 ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും  ശിവരാത്രിയോടനുബന്ധിച്ച് സോമനാഥ് ക്ഷേത്രത്തിലും ഇതര ക്ഷേത്രങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താനുള്ള  ആസൂത്രണവുമായാണ് അവര്‍ ഇന്ത്യയിലേക്ക് കടന്നതെന്നും പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  നസീര്‍  ഖാന്‍ ജാന്‍ജ്വോ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ  അറിയിച്ചത് മറക്കാറായിട്ടില്ല. സന്ദേശം കിട്ടിയ ഉടനെ കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കി.  നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സേവനവും സുരക്ഷക്കായി വിട്ടുകൊടുത്തു. ചെന്നൈ, കൊല്‍ക്കത്ത,  ബംഗളൂരു, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും പ്രധാന ക്ഷേത്രങ്ങളിലും കാവല്‍ ശക്തമാക്കി. മുന്‍പൊരിക്കലും  ഇത്തരമൊരു വെളിപ്പെടുത്തല്‍ പാകിസ്താന്‍ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. പാകിസ്താന്‍ നല്ല  അയല്‍ക്കാരനായി മാറുകയാണല്ലോ എന്ന ധാരണയും ഇതുമൂലം ഇന്ത്യക്കുണ്ടായി. പത്താന്‍കോട്ടിലെ   ഭീകരാക്രമണ അന്വേഷണവുമായി പാകിസ്താന്‍ സഹകരിക്കുന്ന സമയമായതിനാല്‍ നസീര്‍ ഖാന്‍ ജാന്‍ജ്വായുടെ  അറിയിപ്പിനെ അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ കേന്ദ്ര  മന്ത്രാലയം ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് സുരക്ഷാ ഏജന്‍സികളുടെ ഏകോപനമോ  ചര്‍ച്ചകളോ നടന്നതായി അറിവില്ല.
പത്ത് ഭീകരരില്‍ മൂന്ന് പേരെ വധിച്ചുവെന്നും ശേഷിക്കുന്നവര്‍ക്കുവേണ്ടി  അന്വേഷണം നടത്തുകയാണെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് പ്രസ്താവനയും  വന്നു. ബാക്കിയുള്ള ഏഴുപേരെ ഉടന്‍ കണ്ടെത്താനാകുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ ഇത്തരമൊരു സംഭവമേ  ഉണ്ടായിട്ടില്ലെന്നും ഭീകരവാദി സംഘം ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്നുമായിരുന്നു പിന്നീട്  രഹസ്യാന്വേഷണ വിഭാഗവും ഗുജറാത്തി പൊലിസും വ്യക്തമാക്കിയിരുന്നത്. ഗുജറാത്തിലെ കച്ച്  വഴിയാണ് ഭീകരര്‍ ഇന്ത്യയില്‍ കടന്നതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് പൊലിസും  ഭീകരരെ പിടിക്കാനിറങ്ങിയത്. മൂന്ന് ഭീകരവാദികളെ കൊന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും അവരെ  എവിടെ വച്ചാണ് വകവരുത്തിയതെന്നോ  അവരുടെ മൃതദേഹങ്ങള്‍ എവിടെയാണ് സംസ്‌കരിച്ചതെന്നോ  ഐ.ബിയോ ആഭ്യന്തര വകുപ്പോ വെളിപ്പെടുത്തിയിരുന്നില്ല. അത്തരമൊരു പുകമറയായിരിക്കില്ല ഇപ്പോഴത്തെ  250 തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമെന്ന് വിശ്വസിക്കാനായിരിക്കും ഓരോ ഇന്ത്യക്കാരന്റെയും  താല്‍പര്യം.
ഇന്ത്യക്കാരന്റെ ദേശാഭിമാനം ചൂഷണം ചെയ്ത് അവരെ ഭയപ്പെടുത്തി  ഭരണകൂടത്തിന് അവരുടെ പിന്തുണ ഉറപ്പാക്കാനുള്ള തന്ത്രമായി ഇത്തരം ഭീകരവാദ നുഴഞ്ഞുകയറ്റത്തെ  ഉപയോഗപ്പെടുത്തരുത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം പുറത്തുവിട്ടു ജനങ്ങളില്‍ സംഭ്രാന്തി പരത്തി  ഭരണകൂടം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തരുത്. കുറേ മുന്‍പ് ഗുജറാത്ത് തീരത്ത് പാക്  ചാരബോട്ട് വെടിവച്ച് തകര്‍ത്തുവെന്ന  റിപ്പോര്‍ട്ടു വ്യാജമായിരുന്നുവെന്ന വസ്തുതയും ഇതോടൊപ്പം  ഓര്‍ക്കേണ്ടതുണ്ട്.
ശ്രീനഗറിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ മൂന്ന് ദിവസമായി  ഒളിഞ്ഞിരിക്കുകയായിരുന്ന രണ്ട് ഭീകരരെ സൈന്യം വകവരുത്തിയതായി ഏറ്റവും ഒടുവിലത്തെ  റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനഗര്‍-ജമ്മു ദേശീയ പാതയിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഇ.ഡി.ഐ)ബഹുനില കെട്ടിടത്തിലായിരുന്നു രണ്ട് ഭീകരര്‍ ഒളിഞ്ഞിരുന്നത്. ഇതേ സ്ഥലത്ത്  തന്നെയായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിലും മൂന്നു പാക് ഭീകരര്‍ ഒളിഞ്ഞിരുന്ന് അക്രമണം  നടത്തിയത്. 48 മണിക്കൂര്‍ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് അന്ന് അവരെ വകവരുത്താന്‍  കഴിഞ്ഞത്.  ഒക്ടോബറിലെത്തിയപ്പോഴേക്കും അതേ സ്ഥലത്ത് ഭീകരര്‍ക്ക് വീണ്ടും നുഴഞ്ഞുകയറാന്‍ സാധിച്ചു. 56 മണിക്കൂര്‍  നേരത്തെ പോരാട്ടത്തിനൊടുവിലാണ് ഇപ്പോഴത്തെ ഭീകരരെ വധിക്കാന്‍ കഴിഞ്ഞത്.
നമ്മുടെ ഭാഗത്ത്  നിന്നുണ്ടായ ഗുരുതരമായ സുരക്ഷാ പാളിച്ച മൂലമാണ് രണ്ടാം പ്രാവശ്യവും പാക് ഭീകരര്‍ക്ക്  ഒരേ  സ്ഥലത്ത് നുഴഞ്ഞുകയറാന്‍ കഴിഞ്ഞത്. അന്നത്തെ ഭീകരാക്രമണത്തില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ അഞ്ചു  സൈനികരാണ് വീരമൃത്യു വരിച്ചത്.
ഫെബ്രുവരിയിലെ പാംപോര്‍ സുരക്ഷാ പാളിച്ചയെ കുറിച്ച്  അന്വേഷിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ആ അന്വേഷണ ഫലം എന്തായാലും ഇതുവരെ വെളിച്ചം  കണ്ടിട്ടില്ല. അതേ സ്ഥലത്തിതാ ഭീകരര്‍ വീണ്ടും നുഴഞ്ഞുകയറിയിരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ഭരണകൂടം  എന്തുമാത്രം അലസതയാണ് കാണിക്കുന്നതെന്ന് ഈ രണ്ട് സംഭവങ്ങളില്‍ നിന്നും മനസ്സിലാകും. അകത്തെ  ശത്രുക്കളെ തുരത്താതെ പുറത്തെ ശത്രുക്കളെ പരാജയപ്പെടുത്താനാവില്ല എന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിന്റെ വാക്കുകള്‍ എത്ര  അര്‍ഥവത്താണ് .
സൈന്യത്തിന്റെ  പോരാട്ടവീര്യം രാഷ്ട്രീയലാഭത്തിന് വേണ്ടിയും അധികാരം  നിലനിര്‍ത്താന്‍ വേണ്ടിയും ഉപയോഗപ്പെടുത്തേണ്ടതല്ല. ദേശഭക്തിക്ക് പകരം കപട ദേശീയത  ഉണ്ടാകുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുക. പാംപോറില്‍ സൈന്യവും ഭീകരരും തമ്മില്‍   ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ തന്നെയാണ് കശ്മിരിലെ ഷോപിയാനില്‍ സുരക്ഷാ സേനക്കെതിരേ  ഭീകരാക്രമണവും നടന്നുകൊണ്ടിരിക്കുന്നത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും എട്ടു ജവാന്മാര്‍ക്കും  പരുക്കേറ്റിരിക്കുന്നു. ഏതാനും ദിവസം മുന്‍പ് ഷോപിയാനിലെ പൊലിസ് കാവല്‍പുരക്ക് നേരെ  ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലിസുദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചിരുന്നു. സുരക്ഷാ  ക്രമീകരണങ്ങളുടെ പാളിച്ചകളില്‍ നിന്ന് ഭീകരര്‍ മുതലെടുക്കുകയാണ്.
സുരക്ഷാ ഏജന്‍സികളുടെ  ഏകോപനമില്ലായ്മയും ഇതിന് കാരണമാകുന്നുണ്ടാകാം. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 24 മണിക്കൂറും  സൈനിക പെട്രോളിങ് നടക്കുന്നുണ്ട്. രാത്രിയില്‍ സൂര്യവെളിച്ചം പോലുള്ള ലൈറ്റുകളും പ്രകാശിക്കുന്നു. എന്നിട്ടും ഭീകരര്‍ നുഴഞ്ഞുകയറുന്നു.
മുംബൈ  ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയില്‍ എത്രയോ പാക് ഭീകരാക്രമണങ്ങള്‍ ഉണ്ടായി. ഇതൊന്നും  മുന്‍കൂട്ടി അറിയുവാന്‍ നമുക്ക് കഴിഞ്ഞതുമില്ല. നൂറുകണക്കിന് ജവാന്മാരെയാണ് ബി.ജെ.പി  ഭരണകാലയളവില്‍ നമുക്ക് നഷ്ടപ്പെട്ടത്. സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകള്‍ മനസ്സിലാക്കി ഫലപ്രദമായ  നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. രാജ്യ സുരക്ഷയും രാജ്യസ്‌നേഹവും രാഷ്ട്രീയ ലാഭത്തിന്  വേണ്ടി ഉപയോഗിക്കുകയല്ല വേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.