2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ഭീകരന്‍ ഡിഫ്ത്തീരിയ

കണ്ണൂര്‍: ജില്ലയില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചതോടെ ആരോഗ്യമേഖലയില്‍ ആശങ്ക. പ്രതിരോധകുത്തിവെപ്പിലൂടെ തുടച്ചുമാറ്റി എന്നവകാശപ്പെട്ട രോഗമാണ് പേരാവൂരിലെ പെണ്‍കുട്ടിക്ക് പിടിപെട്ടതും ഒടുവില്‍ മരണത്തിന് കീഴടങ്ങിയതും. കഴിഞ്ഞ വര്‍ഷങ്ങളില്‍ മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധയെ തുടര്‍ന്ന് നാല് കുട്ടികള്‍ മരിച്ചിരുന്നു.

പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതിനാലാണ് ഡിഫ്ത്തീരിയ പടര്‍ന്നതെന്ന വാദമാണ് മുഖ്യമായും ആരോഗ്യ വകുപ്പ് സ്വീകരിച്ചതെങ്കിലും ഇപ്പോള്‍ കുത്തിവെപ്പ് എടുത്ത വിദ്യാര്‍ഥിനി മരണപ്പെട്ടതാണ് ആശങ്കകൂട്ടാന്‍ കാരണം.

പെണ്‍കുട്ടി ബംഗളുരുവില്‍ വിനോദ യാത്ര പോയി വന്നതിനു ശേഷമാണ് രോഗലക്ഷണങ്ങള്‍ കാട്ടിതുടങ്ങിയത്. ആരോഗ്യവകുപ്പ് അധികൃതര്‍ പേരാവൂര്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. റൂബെല്ലാ വാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പിന് ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പിന്റെ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

എന്താണ് ഡിഫ്ത്തീരിയ

 

കൊറൈന്‍ ബാക്ടീരിയം ഡിഫ്ത്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്ത്തീരിയ. ഡിഫ്ത്തീരിയ എന്ന വാക്കിന്റെ അര്‍ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗം ബാധിച്ചവരുടെ തൊണ്ടയില്‍ കാണുന്ന വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടയ്ക്ക് മൃഗങ്ങളുടെ തോലുമായുള്ള സാമ്യത്തില്‍ നിന്നാണ് ഈവാക്കുണ്ടായത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളില്‍ നാലാം സ്ഥാനത്തായിരുന്നു ഡിഫ്ത്തീരിയ.

വോണ്‍ ബെറിംഗ് എന്ന ശാസ്ത്രജ്ഞന്‍ ഡിഫ്ത്തീരിയക്കെതിരായി വാക്‌സിന്‍ വികസിപ്പിച്ചതോടെ രോഗത്തെ നിയന്ത്രിക്കാനും ചിലയിടങ്ങളില്‍ നിന്നും തുടച്ചുനീക്കാനും കഴിഞ്ഞു.

ഡിഫ്ത്തീരിയ എങ്ങനെ അപകടമാകുന്നു

രോഗപ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ്എടുക്കാത്തവരുടെ) തൊണ്ടയില്‍ രോഗാണു പെരുകുകയും തൊണ്ടയില്‍ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നതാണ് ആദ്യ ലക്ഷണം. ഈ പാട ശ്വാസനാളത്തില്‍ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. രോഗാണുവില്‍ നിന്നുണ്ടാകുന്ന ഒരു വിഷവസ്തുവാണ് ഡിഫ്ത്തിരിയ ടോക്‌സിന്‍. ഇത് വിവിധ അവയവങ്ങളില്‍ അടിഞ്ഞുകൂടി അവയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. ഹൃദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയപേശികളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയുമാണ് ടോക്‌സിന്‍ പ്രധാനമായും ചെയ്യുന്നത്. ഡിഫ്ത്തീരിയ മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെ.

ഇതു കൂടാതെ ഡിഫ്ത്തീരിയ പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ്. തൊണ്ടയിലെ ഞരമ്പുകളെ ബാധിച്ചാല്‍ സംസാരിക്കുന്നത് വ്യക്തമല്ലാതാവുകയും കഴിക്കുന്ന ആഹാരവും വെള്ളവും ശരിക്ക് ഇറക്കാന്‍ പറ്റാതെ ശ്വാസനാളത്തില്‍ കയറി മരണം വരെ സംഭവിക്കുകയും ചെയ്യാം. ശരീരത്തിലെ മറ്റു ഞരമ്പുകളെ ബാധിക്കുമ്പോള്‍ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും രോഗി പൂര്‍ണ്ണമായും കിടപ്പിലാവുകയും ചെയ്യും. ശ്വസനത്തെ സഹായിക്കുന്ന പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ തകരാറിലാവുമ്പോള്‍ സ്വന്തമായി ശ്വാസം എടുക്കാന്‍ പറ്റാതാകുന്നു.

ചികിത്സ എങ്ങനെ

ചികില്‍സ വളരെ വിഷമകരമാണ്. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിര്‍വീര്യമാക്കാനുള്ള ആന്റി ടോക്‌സിന്‍ നല്‍കാന്‍ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്‌നം കൂടും. രോഗം കുറവായതിനാല്‍ ആന്റിടോക്‌സിന്റെ ലഭ്യത വളരെ കുറവാണ്.

പ്രതിരോധ കുത്തിവെപ്പ് തന്നെ പ്രധാനം

രോഗം തടയുക എന്നതാണ് ആദ്യം സ്വീകരിക്കേണ്ട വഴി. പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള വാക്‌സിന്‍ ഉള്ളപ്പോള്‍. 90%ല്‍ കൂടുതല്‍ പേര്‍ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തില്‍ ഈ രോഗം കാണാനുള്ള സാധ്യത വളരെ കുറവാണ്. ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നരവയസ്സിലും പിന്നെ അഞ്ച് വയസ്സിലുമാണ് ഈരോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടര്‍ന്ന് 10 വര്‍ഷം കൂടുമ്പോള്‍ ടി.ഡി വാക്‌സിന്‍ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കില്‍ പ്രതിരോധശേഷി കുറയാതെ നിലനിര്‍ത്താന്‍ പറ്റും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.