2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഭീകരതക്കെതിരേ ശക്തമായ നടപടിയില്ല

പാകിസ്താനുള്ള 300 മില്യന്‍ ഡോളര്‍ സഹായം യു.എസ് റദ്ദാക്കി

ഇസ്‌ലാമാബാദ്: ഭീകരതക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പാകിസ്താനുള്ള സഹായം വീണ്ടും അമേരിക്ക റദ്ദാക്കി. പാകിസ്താനു നല്‍കിവരുന്ന 300 മില്യന്‍ യു.എസ് ഡോളറിന്റെ സഹായം നിര്‍ത്തലാക്കുന്നതായി പെന്റഗണ്‍ അറിയിച്ചു.
സഖ്യകക്ഷി പിന്തുണ ഫണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന ധനസഹായമാണ് യു.എസ് സൈന്യം പുതുതായി റദ്ദാക്കിയത്. പെന്റഗണ്‍ വക്താവ് ലഫ്. കേണല്‍ കോനെ ഫോക്‌നര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താനു നല്‍കുന്ന പണം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന മറ്റു കാര്യങ്ങള്‍ക്കായി യു.എസ് സൈന്യം വിനിയോഗിക്കുമെന്നും ഫോക്‌നര്‍ കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ ഭീകരവാദ സംഘങ്ങളെയും വിവേചനരഹിതമായി നേരിടാന്‍ പാകിസ്താനുമേല്‍ സമ്മര്‍ദം ചെലുത്താനാണു നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാകിസ്താന്‍ അമേരിക്കയെ കബളിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയില്‍ ദശലക്ഷക്കണക്കിനു രൂപയുടെ സഹായം ട്രംപ് നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു പുതിയ നീക്കവുമെന്നാണ് അറിയുന്നത്. പെന്റഗണ്‍ തീരുമാനം യു.എസ് കോണ്‍ഗ്രസ് അംഗീകരിക്കുക കൂടി വേണം. സ്വന്തം മണ്ണില്‍ താവളമൊരുക്കി പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖല അടക്കമുള്ള ഭീകരവാദ സംഘടനകളെ തുരത്തുന്ന കാര്യത്തില്‍ പാകിസ്താന്‍ അമ്പേ പരാജയമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിമര്‍ശിച്ചു.
യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, മുതിര്‍ന്ന യു.എസ് സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് എന്നിവര്‍ പാക് സന്ദര്‍ശനത്തിനൊരുങ്ങവെയാണു പുതിയ നീക്കം. പാക് നേതാക്കളുമായി ഇരുവരും നടത്തുന്ന കൂടിക്കാഴ്ചയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.